ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍, വിശിഷ്ടാതിഥി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ സാക്ഷിയായിരിക്കെ ഭാരതസൈനിക പരേഡ് നയിച്ചത് ഒരു വനിതയായിരുന്നു. വിവിധ മേഖലകളില്‍ മഹിളകള്‍ക്ക് നമ്മുടെ രാജ്യം നല്കുന്ന മുന്‍ഗണനയും പ്രാധാന്യവും വ്യക്തമാക്കുന്ന സന്ദേശമായിരുന്നു അത്. രാജ്യസുരക്ഷയും ആഭ്യന്തര അച്ചടക്കവും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വനിതകള്‍ക്കുള്ള വിശാലവും ശക്തവുമായ പങ്കു വ്യക്തമാക്കുന്നതായിരുന്നു ആ നടപടി.
രാഷ്ട്രത്തിന്റെ സുരക്ഷ ഏറെ ഗൗരവമുള്ള വിഷയമാണ്. കര-വ്യോമ-നാവിക സേനകളാണ് രാജ്യസുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തി നിലയുറപ്പിച്ചിരിക്കുന്നത്. സൈന്യത്തിലേക്ക് സേവനം അനുഷ്ഠിക്കാനെത്തുന്നവരുടെ എണ്ണമെടുത്താല്‍ പുരുഷന്മാരാണ് കൂടുതല്‍. സൈന്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന വനിതകളുടെ എണ്ണം കുറവായിരുന്നു ഒരുകാലത്ത്. എന്നാലിന്ന് ഈ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. എങ്കിലും അവിടെയും ചില നിബന്ധനകള്‍ വനിതകള്‍ക്ക് ബാധകമായിരുന്നു. സൈന്യത്തില്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന് അനുവദിക്കപ്പെട്ടിരുന്നില്ല. എന്നാലിപ്പോള്‍ സൈന്യത്തിലെ 340 വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന് അനുമതി നല്കിയിരിക്കുന്നു.
വനിതകള്‍ക്ക് സായുധസേനയില്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ അവസരം ഒരുങ്ങുന്നത് 1990 കളുടെ തുടക്കത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്ന ശാഖയില്‍ പരമാവധി 14 വര്‍ഷം സേവനം അനുഷ്ഠിക്കുന്നതിനായിരുന്നു അനുമതി ഉണ്ടായിരുന്നത്. ഭാരതത്തിന്റെ സായുധ സേന ശക്തമാണ്. 1.3 ദശലക്ഷം പേരാണ് സായുധസേനയില്‍ സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ 60,000 ത്തോളം പേര് ഓഫീസര്‍മാരാണ്.
കരസേനയില്‍ 1,436 ഉം, നാവികസേനയില്‍ 413 ഉം, വ്യോമസേനയില്‍ 1,331 ഉം ആണ് വനിതാ പങ്കാളിത്തം. ഒട്ടനവധി നിയമ യുദ്ധങ്ങള്‍ക്കേ ശേഷമാണ് സൈന്യത്തില്‍ വനിതകള്‍ക്ക് പെര്‍മനന്റ് കമ്മീഷന് അനുവദിക്കുന്നത്. ഇത് സംബന്ധിച്ച ഏറ്റവും പുതിയ കണക്ക് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു.
എങ്കിലും സൈന്യത്തില്‍ പുരുഷനോടൊപ്പം ഒരു സ്ഥാനം വനിതകള്‍ക്ക് ഇപ്പോഴും ലഭ്യമായിട്ടില്ല.
യുദ്ധക്കപ്പലുകളില്‍ സേവനം ചെയ്യുന്നതിനോ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനോ കാലാള്പ്പട്ടാളത്തിന്റേയോ പീരങ്കപ്പടയുടേയോ ഭാഗമാകുവാന്‍ വനിതകള്‍ക്ക് ഇപ്പോഴും അനുമതിയില്ല. എന്നാല്‍ വൈകാതെ ആക്ഷനില്‍ പങ്കെടുക്കാനും വനിതകള്‍ക്ക് അവസരമൊരുങ്ങുമെന്നുതന്നെയാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: