എഴുപതുകളില്‍ സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നതു തന്നെ അപൂര്‍വ്വമാണ്. ആ കാലഘട്ടത്തില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ നിന്നും ജോലിക്ക് പോവുക തന്നെ അസാധ്യം. ഈ കാലഘട്ടത്തില്‍ പ്രതിസന്ധികളെല്ലാം അവഗണിച്ച് അദ്ധ്യാപന വൃത്തിയും ഒപ്പം കലാ ജീവിതത്തേയും ഒരുപോലെ വളര്‍ത്തിയെടുത്ത് സമൂഹത്തിനുതന്നെ മാതൃകയാവുകയാണ് അമ്മിണി ടീച്ചര്‍. മലപ്പുറം സ്വദേശിയായ അമ്മിണി തിരുവൈരാണിക്കുളം തെക്കുംഭാഗത്തേയ്ക്ക് വേളി ചെയ്ത് എത്തിയതോടെയാണ് കലാജീവിതത്തിന് തുടക്കമായതെന്ന് പറയാം. അകവൂര്‍ മനയിലെ കാര്യസ്ഥനായിരുന്ന പാണ്ടംപറമ്പത്ത് കൃഷ്ണന് ഭട്ടതിരിപ്പാടാണ് ഭര്‍ത്താവ്. അകവൂര്‍ മനയുടെ സഹായത്തോടെ അവരുടെ തന്നെ സ്കൂളിലാണ് അമ്മിണി ടീച്ചര്‍ തന്റെ അദ്ധ്യാപന വൃത്തിയ്ക്ക് തുടക്കം കുറിയ്ക്കുന്നത്.
ടിവി അത്ര പ്രചാരത്തിലില്ലാത്ത കാലത്ത് ഗ്രാമീണ വായന ശാലകളിലും അവിടുത്തെ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുകയായിരുന്നു ആളുകളുടെ ഇഷ്ട വിനോദം. ചെറുപ്പം മുതല്‍ കഥയും നോവലുകളും കവിതകളും ഏറെ ഇഷ്ടപ്പെട്ടിരുന്ന ടീച്ചര്‍ തിരുവൈരാണിക്കുളം തെക്കുംഭാഗം വായന ശാലയിലെ നിത്യ സന്ദര്‍ശകയായിരുന്നു. ഒരു വര്‍ഷം വായനശാലാ വാര്‍ഷികാഘോഷത്തിന് അവതരിപ്പിക്കേണ്ട നാടകത്തിന് നായികയുടെ വേഷം അഭിനയിക്കാന്‍ ആളെ ലഭിക്കാത്തതിനെ തുടര്‍ന്ന് തികച്ചും അവിചാരിതമായാണ് ആ അവസരം ടീച്ചറിലേക്കെത്തിയത്. പീന്നിട് ഗ്രാമീണ നാടകങ്ങളിലെ നിറസാന്നിദ്ധ്യമായി അവര്‍ മാറി. അതും പ്രതിഫലേച്ഛയൊന്നുമില്ലാതെ.
അതിനിടയിലാണ് ആകാശവാണിയില്‍ ശബ്ദാവതരണത്തിനായി ആളുകളെ എടുക്കുന്നതായി അറിഞ്ഞത്. നാടക വേദികളില്‍ അഭിനയിച്ച് പരിചയമുള്ളതിനാല്‍ അത് ടീച്ചര്‍ക്ക് കൂടുതല്‍ എളുപ്പമായി. എന്നാല്‍ ഒട്ടനവധി പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടിവന്നത്. തികച്ചും യാഥാസ്ഥിതിക കുടുംബമായതുകൊണ്ട് സ്ത്രീകള്‍ക്ക് ജോലിയ്ക്കു പോകുക തന്നെ പ്രയാസമാണ്. അപ്പോള്‍ നാടകത്തില്‍ അഭിനയിച്ചാലത്തെ കാര്യം പറയുകയും വേണ്ട. ഇച്ഛാശക്തിയും കലയോടുള്ള ഇഷ്ടവും, ഭര്‍ത്താവില്‍ നിന്നുള്ള പിന്തുണയും ലഭിച്ചപ്പോള്‍ മറ്റ് പ്രതിസന്ധികളെല്ലാംതരണം ചെയ്യാന്‍ ടീച്ചര്‍ക്കു കഴിഞ്ഞു.
നാടകാഭിനയത്തില്‍ മാത്രം ടീച്ചര്‍ ഒതുങ്ങി നില്ക്കുന്നില്ല. കവിത, കഥ, നാടക രചന എന്നീ മേഖലകളിലേക്കും ടീച്ചര്‍ വളര്‍ന്നു. ചിത്രകൂടക്കല്ല് എന്ന നാടകം കോഴിക്കോട് ആകാശവാണി നിലയത്തില്‍ രണ്ടു ദിവസമായി പ്രക്ഷേപണം നടത്തിയിരുന്നു. ശ്രോതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചത്. വീണ്ടും പ്രക്ഷേപണം ചെയ്യണമെന്ന് ആളുകളില്‍ നിന്നുള്ള ആവശ്യം ശക്തമായതിനെ തുടര്‍ന്ന് പുനഃ പ്രക്ഷേപണം ചെയ്തു. കൂടാതെ പരശുരാമന് ഒരു നിവേദ്യം എന്ന പേരില്‍ ദൂരദര്‍ശനിലെ കാവ്യസന്ധ്യയില്‍ അവതരിപ്പിച്ച കവിതയും അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തന്റെ മഴുവെറിഞ്ഞ് കേരളത്തെ സൃഷ്ടിച്ച പരശുരാമന,് ഇന്നത്തെ സമൂഹത്തില്‍ നടന്നു വരുന്ന അക്രങ്ങളും അനീതികളും ചൂണ്ടിക്കാട്ടി ഒരു കത്തെന്ന രീതിയിലാണ് അത് തയ്യാറാക്കിയത്.
നിരവധി പുരസ്കാരങ്ങളും ടീച്ചറെ തേടിയെത്തിയിട്ടുണ്ട്. കെ. എസ്. നമ്പൂതിരിയുടെ സമാവര്‍ത്തനം എന്ന നാടകത്തിലെ അഭിനയത്തിന് നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക കലാവേദിയുടെ മികച്ച കവിതയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് ടീച്ചറിന്റെ സൃഷ്ടിയായ സ്വാതന്ത്ര്യപക്ഷിയ്ക്കാണ്. ഇത്തരത്തില്‍ ഓരോന്നും എടുത്തു പറയുക തന്നെ പ്രയാസം. സാങ്കേതികവിദ്യയുടെ വളര്‍ച്ച നാടകാവിഷ്കാരത്തിലും പ്രതിഫലിച്ചിട്ടുണ്ട്. പണ്ടത്തേതിനെ അപേക്ഷിച്ച് ഇപ്പോഴത്തേതില്‍ മനുഷ്യ സമ്പത്ത് കുറഞ്ഞുവരികയാണെന്നാണ് ടീച്ചറുടെ അഭിപ്രായം. രംഗാവിഷ്കാരങ്ങള്‍ക്ക് ലൈറ്റിങ്ങും മറ്റും ഉപയോഗിക്കുന്നതിനാല്‍ നാടകത്തിന്റെ യഥാര്‍ത്ഥ പൊലിമയ്ക്ക മങ്ങലേറ്റുവെന്ന് ടീച്ചര്‍ പറയുന്നു.
കാലത്തിന്റെ കുത്തൊഴുക്കില്‍ വാര്‍ദ്ധക്യം ബാധിച്ചപ്പോഴും ടീച്ചറിലെ കലാകാരിക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല. ജീവിത പ്രശ്നങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് മോചനം നല്കുന്ന ഒന്നാണ് കല. അതിനെ സ്നേഹിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ലഭിക്കുന്ന പ്രതിഫലം മാത്രമാണ് പണമെന്നാണ് ടീച്ചര്‍ പറയുന്നത്. ഹരിദാസ്, രഘുമാധവന്‍ എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: