ഒരു പുലര്‍ച്ചെ നാലുമണിക്ക് തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്തുമ്പോള്‍ മകരമാസ ചന്ദ്രികയുടെ സ്മേരദളങ്ങള് മണ്ണിനെ പൊന്നണിയിച്ചിരുന്നു. നടവഴിയിലെങ്ങും പൂച്ചെമ്പകത്തിന്റെ പരിമളം രാത്രിയുടെ ഗന്ധമാപിനികളെ ലജ്ജാമുഖികളാക്കിയതിനൊപ്പം, വെള്ളിനാണ്യങ്ങള്‍ വാരിയെറിയുന്നതുപോലെ പുഴക്കടവില്‍ നക്ഷത്ര സുന്ദരിമാര്‍ നൃത്തം വെച്ചു. ജനുവരി തണുപ്പു പുതച്ചുറങ്ങുന്ന ക്ഷേത്രസങ്കേതം.
എണ്ണമറ്റ പുരാവൃത്തങ്ങളുടേയും പടയോട്ടങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഉപദേശം. പൊടിമഞ്ഞിന്റെ നേര്‍ത്ത ആവരണത്തിനുള്ളില്‍ പ്രാചീനത ഉടലാകാരം പൂണ്ടതുപോല് നില്ക്കുന്ന കൂറ്റന്‍ കരിങ്കല്‍ സ്തംഭങ്ങള്‍. സ്വച്ഛവും അലൗകികവുമായ അന്തരീക്ഷത്തില്‍ കരമനയാറിന്റെ കൈവഴി കടന്നെത്തുന്ന കാറ്റിന്റെ മൃദുമന്ത്രണം മാത്രം. പ്രകൃതി സുസ്മിത കാന്തി തൂവുന്ന വിസ്മയരംഗ ഭൂമിയില്‍ മനമര്‍പ്പിച്ച് ഒട്ടുനേരം നിന്നുപോയി.
പുലരിയുടെ ആഗമന കിളിനാദങ്ങള്‍ ഉണര്ന്നുയരവെ, ഒന്നിനുപിറകെ ഒന്നായി എത്തുന്ന വാഹനങ്ങളില്‍ നിന്നുമിറങ്ങിയ ആളുകള്‍ അല്‍പ്പം മുമ്പ് തുറന്ന വഴിപാടു കൗണ്ടറിനു മുന്നില്‍ ഒരു നീണ്ടനിരയായിപ്പരിണമിച്ചു. പ്രവേശന വാതിലോളം വരിനില്‍ക്കുന്ന ഭക്തരെ കടന്നു മതില്ക്കകത്തേക്ക് നീങ്ങാന്‍ നന്നെ പ്രയാസപ്പെട്ടു.
ദേവസ്വം ഗസ്റ്റ്ഹൗസില്‍ മുറിയെടുത്ത്, വില്‍പ്പനയ്ക്കായി ഇരുകൈകളിലും തോര്ത്തുമുണ്ടുകള് പ്രദര്ശിപ്പിച്ചുനിന്ന വൃദ്ധനോട് വാങ്ങിയ തോര്‍ത്ത് സ്നാനാനന്തരം പിഴിഞ്ഞുടുത്ത്, ക്ഷേത്രദര്‍ശനത്തിനുശേഷം വാല്‍ക്കിണ്ടിയില്‍ ജലം പകര്‍ന്ന് ബലിക്കല്‍പ്പുരയില്‍ ഞങ്ങള്‍ കടന്നിരുന്നു. കൗണ്ടറില്‍ നിന്നുമുള്ള അമ്പതുരൂപയുടെ ബലിതര്‍പ്പണ കൂപ്പണ്‍ വാങ്ങിവെച്ച് കര്‍മിയും സഹായികളും അവരുടെ ജോലി തുടങ്ങിക്കഴിഞ്ഞു. നാക്കിലയില്‍ എള്ളും അരളിപ്പൂവും ചന്ദനവും വെച്ചു. ദര്ഭയിലകൊണ്ടുള്ള പവിത്രവും മറ്റൊരിലയില്‍ പിണ്ഡച്ചോറും കദളിപ്പഴവും തിടുക്കത്തിലവര്‍ നിരത്തി. ഇടനാഴിപോലുള്ള നേരിയ വഴുവഴുത്ത ബലിക്കല്‍പ്പുരയില്‍ ഒരേസമയം അറുപതോളം പേര്‍ക്ക് കര്മങ്ങളനുഷ്ഠിക്കാനാവും. പുറത്ത് തങ്ങളുടെ ഊഴം കാത്ത്, ഉള്ളിലെ ബലിച്ചടങ്ങുകള്‍ വീക്ഷിച്ച് കയ്യിലെടുത്ത ഓട്ടുകിണ്ടിയിലെ ജലം തുളുമ്പിപ്പോകാതെ ശ്രദ്ധിച്ച് മണ്ഡപത്തിന്റെ ഓരോ പ്രവേശന വാതില്ക്കലും ബലിയിടാനെത്തിയവര്‍ കൂട്ടംകൂടി നിന്നു.
അവരവരുടെ പിതൃക്കളെ മനസ്സില്‍ നിരൂപിക്കാന്‍ കര്‍മിയുടെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ കീറ്റിലയുടെ മുമ്പിലിരുന്നവര്‍ പ്രാര്‍ത്ഥനയിലായി. അപ്പോഴെത്തിയ ചെറുകാറ്റില്‍ സൂര്യരശ്മിയ്ക്കൊപ്പം മൃത്യുസാഗരം കടന്നെത്തിയ ആത്മാക്കള്‍ ഉറ്റവരുടെ ഹൃദയകമലങ്ങളില്‍ വെളിച്ചപ്പെട്ടു. ഇഹലോകത്തു നിന്നകന്നുപോയ പ്രിയപ്പെട്ടവരെ നാക്കിലയുടെ അഗ്രിമസ്ഥാനത്തു കുടിയിരുത്താന്‍ ഓരോ ബലിക്കാരനും ധ്യാനത്തിലായി. വേര്‍പ്പെടുന്ന വേദനയുടെ തീവ്രതയില്‍, ഒരു വാക്കിന്റെ ഗദ്ഗദത്തില്‍, മിഴിചിമ്മലിന്റെ നിസ്സഹായതയില്‍, പിടച്ചിലിന്റെ അറുതീയില് മറഞ്ഞ ജീവന്റെ വെളിച്ചത്തെ ഓര്‍ത്ത് പലരുടേയും മിഴികള്‍ നനഞ്ഞു. ഒടുവില്‍, ബലികര്‍മങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തെ ബലിക്കല്ലില്‍ കാകബലിയര്പ്പിച്ച് ശേഷിച്ച ഭാഗം കടവിലെ ജലത്തില്‍ കമിഴ്ത്തി കൃതാര്‍ത്ഥരാകുന്ന മനുഷ്യര്‍. ദൂരെ ദേശങ്ങളില്‍നിന്നും പ്രഭാതത്തില്‍ വന്നുചേര്‍ന്നവര്‍ ഉച്ച കഴിയുന്നതോടെ മടക്ക യാത്രയ്ക്കൊരുങ്ങുന്നു. അപ്പോഴും കാണാം അടുത്തദിവസത്തെ ബലിതര്‍പ്പണത്തിനായി കാലേകൂട്ടി എത്തുന്നവരുടെ തിരക്ക്.
തിരുവല്ലം പരശുരാമസ്വാമി സന്നിധിയിലെ നിത്യക്കാഴ്ചയാണിത്. നാനൂറിലേറെപ്പേര്‍ പിതൃതര്‍പ്പണത്തിനു മാത്രമായെത്തുന്ന ദക്ഷിണ കേരളത്തിലെ മഹാക്ഷേത്രം. അമാവാസിക്കും അവധി ദിവസങ്ങളിലും ആയിരത്തിനു മുകളിലും കര്‍ക്കടക വാവിന് ലക്ഷത്തിനുമേല്‍ പിതൃഭക്തര് ഒരൊറ്റദിവസവും എത്തുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള മേജര്‍ ക്ഷേത്രം. തിരുവനന്തപുരം കോട്ടയില്‍നിന്നും കോവളം റോഡില്‍ അഞ്ചു ഫര്‍ലോങ്ങും പിന്നിട്ടാല്‍ തിരുവല്ലം ബൈപാസ് കഴിഞ്ഞ് കരമനയാറ് കടന്നാല്‍ ക്ഷേത്രകവാടം കാണാം.
ചരിത്രമുറങ്ങുന്ന വഴിത്താരകള്‍
സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പുതന്നെ പഴയ തമിഴകത്തിലെ സംഘകാല-ദ്രാവിഡ സംസ്കാര ധാരയിലെ പ്രഥമ ഗണനീയ സ്ഥാനമാണ് തിരുവല്ലത്തിനുള്ളത്. പിതൃകര്‍മങ്ങള്‍ക്ക് പ്രസിദ്ധമായ കേരളത്തിലെ മൂന്ന് സ്ഥലങ്ങളെ വില്വം-വല്ലം-നെല്ലി എന്നിങ്ങനെ ഹിന്ദുക്കള്‍ പരിഗണിച്ചുവരുന്നു. തിരുനെല്ലി, തിരുവില്വാമല, തിരുവല്ലം എന്നിവയാണത്. ഇതില്‍ തിരു+ആയ്-ഇല്ലം ആണ് തിരുവല്ലമായത്. ഇന്നത്തെ അനന്തപത്മനാഭപുരം കൊടുംകാടു മാത്രമായിരുന്ന ഒരു കാലഘട്ടത്തിനും മുമ്പ്, സംഘകാലം പുഷ്ടി പ്രാപിക്കുന്നതിനും എത്രയോ മുമ്പ് അതിന്റെ മൗലികരൂപമായ ശൈവ-ഗണ ഗോത്രാടിസ്ഥാനത്തില്‍ നിലനിന്ന സുവര്ണരാജ്യമായിരുന്ന ആയക്കുടിയുടെ ചരിത്രവും പാരമ്പര്യവുമാണ് തിരുവല്ലത്തിനുള്ളത്. ആയക്കുടി വംശാവലിയില്‍ മലയാളികള്‍ക്ക് ലഭിച്ചിട്ടുള്ള ഏകസ്ഥാനമാണ് തിരുവല്ലം. മറ്റു ഭാഗങ്ങളെല്ലാം ഇന്ന് തമിഴ്നാടിന്റെ ഭാഗമാണ്.
ക്ഷേത്രത്തിന്റെ പൗരാണികത നിരവധി ഐതിഹ്യങ്ങളിലും രേഖകളിലും വിവിധ രൂപത്തില്‍ പരന്നുകിടക്കുന്നു. ചരിത്രപരമായി നോക്കിയാല്‍ രണ്ടായിരം വര്‍ഷത്തോളം നിലനിന്ന ആയക്കുടിയില്പ്പെട്ട് ഒരു ആയ്രാജ്യമായും വില്വമംഗലം സ്വാമിയാരുടേയും ശങ്കരാചാര്യ സ്വാമികളുടേയും പറ്റി പറയപ്പെടുന്ന കഥകള്‍ പ്രകാരം ഇന്നേക്ക് ആയിരത്തി ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന മഹനീയ ധര്‍മക്ഷേത്രമാണ് ഇതെന്ന് തിരിച്ചറിയാം. പഴയ തിരുവിതാംകൂര്‍ പത്മനാഭപുരം കേന്ദ്രമാക്കി കരമനയ്ക്കും കന്യാകുമാരിക്കും ഇടയിലായിരുന്നു. ഇത് തിരുവിതാംകൂര്‍ എന്ന് പറയപ്പെടുന്നതിനുമുമ്പ് ആ വിശാലമായ ഭൂപ്രദേശവും ചെങ്കോട്ട, തെങ്കാശി, തിരുനെല്‍വേലി മുതല്‍ കന്യാകുമാരിവരെ വ്യാപിച്ച മഹാള മണ്ഡലത്തിന്റെ മുഴുവന്‍ ആസ്ഥാനമായി നിന്നത്. തമിഴകത്തിന്റെ പൈതൃകസ്തംഭങ്ങളിലൊന്നായ പൊതിയല്‍ മല (പൊതികൈമല)ആയിരുന്നു. ഇന്നത്തെ അഗത്യാര്കൂടം ഇതിന്റെ തിരുശേഷിപ്പാണ്. സംഘകാല പൂര്‍വ ജീവിതത്തിലെ ‘മാവോള്‍’മാര്‍ ഭരിച്ച പൊതിയന്‍മല ദക്ഷിണകൈലാസം എന്നു കേഴ്വി കേട്ടിരുന്നു. ഇതാണ് പില്ക്കാലം ചെങ്കോട്ട ഭരണസിരാകേന്ദ്രമായ ആയ് രാജ്യത്തിന്റെ -ആയക്കുടിയുടെ ആസ്ഥാനം. പൊതിയല്മലയില് നിന്നുത്ഭവിക്കുന്നതാണ് തമിഴകത്തിന്റെ പുണ്യവാഹിനിയായ താമ്രപര്‍ണി, കേരളത്തിന്റെ കരമനയാര്‍, കിള്ളിയാര്‍, നെയ്യാര്‍ എന്നിവ.
ആയക്കുടിയുടെ പ്രാചീനത
മഹനീയതയും ശക്തിവിശേഷങ്ങളും സാമൂഹ്യഘടനയുമുണ്ടായിരുന്ന ആയ്രാജ്യങ്ങളില് പ്രസിദ്ധനായ രാജാവ് ആണ്ടിരനായിരുന്നു. ആയ് രാജ്യത്തെ നാട്ടുരാജാക്കളെ വേള് അഥവാ വേല് എന്നാണ് വിളിച്ചിരുന്നത്. മുടമോചിയാര്‍ എന്നൊരു പഴ തമിഴ് കവി ആണ്ടിരനെ വലിയ വേല് എന്നര്‍ത്ഥം വരുന്ന ‘മാവോള്‍’ എന്നാണ് വിശേഷിപ്പിക്കുന്നത്. വേള് (ചിറ്റരയര്‍) എന്നു സംബോധന ചെയ്യപ്പെടുന്ന രാജാക്കന്മാര് പിന്നീട് സംഘകാലത്തെ അഞ്ചുമണ്ഡപങ്ങളായ തൊണ്ടെ, ചോള, ചേര, പാണ്ഡ്യ-കൊങ്ങു മണ്ഡലങ്ങളിലെ രാജാക്കന്മാരുടെ അധികാരം അംഗീകരിക്കാതെ നിലനിന്ന ഗോത്ര-ഗണങ്ങളായിരുന്നു. ചേരന്മാര് കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയായുകുന്ന താന്‍ മുമ്പായി രാജ്യത്തെ വേള് മുഖ്യന്മാരായിരുന്ന മാവോള്മാര് പ്രബലശക്തിയായിരുന്നതായി ചരിത്രപാഠങ്ങളില്‍ നമുക്ക് വായിക്കാം. എഡി രണ്ടായിരം നൂറ്റാണ്ടില്‍ കന്യാകുമാരിയും അടുത്ത പ്രദേശങ്ങളും ആയ് രാജാക്കന്മാരുടെ അധീനതയിലായിരുന്നു എന്ന് ഭാരതം സന്ദര്‍ശിച്ച വിദേശസഞ്ചാരി ടോളമി രേഖപ്പെടുത്തിയിട്ടുണ്ട്.
വേള്മുഖ്യന്മാരെ തങ്ങളുടെ അധികാരത്തിനു കീഴില്‍ കൊണ്ടുവരുവാന്‍ മുവേന്തമാര് (ചേര-ചോള-പാണ്ഡ്യന്മാര്) പല യുദ്ധങ്ങളും നടത്തി. ആയ് മുഖ്യന്മാരെ പില്ക്കാലം ഇവര്‍ കീഴ്പ്പെടുത്തുകയും അവരില്‍ ആരെയെങ്കിലും സാമന്തനായി തുടരാനനുവദിച്ചു എന്ന സൂചന സംഘകാല കൃതികളിലുണ്ട്. വേള്മാരില് പ്രധാനികളായ-കുതിരമല ആസ്ഥാനമായി വാണ അതിയമാന്‍, പൊതിയല്‍ മലയിലെ ആയ്, ഏഴിമലയിലെ നന്നന്‍, കൊല്ലിമലയിലെ ഓരി, മുള്ളൂര്‍ മലയിലെ കാരി, പറമ്പുമലയിലെ പാരി, പന്റിമലയിലെ ആവി എന്നീ ഏഴുപേരെ കീഴടക്കിയതിന്റെ സൂചനയെന്നോണം ചില ചേരരാജാക്കന്മാര് മാറില്‍ ഏഴുമുടിപ്പതക്കം അണിഞ്ഞിരുന്നു.
ചേര-പാണ്ഡ്യ-ചോള ആക്രമണങ്ങള്‍ക്കിടയിലും ആയ് വംശം ഉയര്‍ച്ച താഴ്ചകളോടെ നിലകൊണ്ടു. ഏഴാം നൂറ്റാണ്ടോടുകൂടി ആയ് മിക്കവാറും സ്വതന്ത്രമായിത്തീര്‍ന്നു. ഇക്കാലയളവിലും നെടുംചടയ പാണ്ഡ്യന് എന്നൊരു പാണ്ഡ്യരാജാവ് അന്നത്തെ ആയ് രാജാവായ കരുനന്ദടക്കന്റെ വിഴിഞ്ഞം തലസ്ഥാനമായ വേണാട് ആക്രമിച്ച് വിഴിഞ്ഞം നശിപ്പിച്ചതായി ചരിത്രം പറയുന്നു. കരുനന്ദടക്കന്‍ പ്രതാപശാലിയായ ഒരു രാജാവായിരുന്നു എന്നും എഡി 857-883 കാലഘട്ടത്തില്‍ നാടുവാണ ഇദ്ദേഹത്തിന്റെ രാജ്യാതിര്‍ത്തി വടക്ക് തൃപ്പാപ്പൂര്‍ മുതല്‍ തെക്ക് കന്യാകുമാരി വരെയായിരുന്നുവെന്ന് ചെപ്പോടുകള്‍ വ്യക്തമാക്കുന്നു. ഇതേ കരുനന്ദടക്കന്‍ മറ്റൊരു യുദ്ധത്തില്‍ വിഴിഞ്ഞം തിരികെ പിടിച്ചതായും പറയുന്നുണ്ട്. എഡി 815-862 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ശ്രീകുമാര ശ്രീവല്ലഭന് എന്ന പാണ്ഡ്യരാജാവ് വിഴിഞ്ഞവും പരിസരപ്രദേശങ്ങളുമടങ്ങുന്ന ആയ് ഇല്ലങ്ങളെല്ലാം ആക്രമിച്ച് കീഴടക്കുകയും അദ്ദേഹത്തിന്റെ അധികാരകാലത്ത് തിരു ആയ് ഇല്ലം തിരുവല്ലഭം ആയി മാറി. കാലക്രമേണ തിരുവല്ലഭം ലോപിച്ച് തിരുവല്ലം ആയി എന്നു മനസ്സിലാക്കാം.
ഇപ്രകാരം സംഘകാല ശക്തികളായ ചേര-ചോള-പാണ്ഡ്യന്മാരും പില്ക്കാലത്തു വന്ന ബൗദ്ധ-വൈഷ്ണവ-ബ്രാഹ്മണ രാജാക്കന്മാരുമെല്ലാം മാറി മാറി അധികാരത്തിലേറുകയും അവരുടെ ആസ്ഥാനങ്ങള്‍ ഇവിടങ്ങളില്‍ രൂപം കൊള്ളുകയുമുണ്ടായി. അവരുടെ അധികാര ധര്മക്ഷേത്രങ്ങള്ക്ക് കേന്ദ്രമായിരുന്ന കോവിലുകള്‍ ഇന്നത്തെ മഹാക്ഷേത്രങ്ങളായി നമ്മുടെ മുന്നില്‍ അവശേഷിക്കുകയുണ്ടായി. കരുനന്ദടക്കനെ തുടര്‍ന്ന് ബൗദ്ധമതവിശ്വാസിയായ വിക്രമാദിത്യ വരഗുണന്റെ കാലമെത്തുമ്പോള്‍ ശാസ്താവ് തിരുവല്ലത്ത് പ്രതിഷ്ഠിക്കപ്പെട്ടു. വരഗുണന്റെ കാലശേഷം ആയ് രാജ്യത്തിന്റെ സ്വതന്ത്രപദവി ഇല്ലാതാവുകയും ആയ് രാജ്യവും വേണാടും ചേര്‍ന്നുകൊണ്ടുള്ള വിശാല വേണാടിന്റെ ഭാഗമായി ഏകദേശം 9-10 നൂറ്റാണ്ടോടെ വിഴിഞ്ഞവും തിരുവല്ലവുമെല്ലാം മാറി.
നമ്പൂതിരിമാരും മാമാങ്കങ്ങളും ശങ്കരാചാര്യരുടെ രംഗപ്രവേശവും ആശയ പ്രതിഷ്ഠകളും വേണാടിന്റെ കൊല്ലത്തേക്കുള്ള തലസ്ഥാനമാറ്റവും ഇക്കാലഘട്ടത്തിലാണ്. പൊളിച്ചും നവീകരിച്ചും പുതുക്കിപ്പണിഞ്ഞുമൊക്കെയുള്ള വ്യത്യസ്തശൈലിയിലുള്ള ദേവതാസ്ഥാനങ്ങള്‍ ക്ഷേത്രത്തിനകത്തും പുറത്തുമായി രൂപം കൊണ്ടു. പത്താംശതകത്തിലെ വാസ്തുശില്‍പ്പശൈലിയില്‍ ഏതാണ്ട് അതേകാലത്തില്‍ പുനര്‍നിര്‍മിച്ചതാണ് നാമിന്നു കാണുന്ന ക്ഷേത്രസംവിധാനം.
ശൈവനായനാര്മാരുടേയും അവരുടെ രാജാക്കന്മാരുടേയും നേതൃത്വത്തില്‍ ഭക്തി പ്രസ്ഥാനം ഒരു മഹാശക്തിയായിരുന്നതിനാല് തിരുവല്ലം ശൈവ ആചാര്യന്മാരുടെ തണലില്‍ വൈഷ്ണവ ആഴ്വാന്മാരുടേയും സമവായ-സമന്വയ സ്ഥാനമായി മാറി. ഒന്നിനൊന്നു തുല്യമായി തെക്കെ ഇന്ത്യയില്‍ പ്രചരിച്ച ശൈവ-വൈഷ്ണവാധികാരത്തിന്റെ പ്രകടിതരൂപമായി ശിവനും വിഷ്ണുവിനും (പരശുരാമന്) വെവ്വേറെ കൊടിമരങ്ങളും കവാടങ്ങളും ബലിമണ്ഡപങ്ങളും തിരുവല്ലത്ത് ഉണ്ടായിവന്നു.
ശിലാലിഖിതങ്ങള്‍
എണ്ണായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള ശിലാലിഖിത സാക്ഷ്യങ്ങളുടെ തെളിച്ചത്തില്‍ അന്ന് തിരുവല്ലം ഇതേ നാമത്തില്‍ തന്നെ വേണാട്ടരചന്മാരുടെ സംരക്ഷണത്തിലുള്ള ഒരു മഹദ്സ്ഥാനമാണെന്ന് വ്യക്തമാണ്. ബ്രഹ്മാലയത്തിന്റെ പടിഞ്ഞാറേ അസ്ഥിവാരത്തില്‍ കൊല്ലവര്‍ഷം 399 ല്‍ വേണാടു രാജാവായ വീരകേരള വര്‍മ തിരുവടികളുടെ കാലത്ത് എഴുതപ്പെട്ട ഒരു രേഖയുണ്ട്. ഇതില്‍ തിരുവല്ലത്തെ മാതേവര്ക്കും (ശിവന്) തിരകേണപ്പനും ഗണപതിക്കും അത്താര തിരുവമ്യതേത്തിനും നമസ്കാരത്തിനും വേണ്ട അരിയുടെ കണക്കാണുള്ളത്. പഴയ മലയാളവും തമിഴും കൂട്ടിക്കലര്‍ന്ന പാട്ടെഴുത്തു ലിപിയിലുള്ള ഈ ലിഖിതത്തില്‍ വേണാടിന്റെ മുദ്രയും നാണയങ്ങളും പരാമര്‍ശിച്ചിരിക്കുന്നു. ബ്രഹ്മ ശ്രീകോവിലിന്റെ മുന്നിലെ മണ്ഡപത്തിന്റെ പടിഞ്ഞാറുള്ള രണ്ടാമത്തെ ലിഖിതം കൊല്ലവര്‍ഷം 412 ല്‍ നല്കിയ ഒരു ശാസനമാണ്. ഇത്, പക്ഷേ അപൂര്‍ണമാണ്.
ഐതിഹ്യപ്പെരുമ
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും നാല് ഐതിഹ്യങ്ങളാണുള്ളത്. പരശുരാമ സംബന്ധിയായവ, ശാസ്താവുമായി ബന്ധമുള്ളവ, ശങ്കരാചാര്യര്‍, വില്വമംഗലം എന്നീ ദിവ്യപുരുഷന്മാരുമായി ബന്ധമുള്ളവ. പരശുരാമനുമായി ബന്ധപ്പെട്ട് രണ്ട് ഐതിഹ്യങ്ങള്‍ ഉണ്ട്. അതിലൊന്ന് പരമേശ്വര വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അനുയോജ്യമായ സ്ഥലം അന്വേഷിച്ചിറങ്ങിയ പരശുരാമന് ഒടുവില്‍ തിരുവല്ലത്തെത്തുകയും അപ്പോഴവിടെ ശാസ്താവ് പ്രതിഷ്ഠിതനായി കണ്ട് കോപത്താല്‍ കാലുകൊണ്ട് ശാസ്താവിനെ തട്ടിയെറിയുകയും ചെയ്തുവത്രേ. തല്‍സ്ഥാനത്ത് തന്റെ കൈയിലുള്ള ശിവപ്രതിഷ്ഠ നടത്തുകയും ചെയ്തുവെന്ന് ഐതിഹ്യം പറയുന്നു.
മറ്റൊന്ന്, പരശുരാമന് സ്യമന്തപഞ്ചകത്തില്‍ തര്‍പ്പണങ്ങളും യാഗങ്ങളും നടത്തി, നാടുകള്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു ശേഷകാലം പാപപരിഹാരത്തിനായി ദീര്‍ഘകാലം തപസ്സു ചെയ്തു. പ്രധാന തീര്‍ത്ഥങ്ങളിലെല്ലാം ചെന്ന് സ്നാനതര്പ്പണങ്ങള് ചെയ്തുകൊണ്ടിരിക്കെ ഒരു കര്‍ക്കടക വാവിനു തിരുവല്ലത്തെത്തി. തിരുവല്ലം ആറ്റില്‍ കുളിച്ച് തര്‍പ്പണം ചെയ്തുവെന്നും പറയപ്പെടുന്നു.
വൈഷ്ണവ പ്രചാരത്തിനായി വിഷ്ണുക്ഷേത്രങ്ങള്‍ സ്ഥാപിക്കാനായി വില്വമംഗലം പത്മനാഭപുരത്തെത്തുകയും ക്ഷേത്രത്തിനായി അനന്തന്‍കാട് കണ്ടെത്തുകയും ചെയ്തു. ക്ഷേത്രത്തിന് ഒരു മൂലസ്ഥാനം അന്വേഷിച്ചപ്പോള്‍ അത് തിരുവല്ലത്ത് കാണുകയും ഉണ്ടായതായി പറയപ്പെടുന്നു. ശ്രാദ്ധത്തിനായി പുഴയിലെ ചെളി കോരിയെടുത്ത് പരശുരാമ പ്രതിഷ്ഠ നടത്തിയത് ശങ്കരാചാര്യസ്വാമികളായിരുന്നു എന്നതാണ് പ്രധാന ഐതിഹ്യം. ശിവസന്നിധിയായ തിരുവല്ലത്ത് ശിവശിഷ്യനായ പരശുരാമനും ബ്രഹ്മാവും വിഷ്ണുവും ഒരുപോലെ നിലകൊള്ളുന്നതു മനസ്സിലാക്കി സ്വാമികള്‍, താന്‍ പുഴക്കരയില്‍ പ്രതിഷ്ഠിച്ച മുറയ്ക്കുതന്നെ ക്ഷേത്രത്തിനുള്ളില്‍ ബ്രഹ്മാവിനേയും പരശുരാമനേയും മത്സ്യാവതാര വിഷ്ണുരൂപത്തേയും പ്രതിഷ്ഠിച്ചതായി കരുതപ്പെടുന്നു.പില്ക്കാലം തിരുവല്ലം പരശുരാമ ക്ഷേത്രമായി അറിയപ്പെട്ടു.
പൊതിയല്‍ മലയിലെ അഗസ്ത്യ കൂടത്തില്‍നിന്നും ഉത്ഭവിക്കുന്ന കരമനയാറും അതിന്റെ കൈവഴിയും പാര്‍വതി പുത്തനാറും ചേരുന്ന സ്ഥലമാണ് തിരുവല്ലം. ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ക്ഷേത്രമാണിത്. ശംഖ-ചക്ര-ഗദാ-പരശുധാരിയായി, ചതുര്‍ബാഹുവായി വിഷ്ണുവിന്റെ ആറാം അവതാരമായ ശ്രീപരശുരാമ സ്വാമി വടക്കോട്ടു ദര്‍ശനമായി നിലകൊള്ളുന്നു. ക്ഷേത്രത്തിന്റെ മുഖമണ്ഡപം തറനിരപ്പില്‍ നിന്ന് ഏതാണ്ട് മൂന്നടിക്കുമേല് താഴ്ന്നതാണ്. തുലാം മാസത്തില്‍ അത്തത്തിന് കൊടിയേറിത്തുടങ്ങി തിരുവോണത്തിന് ആറാട്ടോടെ സമാപിക്കുന്നതാണ് തിരുവല്ലത്തെ പത്തുദിവസത്തെ ഉത്സവം.
ദേശീയസ്മാരകം
തിരുവല്ലം ക്ഷേത്രത്തിന്റെ പൗരാണികതയും ചരിത്രപശ്ചാത്തലവും പരിഗണിച്ച് ഭാരതസര്‍ക്കാര്‍ പുരാവസ്തു വകുപ്പിനു കീഴിലുള്ള ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിതസ്മാരകമായി തിരുവല്ലത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവണ്മെന്റ് ശാസനം പ്രവേശന ദ്വാരത്തിലും മുഖമണ്ഡപത്തിലും നമുക്ക് വായിക്കാം. പ്രാചീന സ്മാരകങ്ങളും പുരാവസ്തു പ്രാധാന്യമുള്ള സ്ഥലങ്ങളും പുരാതന അവശിഷ്ടങ്ങളും സംബന്ധിച്ച് 1958 ലെ ആക്ട് നമ്പര്‍ 24 പ്രകാരം നൂറു മീറ്റര്‍ ചുറ്റളവിലും അതിനുപുറത്തുള്ള ഇരുന്നൂറു മീറ്റര്‍ ചുറ്റളവിലും എല്ലാവിധ ഖനന-നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചിരിക്കുന്നു. ശാസനകളുടെ പരിപാലനത്തിനായി രണ്ടുജീവനക്കാരെയും പുരാവസ്തുവകുപ്പ് ഇവിടെ നിയമിച്ചിട്ടുണ്ട്.
പുരാവൃത്തങ്ങളും പ്രാദേശിക ചരിത്രവും ഭക്തിയും ഇടകലരുന്ന തിരുവല്ലത്തിന്റെ സാംസ്കാരികധാര മറവിയുടെ കയത്തിലാണ്ടുപോകാതെ കാക്കാന്‍ സേവാഭാരതിയടക്കമുള്ള സന്നദ്ധസംഘടനകള്‍ സദാ ജാഗ്രതയിലാണ്. ഒട്ടേറെ സേവന പ്രവര്‍ത്തനങ്ങള്‍ ഹൈന്ദവ സംഘടനകള്‍ ഇവിടെ നടത്തുന്നു. നമ്മുടെ പ്രാക്തന സംസ്കൃതിയുടെ ജീവപ്രവാഹിനിയില് തന്നെ തര്‍പ്പണം നടത്താനായതിന്റെ അസുലഭ ഭാഗ്യത്തെ നമിച്ചാണ് തിരുവല്ലത്തുനിന്നും ഓരോ ഭക്തരും മടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: