തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പി. ജയരാജന് അറസ്റ്റിലാവാന് സാധ്യതയെന്ന വാര്‍ത്തകളെത്തുടര്‍ന്ന് പ്രതിരോധത്തിന് സിപിഎം രംഗത്ത്. സോഷ്യല്‍ മീഡിയകളിലൂടെയും വാള്‍പോസ്റ്ററുകളിലൂടെയും അറസ്റ്റ് പ്രതിരോധിക്കാന്‍ പാര്‍ട്ടി നേതൃത്വം പ്രചാരണം തുടങ്ങി.
സോളിഡാരിറ്റി ടു കോമ്രേഡ് പി. ജയരാജന് എന്ന പേരില്‍ രൂപം കൊടുത്ത ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെയാണ് ഭീഷണിയുടെ സ്വരത്തിലും അല്ലാതെയുമുള്ള പ്രചാരണം. കണ്ണൂരിലെ വിപ്ലവ സൂര്യനെ കല്ത്തുറുങ്കിലടയ്ക്കാമെന്ന് വ്യാമോഹിച്ചാല്‍ പിന്നെ സംഭവിക്കുന്നതിനൊന്നും തങ്ങള്‍ ഉത്തരവാദിയല്ലെന്ന ഭീഷണിയും പോസ്റ്റുകളിലൂടെ സഖാക്കള്‍ പങ്കുവയ്ക്കുന്നു. സിബിഐക്കെതിരെ ജനകീയ പ്രതിഷേധം ഉയര്‍ത്താനും ചിലര്‍ ആവശ്യപ്പെടുന്നു.
ജയരാജനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കാന്‍ ഒരു സിബിഐക്കുമാവില്ലെന്ന വാള് പോസ്റ്ററുകളും ജില്ലയിലെ പല പാര്‍ട്ടി കേന്ദ്രങ്ങളിലും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പോസ്റ്ററുകള്‍ വരും ദിവസങ്ങളില്‍ ജില്ലയിലാകമാനം ഉയര്‍ത്താനാണ് സിപിഎം തീരുമാനം. ജയരാജനെ അറസ്റ്റ് ചെയ്താല്‍ അടങ്ങിയിരിക്കില്ലെന്ന മുന്നറിയിപ്പും പോസ്റ്ററുകളിലുണ്ട്. നേതൃത്വത്തിനെതിരെ കുരുക്ക് മുറുക്കിയത്തോടെ കുടുംബ യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ സിപിഎം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: