തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഇഴയുന്നു. കൊല്ലത്തുനിന്ന് രണ്ട് വിദ്യാര്‍ഥികളെ പിടികൂടിയതൊഴിച്ചാല്‍ കേസില്‍ യാതൊരു അന്വേഷണപുരോഗതിയും ഉണ്ടായിട്ടില്ല. സിനിമ ചോര്‍ന്നത് അണിയറ പ്രവര്‍ത്തകരില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനയ്ക്ക് ഇതുവരെ അയച്ചിട്ടില്ല. ഇതിനായി അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കിയതുമില്ല. ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചാലുടന്‍ അറസ്റ്റുണ്ടാകും എന്നാണ് ആന്റി പൈറസി സെല്‍ എസ്പി നേരത്തെ അറിയിച്ചിരുന്നത്.
അന്വേഷണത്തില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായതാണ് ഇപ്പോഴുള്ള തടസത്തിന് കാരണമെന്നാണ് സൂചന. അന്വേഷണം ഇഴയുന്നതില്‍ സിനിമാ മേഖലയ്ക്കും അതൃപ്തിയുണ്ട്.
സിനിമയുടെ കോപ്പി പുറത്താക്കിയവരെ പിടികൂടാന്‍ കഴിഞ്ഞദിവസങ്ങളില്‍ പോലീസ് ശ്രമിച്ചെങ്കിലും വിവരം പുറത്തായതിനെ തുടര്‍ന്ന് അവര്‍ കടന്നുകളഞ്ഞു.
കൊല്ലത്തും കൊച്ചിയിലും പോലീസ് ഇവരെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും രണ്ടിടങ്ങളിലും നേരത്തെ വിവരം ലഭിച്ചതിനാല്‍ ഇവര്‍ മുങ്ങുകയായിരുന്നു. സിനിമാക്കാരുമായി ബന്ധമുള്ള ആളെതപ്പി കൊച്ചി നഗരത്തിലെ ചില ഫഌറ്റുകളില്‍ പോലീസ് റെയ്ഡ് നടത്തിയതല്ലാതെ ആരെയും പിടികൂടിയിട്ടില്ല. കിട്ടിയ കമ്പ്യൂട്ടറും സിഡിയുമായി സംഘം മടങ്ങി. കമ്പ്യൂട്ടറില്‍ നിന്ന് ഒരു വിവരവും ലഭിച്ചതുമില്ല. ഇതിനുശേഷം രണ്ടുതവണ കൊല്ലം കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയെങ്കിലും പരാജയപ്പെട്ടു.
പ്രേമം സിനിമയുടെ കോപ്പി പല കൂട്ടുകാരുടെയും കയ്യില്‍ ഉണ്ടായിരുന്നതായും ഇന്റര്‍നെറ്റില്‍ ഇടുകമാത്രമാണ് താന്‍ ചെയ്തതെന്നും പിടിയിലായ വിദ്യാര്‍ഥി പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ വിദ്യാര്‍ഥിക്ക് കോപ്പി നല്‍കിയവരെക്കുറിച്ചുള്ള അന്വേഷണം നടന്നില്ല. ചില ഉന്നത ഇടപെടലുകളാണ് അന്വേഷണം ഇഴയാന്‍ കാരണമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: