അക്ഷരമാലകള്‍, പ്രകൃതിദൃശ്യങ്ങള്‍, കാക്കയും പൂച്ചയും പറവയും ചിത്രങ്ങളായി ചുമരില്‍. പഴമയില്‍ നിന്ന് മറഞ്ഞുപോയിട്ടില്ലാത്ത ആമയുടേയും മുയലിന്റേയും കഥ, കാക്ക കുടത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന കഥ ഇവയും ചിത്രങ്ങളായി ചുമരില്‍ നിറഞ്ഞിരിക്കുന്നു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയായ തൊട്ടില്‍പ്പാലം ചൊത്തക്കൊല്ലി അങ്കണ്‍വാടിയിലെ ചുമരുകളില്‍- കുട്ടികളെല്ലാം വളരെ ആഹ്ലാദത്തിലാണ്. ജിജി ടീച്ചര്‍ ഇന്ന് മിഠായി കൊണ്ടുവരും. എന്തിനാണെന്നോ? ടീച്ചര്‍ക്ക് അവാര്‍ഡ് കിട്ടി. അതിന്റെ ആഴവും പരപ്പും അളക്കാന്‍ ഇവര്‍ക്കായിട്ടില്ലെങ്കിലും ടീച്ചറുടെ പ്രവൃത്തികളില്‍ ഇവരും പങ്കാളികളാണ്.
സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ മികച്ച അങ്കണ്‍വാടി ടീച്ചര്‍ക്കുള്ള അവാര്‍ഡാണ് കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ ചൊത്തകൊല്ലി അങ്കണ്‍വാടി ടീച്ചറായ കെ.പി. ജിജിയെ തേടിയെത്തിയിരിക്കുന്നത്.
രണ്ടായിരത്തില്‍ കുറ്റിയാടി ഗ്രാമപ്പഞ്ചായത്തിലെ കൂരാറ അംഗന്‍വാടിയില്‍ ആരംഭിച്ചതാണ് ജിജിയുടെ അധ്യാപക ജീവിതം. ഏഴുവര്‍ഷത്തിനുശേഷമാണ് ജിജി ചൊത്തക്കൊല്ലി അങ്കണ്വാടിയിലെത്തുന്നത്. ഇപ്പോള്‍ എട്ടുവര്‍ഷമായി ഇവിടെ. പീടികത്തിണ്ണയിലായിരുന്ന അങ്കണ്‍വാടി, ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ നിര്‍മിച്ച കെട്ടിടത്തിലേക്ക് മാറ്റിയിട്ട് ഏകദേശം രണ്ട് വര്‍ഷത്തോളമാകുന്നു. പഞ്ചായത്തിന്റെയും സിഡിഎസിന്റെയും വെല്‍ഫെയര്‍ കമ്മറ്റിയുടെയും അകമഴിഞ്ഞ സഹകരണവും ഇതിനുണ്ട്. വേതനം കൂട്ടി ലഭിക്കുന്നതിനും ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തിരക്കുകൂട്ടുന്നവര്‍ക്കിടയില്‍ ജിജി തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന തിരക്കിലായിരുന്നു.
ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുത്തിവെയ്പ്പ് ചെയ്തുവെന്ന് ഉറപ്പുവരുത്താനും അമ്മമാര്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ മുടങ്ങാതെ നടത്താനും ജിജി പ്രത്യേകം ശ്രദ്ധിച്ചു. വായനയില്‍ നിന്ന് അകന്നുപോകുന്ന സമൂഹത്തിനായി കൗമാരക്കാര്‍ക്കുള്ള ലൈബ്രറിയും സ്വന്തം അങ്കണ്‍വാടിയില്‍ ജിജി തുടങ്ങിവെച്ചു. ചുറ്റുവട്ടത്തുള്ള കൗമാരപ്രായക്കാരായ കുട്ടികള്‍ അങ്കണ്വാടിയോട് കൂടുതല്‍ അടുക്കുന്നതിനും പിഞ്ചുകുട്ടികളുമായി ചെലവഴിക്കുന്നതിനും കുട്ടികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഈ ലൈബ്രറി ഏറെ സഹായിച്ചു. കൗമാര കൂട്ടുകെട്ടുകള്‍ മാത്രമല്ല, അമ്മമാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജൈവപച്ചക്കറി കൃഷിത്തോട്ടവും ജിജിയുടെ അങ്കണവാടിയിലുണ്ട്. ചേന, പയര്‍, ചീര, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷി.
ഭര്‍ത്താവ് വേലുമ്മല് ശശിയും മകള്‍ ആമിയും ജിജിയ്ക്കൊപ്പം സഹായത്തിനുണ്ട്. ഒപ്പം രണ്ടര വയസ് മാത്രം പ്രായമുള്ള മകന് മാനവും. വേതനം ലഭിക്കുന്ന ജോലിയെന്നതിനപ്പുറവും തനിക്ക് ചിലതൊക്കെ നിര്വഹിക്കാനുണ്ടെന്നുള്ള ബോധ്യമാണ് അവാര്‍ഡിന്റെ സന്തോഷത്തേക്കാള്‍ ജിജിയുടെ മനസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: