ജോലിത്തിരക്കിനിടയില്‍ സൗന്ദര്യ സംരക്ഷണത്തിന് സമയം ലഭിക്കുന്നില്ലെന്നാണ് പലരുടേയും പരാതി. എന്നാല്‍ അല്പം ശ്രദ്ധചെലുത്തിയാല്‍ മതി ഉന്മേഷവും പ്രസരിപ്പുമെല്ലാം വീണ്ടെടുത്ത് ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയുമാവാം. ഉറക്കവും ഭക്ഷണവും സമയത്തിനാണെങ്കില്‍ തന്നെ പകുതി പ്രശ്നങ്ങള്‍ പരിഹരിക്കാം.
ഭക്ഷണത്തിനു ശേഷം ടിവി കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും കൊറിക്കുന്ന ശീലം പലര്‍ക്കുമുണ്ട് ഇങ്ങനെ വായടയ്ക്കാതെ ഓരോന്ന് കഴിക്കുന്നത് ദഹനപ്രക്രിയ തടസപ്പെടാന്‍ കാരണമാകും. എന്നാല്‍ വിശപ്പ് അനുഭവപ്പെടുകയാണങ്കില് പഴങ്ങളോ മറ്റോ കഴിക്കാം. ചിപ്സ് പോലുള്ളവ കഴിക്കുന്നത് വിശപ്പ് അകറ്റിയാലും മറ്റൊരു തരത്തില്‍ രോഗങ്ങള്‍ വിളിച്ചുവരുത്താന്‍ ഇടയാക്കും.
രാത്രി ഭക്ഷണം നേരത്തെയാക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തിന് നന്ന്. ചുരുങ്ങിയയത് ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണം പൂര്‍ണ്ണമായും ദഹിക്കുന്നതിനാണ് ഇത്.
ഭക്ഷണത്തില്‍ ഉപ്പ്, പുളി, എരിവ് എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ് അധികം കഴിക്കുന്നത് അകാലനര, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഇടയാക്കും. പുളി കൂടിയാല്‍ ചര്‍മ്മരോഗങ്ങള്‍, വിളര്‍ച്ച എന്നിവയ്ക്കും ഇടയാക്കും.
മഴക്കാലത്ത് ഉരുളക്കിഴങ്ങ്, കപ്പ, പപ്പായ, കായ തുടങ്ങിയ നീര് അധികമില്ലാത്ത ഭക്ഷണമാണ് നല്ലത്. മുതിര, വന്‍പയര്‍ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും എണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തിന് ഉന്മേഷമുണ്ടാക്കും. എണ്ണതേച്ച് പതിനഞ്ചു മിനുട്ടിനു ശേഷം കഴുകിക്കളയാം. ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതിരിക്കാനും ഇതുസഹായിക്കും.
എണ്ണ ചെറുതായൊന്ന് ചൂടാക്കിയ ശേഷമാണ് ദേഹത്ത് പുരേട്ടണ്ടത്. ശരീരത്തില്‍ എണ്ണ നന്നായി പിടിക്കാന്‍ വേണ്ടിയാണിത്. ചെറുപയര്‍പൊടിയോ കടലമാവോ ഉപയോഗിച്ച് ഇത് കഴുകിക്കളയുന്നതാണ് കൂടുതല്‍ അഭികാമ്യം. ഇവകൊണ്ട് മസാജ് ചെയ്യുന്നത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കും.
പെട്ടെന്ന് രോഷം കൊള്ളുന്നവരും ടെന്ഷനടിക്കുന്നവരുമുണ്ട്. ഈ വികാരങ്ങള്‍ ശരീര മുഖ സൗന്ദര്യത്തെയും പ്രതികൂലമായി ബാധിക്കും. അകാലനര, മുടികൊഴിച്ചില്‍ ഇങ്ങനെ പല പ്രശ്നങ്ങള്‍ക്കും ഇവ കാരണമായേക്കാം. ടെന്‍ഷന്‍മൂലം ഉറക്കവും ആഹാരവും കുറയുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. അങ്ങനെ ചര്‍മത്തിന്റെ പ്രസരിപ്പും ഓജസും കുറയും. ശരീരത്തില്‍ പെട്ടെന്ന് ചുളിവുകള്‍ വീഴാനും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: