കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ബജറ്റുപാസാക്കിയാലെല്ലാമായില്ല. ബജറ്റിനുള്ളില്‍ ചെറുചെറു ബജറ്റുകള്‍ ഉണ്ടാകണം. അതാണ് ശരിയായ ആസൂത്രണം. രാജ്യത്തിന്റെ ഒരുവര്‍ഷത്തെ ആസൂത്രണം ഓരോരോ വ്യക്തിയുടേയും ആസൂത്രണമായി മാറുമ്പോഴാണ് സമ്പൂര്‍ണ്ണ വിജയം സാധിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ ബജറ്റിനു ശേഷമാണ് വ്യക്തികളുടെ ബജറ്റ് തയ്യാറാക്കേണ്ടത്. ഇതാദ്യമായി കേന്ദ്ര സര്‍ക്കാര്‍ ബജറ്റിനുള്ളിലെ ബജറ്റ് ജനങ്ങള്‍ക്കു മുന്നില്‍ അവസരമാക്കി അവതരിപ്പിച്ചിരിക്കുന്നു. അതില്‍ യുവജനങ്ങള്‍ക്കുള്ള ബജറ്റുണ്ട്, മുതിര്‍ന്ന പൗരന്മാര്ക്കുള്ള ബജറ്റുണ്ട്, ചെറുകിട വ്യവസായ മേഖലയ്ക്കുള്ള ബജറ്റുണ്ട്, കര്‍ഷകര്‍ക്കുള്ള ബജറ്റുണ്ട്.
”ഈ ലോകത്ത് വൈവിധ്യങ്ങളായ മേഖലകള്‍ വിവിധങ്ങളായ അവസരങ്ങളാണ് നിങ്ങള്‍ക്കായി ഒരുക്കിവെച്ചിട്ടുള്ളത്. നിങ്ങള്‍ തീര്‍ച്ചയായും സധൈര്യം പരിശ്രമിയ്ക്കുക. നിങ്ങളുടെ ശക്തിയും കഴിവും സ്വപ്നങ്ങളും ദേശത്തിന്റെ സ്വപ്നങ്ങളുമായി യോജിക്കുന്നതായിരിക്കണം. നിങ്ങളുടെ വഴി കണ്ടെത്തുവാനുള്ള അവസരമായിരിക്കും ഇത്. ഇപ്പോള്‍ അവസരങ്ങള്‍ വിശാലമാണ്. പഠനവിഷയങ്ങള്‍ക്കും, പഠനാവസരങ്ങള്‍ക്കും പരിമിതിയില്ല. ആത്മവിശ്വാസത്തോടും ധൈര്യത്തോടുംകൂടി നിങ്ങള്‍ സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ച് വഴി തിരഞ്ഞെടുക്കുക. പരമ്പരാഗത മാര്‍ഗ്ഗങ്ങളിലൂടെമാത്രം സഞ്ചരിച്ച് നിങ്ങളുടെ കഴിവുകളെ എന്തിനാണ് നഷ്ടപ്പെടുത്തുന്നത്! പ്രയത്നിക്കൂ. കഴിവുകള്‍ സ്വയം തിരിച്ചറിയൂ. നിങ്ങളിലെ ഉത്തമമായ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ അവസരം ലഭിക്കുന്ന പഠനമേഖലകള്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് തിരഞ്ഞടുത്തു കൂടാ?”
വിദ്യാര്‍ത്ഥികളോടും യുവാക്കളോടുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യമാണിത്. ഭാരതത്തെ ജഗദ് ഗുരു സ്ഥാനത്ത് എത്തിക്കുവാനുള്ള നടപടികളാണ് ഓരോ ദിവസവും കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജനോപകാരപ്രദമായ കൂടുതല്‍ നടപടികള്‍ കൈക്കൊണ്ടത് മോദി സര്‍ക്കാരാണ്.
യുവാക്കളുടെ ബജറ്റ്
ലോകത്ത് ഏറ്റവും കൂടുതല്‍ ചെറുപ്പക്കാരുള്ള രാജ്യം ഭാരതമാണ്. യുവാക്കളാണ് രാഷ്ട്രത്തിന്റെ ശക്തി. ഇന്നത്തെ തലമുറയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തില്‍ അവസരങ്ങള്‍ ഏറെയാണ്. അതിനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. യുവാക്കള്‍ അവരുടെ ശക്തി തിരിച്ചറിയേണ്ടതുണ്ട്. 21-ാം നൂറ്റാണ്ട് അവസരങ്ങളുടെതാണ്. മികച്ച വിദ്യാഭ്യാസമുണ്ടെങ്കില്‍ അവസരങ്ങള്‍ നിങ്ങളെ തേടി എത്തും. കേന്ദ്രസര്‍ക്കാര്‍ യുവാക്കളുടെ കഴിവിനെ പ്രയോജനപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രമം പദ്ധതി, വിദ്യാര്‍ത്ഥികളുടെ പഠന വായ്പയും സ്കോളര്‍ഷിപ്പും സംബന്ധിച്ച സമഗ്ര പദ്ധതിയാണ്. ഇതിനു പുറമേ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി ജന്‍ ധന് യോജനയില്‍ ബാങ്ക് അക്കൗണ്ടെടുത്ത് വിദ്യാഭ്യാസ സഹായങ്ങള്‍ നേരിട്ടു നേടാം.
ഐഐടി, എയിംസ് പോലുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കാനുള്ള പദ്ധതി സര്‍ക്കാരിന്റെ മികച്ച കാല്‍വെയ്പ്പാണ്. പ്രത്യേക വൈദഗ്ദ്ധ്യ വിദ്യാഭ്യാസം എല്ലാവര്ക്കും ലഭ്യമാക്കാന്‍ നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്പെഷ്യലൈസ്ഡ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ആരംഭിച്ചതും ആസൂത്രണത്തോടെയാണ്. വിദ്യാര്‍ത്ഥികള്‍ക്കു വിഷയങ്ങള്‍ ഇഷ്ടാനുസരണം മാറാന്‍ ക്രഡിറ്റ് ഇക്വിലന്റ് ട്രാന്‍സ്ഫര്‍ സിസ്റ്റം കൊണ്ടുവന്നു.
അപ്രന്റീസ്ഷിപ് ആക്ടില്‍ ഭേദഗതി വരുത്തിയതുവഴി തൊഴില്‍ പരിശീലന അവസരം കൂടി. വിസ അപേക്ഷയില്‍ ഡിപ്ലോമയും പരിഗണിക്കുന്നു. ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന വഴിയുള്ള പഠന സഹായങ്ങള്‍ ലഭ്യമാക്കുന്നു. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നയീ മന്‍സില്‍ പദ്ധതി അവതരിപ്പിക്കുന്നു.
കായികരംഗത്ത്, തൊഴില്‍ രംഗത്ത്, സാമൂഹ്യ സുരക്ഷാ രംഗത്ത് എല്ലാം യുവാക്കള്‍ക്കു വേണ്ടിയുള്ള ആസൂത്രണങ്ങള്‍ ഏറെയാണ്. മേക് ഇന്‍ ഇന്ത്യ, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം, സ്റ്റാര്‍ട്ടപ് ബിസിനസുകള്‍, മുദ്ര (ചെറുകിട അതിസൂക്ഷ്മ യൂണിറ്റുകളുടെ വികസനം) ബാങ്ക് എന്നിവ വമ്പിച്ച സംരംഭങ്ങളാണ്. ഈ സര്‍ക്കാര്‍ ആസൂത്രണങ്ങളുടെ ഭാഗമായി അവയുടെ ഗുണഭോക്താക്കളാകാനുള്ള ആസൂത്രണമാണ് യുവാക്കള്‍ നടത്തേണ്ടത്. അതിന് മൈ ഗവ് എന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ പ്രവേശിക്കുകയേ വേണ്ടൂ.
മുതിര്‍ന്നവരുടെ ബജറ്റ്
മുതിര്‍ന്നവരെ മാനിക്കുകയും സേവിക്കുകയും ചെയ്യാത്ത ജീവിതം അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവുകൂടിയാണ് ഭാരതീയത. അതറിയാവുന്നവരും അങ്ങനെ അനുശീലിക്കുന്നവരും സര്‍ക്കാരിനെ നയിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കു വേണ്ടിയും ബജറ്റില്‍ കരുതലുണ്ടാകും. അവരുടെ ബജറ്റിന്മേല് കൂടുതല്‍ ആസൂത്രണം നടത്തും.
വാര്‍ദ്ധക്യത്തില്‍ സാമ്പത്തികമായി അവശതയനുഭവിക്കുന്നവര്ക്കുവേണ്ടിയുള്ള ബൃഹത് പദ്ധതിയാണ് മോദി അടല്‍ പെന്ഷന് യോജന (എപിവൈ). വാര്‍ദ്ധക്യത്തില്‍ സാമ്പത്തിക അവശതയ്ക്കൊരു പരിഹാരം. ജോലി ചെയ്യാനാകാത്ത അവസ്ഥയില്‍ കൈത്താങ്ങാകും എപിവൈ. പ്രതിമാസ പെന്ഷന് നല്കുന്നു ഇതിലൂടെ. 18-40 വയസുകള്‍ക്കിടയിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടുകാര്‍ക്ക് പദ്ധതിയില്‍ അംഗമാകാം. അടയ്ക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ 60 വയസിനു ശേഷം പെന്ഷന് ലഭിക്കും.
ചുരുങ്ങിയ സമയത്തിനുള്ളില്‍ 10 കോടിയിലധികം ജനങ്ങള്‍ ഈ പദ്ധതികളില്‍ അംഗങ്ങളായി, പങ്കാളികളായി. സാമൂഹ്യസുരക്ഷാ മേഖലയിലെ പ്രധാന ചുവടുവയ്പാണിത്.
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവര്‍ക്കായി സീനിയര്‍ സിറ്റിസണ്‍ വെല്‍ഫെയര്‍ ഫണ്ട് പദ്ധതിയും സര്‍ക്കാരിന്റേതായുണ്ട്. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രതിമാസം ഒരു രൂപ ഈടാക്കുന്ന, രണ്ടുലക്ഷം രൂപവരെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ്. വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കുള്ള നികുതിയിളവു പ്രഖ്യാപനം വൃദ്ധജനങ്ങള്‍ക്കുള്ള സേവനമാണ്.
തൊഴിലാളികളുടെ ബജറ്റ്
രാഷ്ട്രത്തിന്റെ അനവധി ആവശ്യങ്ങള്‍ സാക്ഷാത്കരിക്കുന്നത് തൊഴിലാളികളിലൂടെയാണ്. വിയര്‍പ്പിലൂടെയും പ്രയത്നത്തിലൂടെയും നിങ്ങള്‍ രാഷ്ട്രനിര്‍മ്മാണം നടത്തുന്നു. ശാരീരികമായ അധ്വാനത്തിലൂടെയും വൈദഗ്ധ്യത്തിലൂടെയും സാമ്പത്തിക മേഖലയ്ക്ക് പിന്‍ബലമേകുന്നു. എന്നിട്ടും പലപ്പോഴും വൈറ്റ് കോളര്‍ ജോലികള്‍ക്കു ലഭിക്കുന്ന ബഹുമാനം പലപ്പോഴും അവര്‍ക്കു കിട്ടുന്നില്ല. മിക്കപ്പോഴും നിരാശാജനകമായ തൊഴില്‍ സാഹചര്യങ്ങളിലും അരക്ഷിതമായ സാമൂഹിക അവസ്ഥകളിലുംപ്പെട്ട് ഉഴറുന്നു. അതുപോലെ തന്നെ മാറുന്ന കാലത്തിനൊപ്പം നില്ക്കാന് പാകത്തില്‍ കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള വേദികളും കുറവാണ്. ഈ ലക്ഷ്യത്തില്‍ തൊഴിലാളി സഹായകമായി ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാരിനുണ്ട്.
പത്രം വില്ക്കുന്നവര്, പാല്ക്കാര്, അലക്കുജോലിക്കാര്‍, നെയ്ത്തുകാര്‍, കരകൗശലക്കാര്‍, പൂവില്‍പ്പനക്കാര്‍… ഇവരെല്ലാം നമ്മുടെ നാടിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇവര്‍ക്കെല്ലാം സ്വന്തം കച്ചവട സംവിധാനങ്ങള്‍ക്കു സര്‍ക്കാര്‍ സഹായ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. അവ സ്വായത്തമാക്കാന്‍ വേണ്ടത് സ്വന്തം ആസൂത്രണം മാത്രമാണ്. പിന്നാക്ക വിഭാഗത്തില്‍ പെടുന്ന 10-12 കോടിയോളം വരുന്നുണ്ട് ഇക്കൂട്ടര്‍. ഇവര്‍ക്ക് സഹായങ്ങള്കിട്ടാന് നിലവില്‍ ഉദ്യോഗസ്ഥരുണ്ടാക്കിക്കൊണ്ടിരുന്ന എല്ലാ കടമ്പകളും മറികടക്കുന്ന സംവിധാനമാണ് സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. മുദ്രാബാങ്ക് സംവിധാനം ഇവര്‍ക്കും ഗുണകരമാണ്. സമ്പൂര്‍ണ്ണ സമയം ഇടതടവില്ലാതെ ഇവര്‍ക്കും വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതി വമ്പിച്ച സംരംഭമാണ്. ഈ സഹായങ്ങള്‍ ലഭ്യമാകാന്‍ സര്‍ക്കാരിലേക്ക് ചെല്ലുകയേ വേണ്ടൂ.
എംപ്ലോയ്മെന്റ് പെന്ഷന് പദ്ധതി പ്രകാരമുള്ള മിനിമം പെന്ഷന് 1000 ആക്കി ഉയര്‍ത്തി. ആയിരത്തിനു താഴെ പെന്ഷന് ലഭിച്ചുകൊണ്ടിരുന്ന എല്ലാവര്ക്കും അതിന്റെ ആനുകൂല്യം ഉടന്‍ ലഭിക്കും. 8.8 കോടി അംഗങ്ങളും 44 ലക്ഷം പെന്‍ഷന്‍കാരുമുള്ള പദ്ധതിയിലെ 71 ശതമാനംപേരും ഭാവിയില്‍ അതിന്റെ ഗുണഭോക്താക്കളാകും. അതിലുപരിയായി ഇപിഎഫ് പദ്ധതിയിലുള്ളവര്ക്കെല്ലാം യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പരുകള്‍ നല്കി. ഇതിലൂടെ ജോലിക്ക് അനുയോജ്യമായി അക്കൗണ്ട് മാറാനും അതിലൂടെ മുമ്പുണ്ടായിരുന്ന സാങ്കേതികമായ പ്രശ്നങ്ങളില്‍ നിന്നു ഒഴിവാകാനും സാധിക്കും.
ഇപിഎഫിനു പകരം തിരഞ്ഞെടുക്കാന്‍ ന്യൂ പെന്ഷന് സ്കീം എന്ന മറ്റൊരു പദ്ധതിയും ആവിഷ്കരിച്ചു. ഇഎസ്ഐക്കു പകരം ഏതു ആരോഗ്യ പരിരക്ഷാ പദ്ധതി വേണമെങ്കിലും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്കി. എല്ലാത്തിനുമുപരിയായി രാജ്യത്ത പൗരന്മാര്ക്കെല്ലാം പ്രധാനമന്ത്രി ജന്‍ ധന് യോജനാ പദ്ധതി പ്രകാരം ബാങ്ക് അക്കൗണ്ടുകളും ലഭ്യമാക്കി.
കര്‍ഷകരുടെ ബജറ്റ്
ഗ്രാമങ്ങളിലാണ് രാജ്യത്തിന്റെ ജീവനും ഗ്രാമത്തിന്റെ പുരോഗതിയുമെന്ന ഗാന്ധിജിയുടേയും ദീനദയാല്‍ജിയുടേയും സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. കാര്‍ഷിക രംഗത്ത് വളര്‍ച്ച കൈവരിക്കാന്‍ നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതില്‍ പ്രധാന പദ്ധതികളാണ് പ്രധാനമന്ത്രി ഗ്രാമ സിന്‍ചായി എന്ന ജലസേചന പദ്ധതിയും പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയും. മണ്ണിനെ ജലസമൃദ്ധമാക്കി കര്‍ഷകരുടെ കണ്ണീരൊപ്പുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനും നീക്കമുണ്ട്. ഇതിനോടനുബന്ധിച്ച് വിളവെടുപ്പും വിവിധ തരത്തിലുള്ള വിളകളെ കുറിച്ചുള്ള അവബോധവും മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നല്‍കും.
2019 ഓടെ ഗ്രാമങ്ങളെ സമ്പൂര്‍ണ വികസന വഴിയിലേക്ക് എത്തിക്കുകയെന്ന മോദിയുടെ സ്വപ്ന പദ്ധതിയാണ് പ്രധാനമന്ത്രി സന്‍സദ് ആദര്‍ശ് ഗ്രാമ യോജന. ഓരോ എംപിയും തങ്ങളുടെ നിയോജക മണ്ഡലത്തിലെ ഒരു ഗ്രാമം ദത്തെടുത്ത് വികസനത്തിന് കളമൊരുക്കുകയാണതിന്റെ അന്തസ്സത്ത. ഇതിനായി പ്രത്യേക ഫണ്ടും സര്‍ക്കാര്‍ നല്‍കും.
കര്‍ഷകര്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ കിസാന്‍ എന്ന പുതിയ ചാനലിന് രൂപം നല്കി. 24 മണിക്കൂറും സംപ്രേഷണം നടത്തുന്ന ചാനലില്‍ കൃഷിയുമായി ബന്ധപ്പെട്ട പരിപാടികളാണ്. കാലാവസ്ഥാ മാറ്റവും ആഗോള വിപണിയിലെ സാധ്യതകളും കര്‍ഷകരെ അറിയിക്കാന്‍ ഈ ചാനല്സഹായിക്കും.
കര്‍ഷകക്ഷേമ പദ്ധതികള്‍ ഈ സര്‍ക്കാരിന്റേതായി ഒട്ടേറെയുണ്ട്. ഇപ്പോള്‍ ജൈവകൃഷി പ്രോത്സാഹന പദ്ധതിയും, അതേ സമയം വമ്പന്‍ കമ്പനികള്‍ക്കു കിട്ടിക്കൊണ്ടിരുന്ന യൂറിയ സബ്സിഡി നേരിട്ടു കര്‍ഷകര്‍ക്കു ലഭ്യമാക്കുന്നതുമുള്പ്പെടെ ഒട്ടേറെ പദ്ധതികള്‍. അവ കര്ഷകര്ക്കറിയാനുള്ള മാര്‍ഗ്ഗങ്ങളും. കാര്‍ഷിക ബജറ്റു മാത്രമല്ല, അതു കര്‍ഷകര്‍ ഓരോരുത്തര്‍ക്കും ആസൂത്രണം ചെയ്യാനുള്ള സൂക്ഷ്മ ബജറ്റും സര്‍ക്കാരിനുണ്ട്. അത് വിനിയോഗിക്കണമെന്നു മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: