തിരുവനന്തപുരം: പ്രേമം വ്യാജപതിപ്പ് സംഭവത്തില്‍ സെന്‍സര്‍ ബോര്‍ഡും ആന്റി പൈറസി സെല്ലുമായുള്ള ഉരസലിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച് സെന്‍സറിംഗ് നടപടികള്‍ താല്‍ക്കാലികമായി പുനരാരാംഭിക്കാന്‍ ധാരണ. മൂന്ന് റംസാന് ചിത്രങ്ങളുടെ സെന്‍സറിംഗ് അനിശ്ചിതത്വത്തിലായതിനെത്തുടര്‍ന്ന് കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് മൂന്ന് ചിത്രങ്ങളുടെ മാത്രം സെന്‍സറിംഗ് അനുമതി നല്കാന് ധാരണയായത്. മധുരനാരങ്ങ, കെഎല്‍ 10, ലവ് 24 ഃ 7 എന്നീ ചിത്രങ്ങളുടെ സെന്‍സറിംഗ് ഇന്ന് നടക്കും. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ സെന്‍സറിംഗ് പുനഃരാരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ആന്റി പൈറസി സെല്ലിന്റെ നടപടി ക്രമങ്ങള്‍ ലംഘിച്ചുള്ള പരിശോധനകളാണ് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ബോര്‍ഡ് അധികൃതരെ സെന്‍സറിംഗ് നിര്‍ത്താന്‍ പ്രേരിപ്പിച്ചത്. പ്രേമം സിനിമയുടെ ഡിവിഡി നല്‍കണമെന്ന് ആന്റി പൈറസി സെല്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കേന്ദ്ര അനുമതിയില്ലാതെ നല്‍കാനാവില്ലെന്ന് സെന്‍സര്‍ബോര്‍ഡ് നിലപാടെടുത്തിരുന്നു.
ഇതേത്തുടര്‍ന്ന് ആന്റിപൈറസി സെല്‍ സെര്‍ച്ച് വാറണ്ടുമായി എത്തിയെങ്കിലും വഴങ്ങിയില്ല. സെന്‍സര്‍ ബോര്‍ഡിന്റെ മുംബൈ ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശം ഡിവിഡി കോടതിയില്‍ ഹാജരാക്കുക എന്നതായിരുന്നു.
അല്ലാത്ത പക്ഷം കൈമാറുകയാണെങ്കില്‍ നിര്‍മ്മാതാവിന്റെ സാന്നിധ്യത്തില്‍ കൈമാറുക, കൈമാറുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ രേഖപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ചിത്രാഞ്ജലിയില്‍ റീജിണല്‍ ഓഫീസര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ ആന്റി പൈറസി സെല്‍ കോടതി ഉത്തരവുമായെത്തി ഡിവിഡി പിടിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചിത്രാഞ്ജലിയിലെ ആന്റി പൈറസി സെല്‍ അതിക്രമവും ഡിവിഡികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ കേന്ദ്രാവാര്ത്താ വിനിമയ മന്ത്രാലയത്തിന് കത്ത് നല്കി.
ഡിവിഡികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ക്യാമറകള്‍ സ്ഥാപിക്കുക, കൂടുതല്‍ ശക്തമായ ലോക്കര്‍ സംവിധാനം ഏര്‍പ്പെടുത്തുക, നിര്‍മ്മാതാക്കളില്‍ നിന്നും ലഭിക്കുന്ന ഡിവിഡികള്‍ എന്‍കോഡ് ചെയ്തശേഷം സെന്‍സര്‍ബോര്‍ഡ് അധികൃതര്‍ക്ക് മാത്രം ഡീകോഡ് ചെയ്തെടുക്കാനുള്ള സംവിധാനം സജ്ജമാക്കുക തുടങ്ങിയ സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രാഞ്ജലിയിലേക്ക് അന്യര്‍ പ്രവേശിക്കുന്നതിന് കര്‍ശനം നിയന്ത്രണമേര്പ്പെടുത്താമെന്ന് കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താനും ഉറപ്പുനല്‍കി.
എന്നാല്‍ ചിത്രാഞ്ജലിയില്‍ വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന സെന്‍സര്‍ ഓഫീസിലെ സുരക്ഷ കേന്ദ്രം തന്നെ ഒരുക്കുണമെന്നും കെഎസ്എഫ്ഡിസി അറിയിച്ചു. സുരക്ഷയുടെ കാര്യത്തിലും ആന്റ് പൈറസി സെല്‍ അധികൃതര്‍ എടുത്ത നിലപാടും സംബന്ധിച്ച് കേന്ദ്രവാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിലപാട് അറിഞ്ഞശേഷം മതി മറ്റ് ചിത്രങ്ങളുടെ സെന്‍സറിംഗ് എന്ന നിലപാടിലാണ് റീജിണല്‍ സെന്‍സര്‍ബോര്‍ഡ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: