ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന് റോയല്‍സ് എന്നീ ടീമുകള്‍ക്ക് രണ്ടുവര്‍ഷത്തെ വിലക്ക്. ചെന്നൈ ടീമുടമയും ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസിന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്, രാജസ്ഥാന് ഉടമ രാജ് കുന്ദ്ര എന്നിവര്‍ക്ക് ക്രിക്കറ്റുമായി ബന്ധപ്പെടുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്തി. ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ സുപ്രീംകോടതി നിയമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ആര്.എം ലോധയുടെ നേതൃത്വത്തിലുള്ള സമിതിയുടെതാണ് ഉത്തരവ്. സമിതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ പോകാനാവില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയതിനാല്‍ വിധി അംഗീകരിക്കുകയല്ലാതെ കുറ്റക്കാര്‍ക്ക് മുന്നില്‍ മറ്റുവഴികളില്ല.
പണാധിപത്യത്തിന്റെ കീഴില്‍ കഴിയുന്ന രാജ്യത്തെ ക്രിക്കറ്റ് രംഗത്തിന്റെ ശുദ്ധീകരണത്തിന് തുടക്കമിടുന്നതാണ് ജസ്റ്റിസ് ആര്.എം ലോധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയുടെ വിധി. വാതുവെയ്പ്പുകാര്‍ ക്രിക്കറ്റിനുണ്ടാക്കിയ അപമാനം കണക്കിലെടുത്താല്‍ നല്കിയ ശിക്ഷ കുറവാണെന്ന് ജസ്റ്റിസ് ആര്. എം ലോധ വിധിപ്രസ്താവത്തില്‍ പറഞ്ഞു. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ഇടപെടാനാവില്ലെന്നും ഇരുവരുടേയും ടീമിനെ രണ്ടുവര്‍ഷത്തേക്ക് വിലക്കുകയാണെന്നും വിധിച്ചതോടൊപ്പം രണ്ടുവര്‍ഷം കഴിഞ്ഞാലും ഇരുവര്‍ക്കും ടീമിന്റെ ഉടമസ്ഥതയിലേക്ക് തിരികെ എത്താനാവില്ലെന്നും സമിതി വ്യക്തമാക്കി.
ക്രിക്കറ്റിനോട് എന്തെങ്കിലും അഭിനിവേശം മെയ്യപ്പനുണ്ടായിരുന്നതായി കണക്കാക്കാനാകുന്നില്ല. ക്രിക്കറ്റിനെ ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നെങ്കില്‍ വാതുവെയ്പ്പ് നടത്താന്‍ ഇരുവരും തയ്യാറാവില്ലായിരുന്നെന്ന് സമിതി വിലയിരുത്തി. ക്രിക്കറ്റിനെ ഒരു വികാരമായി കാണുന്ന കോടിക്കണക്കിന് ജനങ്ങളെയാണ് വാതുവെപ്പ് നടത്തിയതു വഴി ഇവര്‍ വഞ്ചിച്ചത്. ബിസിസിഐയുടെ ഐപിഎല്‍ ചട്ടങ്ങളും ഇരുവരും ലംഘിച്ചു.
വാതുവെയ്പ്പ് നടന്നതായി അറിഞ്ഞിട്ടും ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കാന്‍ ടീമുടമകളായ ഇന്ത്യാ സിമന്റ്സ് ലിമിറ്റഡും ജയ്പൂര്‍ ഐപിഎല്‍ ക്രിക്കറ്റ് കമ്പനിയും തയ്യാറായില്ലെന്നും ടീമുകളുടെ വിലക്ക് വിധി വന്നതോടെ പ്രാബല്യത്തിലായെന്നും ജസ്റ്റിസ് ആര്.എം ലോധ പറഞ്ഞു.
ഐപിഎല്‍ മുന്‍ സിഇഒ സുന്ദര്‍റാമിനെതിരായ അന്വേഷണം തുടരുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ചശേഷം ശിക്ഷ പ്രഖ്യാപിക്കുമെന്നും സമിതി പറഞ്ഞു. ബിസിസിഐയുടെ ചട്ടങ്ങളില്‍ വരുത്തേണ്ട ഭേദഗതികള്‍ സംബന്ധിച്ച തീരുമാനവും അന്തിമ ഘട്ടത്തിലാണെന്നും ലോധ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ വാതുവെയ്പ്പ് അന്വേഷിച്ച മുകുള്‍ മുദ്ഗല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ പ്രഖ്യാപിക്കാന്‍ 2015 ജനുവരി 22നാണ് സുപ്രീംകോടതി, ജസ്റ്റിസ് ആര്‍എം ലോധ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയത്. മുന്‍ ജസ്റ്റിസുമാരായ അശോക് ഭാന്‍, ആര്. രവീന്ദ്രന് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: