കൊച്ചി: അബോധാവസ്ഥയില്‍ വഴിവക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തൊഴിലാളിയുടെ ചികിത്സക്ക് ഇഎസ്ഐ ആനുകൂല്യങ്ങള്‍ അടിയന്തരമായി അനുവദിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ്. ജെ.ബി. കോശി.ഇഎസ്ഐ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റില്ലാതെ സ്വകാര്യാശുപത്രിയില്‍ ചികിത്സ നടത്തിയാല്‍ ചികിത്സാ സഹായം നല്‍കില്ലെന്നാണ് ഇഎസ്ഐയുടെ നിലപാട്.
ജൂലൈ 6 ന് ഉച്ചയ്ക്ക് രണ്ടരക്ക് കൊച്ചിന് റിഫൈനറിയിലെ ജോലികഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തിലാണ് ചേര്‍ത്തല പള്ളിപ്പുറം ശോഭാലയത്തില്‍ സി. പ്രഭാകരന് നായര്‍ക്ക് (59) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. നാട്ടുകാരാണ് അബോധാവസ്ഥയില്‍ കിടന്ന പ്രഭാകരന് നായരെ തൊട്ടടുത്ത ലേക്ഷോര് ആശുപത്രിയിലെത്തിച്ചത്. ഇപ്പോഴും അദ്ദേഹം അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഭാര്യയും മകനും ധനസഹായത്തിനായി ഇ എസ് ഐ കോര്‍പ്പറേഷനെ സമീപിച്ചപ്പോള്‍ ഏതെങ്കിലും ഇഎസ്ഐ ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിക്കാനായിരുന്നു ഉപദേശം.
എന്നാല്‍ അബോധാവസ്ഥയിലുള്ള രോഗിയെ ആശുപത്രിയില്‍ നിന്നും മാറ്റാനാവില്ലെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കമ്മീഷനെ അറിയിച്ചു. എങ്കില്‍ ജീവന് അപകടത്തിലാവും. കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ആശുപത്രിയില്‍ നേരിട്ടെത്തി സ്ഥിതിഗതി വിലയിരുത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ നിര്‍ദ്ദന കുടുംബത്തിന് ചികിത്സാ ചെലവ് താങ്ങാനാവില്ല.
ഇ എസ് ഐ ഇന്‍സ്പെക്ടറോ ഡോക്ടറോ ആശുപത്രിയിലെത്തി രോഗാവസ്ഥ നേരില്‍ ബോധ്യപ്പെടണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചു. ഇ എസ് ഐ യുടെ ഉദ്ദേശ്യലക്ഷ്യം അംഗങ്ങളെ സഹായിക്കലാണെന്നും കമ്മീഷന് വിലയിരുത്തി. സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കാനുള്ളതല്ല പാവപ്പെട്ടവന്റെ ചികിത്സാ സഹായം. സ്വന്തം ജീവനക്കാരുടെ വളര്‍ച്ച മാത്രമാകരുത് ഇഎസ്ഐ കോര്‍പ്പറേഷന്റെ ലക്ഷ്യമെന്നും നപടിക്രമത്തില് പറയുന്നു. നിയമം വ്യാഖ്യാനിച്ച് സഹായം നിഷേധിക്കുന്നത് ക്രൂരമാണെന്നും ജസ്റ്റിസ് ജെ.ബി. കോശി ചൂണ്ടിക്കാട്ടി.
സംഭവം സംബന്ധിച്ച് ഇഎസ്ഐ തൃശൂര്‍ റീജിയണല്‍ ഡയറക്ടറും കലൂര്‍ ഇഎസ്ഐ സൂപ്രണ്ടും ആഗസ്റ്റ് 25 ന് എറണാകുളം കളക്ടറേറ്റില്‍ നടക്കുന്ന കമ്മീഷന് സിറ്റിംഗില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്നും കമ്മീഷന് അടിയന്തര സന്ദേശത്തില്‍ നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: