നാഴിക്കു മുകളില്‍ നാരി കയറിയാല്‍ നാടു മുടിയുമെന്നു പഴഞ്ചൊല്ല്. അതു തിരുത്തി, തെങ്ങില്‍ കയറിക്കൊണ്ടുള്ള വിപ്ലവത്തിനു സ്ത്രീകള്‍ മുന്നിട്ടിറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ഇന്ന് മരങ്ങാട്ടുപള്ളിക്കാരികള് മാത്രമല്ല മരത്തിനു മുകളില്‍. ഇപ്പോള്‍ ഇതാ പുതിയ ആഴങ്ങളിലേക്കിറങ്ങുകയാണ് പെണ്‍കരുത്ത്. കിണറ്റില്‍ വെള്ളം കാണുന്നതുവരെ കുഴിയ്ക്കാന്‍ വളയിട്ടകൈകള്‍ ഇവിടെതയ്യാര്.
സ്ത്രീകളെ എഴയല്‍പ്പക്കത്ത് അടുപ്പിക്കാതിരുന്ന നാട്ടിലാണിക്കഥ. കിണറുകുഴിച്ച് ഗ്രാമത്തിന് കുടിനീരേകുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയാണ് തൊഴിലുറപ്പ് മേഖലയിലെ സ്ത്രീതൊഴിലാളികള്‍. ആദ്യം കിണറ്റിലിറങ്ങിയത് കൊട്ടാരക്കര കോട്ടാത്തല പതിമൂന്നാം വാര്‍ഡിലെ തൊഴിലുറപ്പു തൊഴിലാളികളാണ്. വൈദഗ്ധ്യം വേണ്ട ഒരു മേഖലയാണിത്. കുഴിയ്ക്ക് ആഴം കൂടുന്തോറും വ്യാസം ക്രമീകരിയ്ക്കാനും നിശ്ചിത അളവില്‍ തൊടി നിര്‍മിയ്ക്കാനും മറ്റും ഇരുത്തം വന്നവര്‍ക്കേ കഴിയൂ. എന്നാല്‍ അസാധ്യമായി ഒന്നുമില്ലന്ന് പ്രഖ്യാപിച്ച് ഇവര്‍ നിര്‍മാണ സാമഗ്രികളുമായി രംഗത്തിറങ്ങിയപ്പോള്‍ പെണ്ണൊരുമ്പെട്ടാല്‍ എന്ന ചൊല്ലിന് നല്ല അര്‍ത്ഥം പിന്നെയും പിറക്കുകയായിരുന്നു. ഇതിനകം മൂന്നു കിണറുകള്‍ നിര്‍മിച്ച് കുടിനീരേകിയ ഇവര്‍ പന്ത്രണ്ടോളം കക്കൂസ് കുഴികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പുല്ലുചെത്തലും ഓടതെളിക്കലുമായി പലയിടത്തും തൊഴിലുറപ്പു പദ്ധതി കടലാസ്സില്‍ ഒതുങ്ങുമ്പോള്‍ നാടിനും നാട്ടുകാര്‍ക്കും പ്രയോജനപ്രദമായി അധ്വാനത്തെ വഴിതിരിച്ചുവിട്ടുകൊണ്ടാണ് കൊല്ലം ജില്ലയിലെ കോട്ടാത്തല കുണ്ടറക്കുന്ന് കോളനിയില്‍ കിണര്‍ നിര്‍മാണത്തിനു തുടക്കമിട്ടത്. കിണര്‍ നിര്‍മ്മാണവും കിണറിനുള്ളില്‍ ഇറങ്ങുന്നതും സാഹസികമായി കണ്ടിരുന്നവര്‍ ആദ്യം ഒന്നമ്പരന്നെങ്കിലും പുരുഷന്മാരെ വെല്ലുംവിധമാണ് ഇപ്പോള്‍ കിണര്‍ നിര്‍മ്മിക്കുന്നത്.
കിണര്വെട്ടുന്നതിനെക്കുറിച്ച് ഒരു രൂപവുമില്ലാതിരുന്ന ഇവര്‍ക്ക് ഈ മേഖലയിലെ വിദഗ്ധ തൊഴിലാളികള്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. കിണര്‍ ആഴത്തിലേക്ക് എത്തുമ്പോള്‍ ഇറങ്ങാന്‍ ഭയന്നിരുന്നവര്‍ക്ക് ആദ്യ സമയങ്ങളില്‍ ഏണിയായിരുന്നു ആശ്രയം. എന്നാല്‍ ഇന്നിപ്പോള്‍ ഏണിയുടെ സഹായമില്ലാതെ തൊടികളില്‍ ചവുട്ടി നിന്നു മണ്ണുവെട്ടാനും കോരാനും ഇവര്‍ പഠിച്ചു കഴിഞ്ഞു. കരിങ്കല്ലും വെട്ടുകല്ലും ഇവരുടെ പെണ്‍കരുത്തിനു മുന്നില്‍ വഴിമാറുന്നു. പെണ്ണുങ്ങളുടെ കിണര്‍ നിര്‍മാണം കൗതുകത്തോടെയാണ് നാട്ടുകാരും കാണുന്നത്. ഇപ്പോള്‍ കിണറിനു സ്ഥാനം കാണാനും തങ്ങള്‍ക്കറിയാമെന്ന് ഇവര്‍ പറയുന്നു.
അജിത, സനില കുമാരി, വത്സലകുമാരി, ലീന, സിന്ധു, ഗീതാകുമാരി എന്നിവരുടെ നേതൃത്വത്തില്‍ എണ്‍പതോളം തൊഴിലാളികളാണ് ഇത്തരം നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇത് വിജയകരമായതോടെ മറ്റ് യൂണിറ്റുകളും ഇപ്പോള്‍ ഈ മേഖലയിലേക്ക് തിരിഞ്ഞുകഴിഞ്ഞു. വേനല്‍ക്കാലത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം അകറ്റാനും കിണര്‍ കുഴിയ്ക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തവര്‍ക്ക് അത്താണിയായും മാറുകയാണ് ഈ യൂണിറ്റുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: