പ്രകൃതിയോട് ഏറ്റവും ഇണങ്ങി നില്‍ക്കുന്ന ഒന്നാണ് ചിത്ര കല. ഒരായിരം കഥകളാണ് പലപ്പോഴും കാന്‍വാസുകള്‍ നമ്മോട് പറയുന്നത്. അത്തരത്തില്‍ പ്രകൃതിയെ സ്‌നേഹിച്ച് അതിന്റെ രൂപഭംഗി ചിത്രങ്ങളിലേക്ക് അതേപടി പകര്‍ത്താന്‍ ശ്രമിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ സുജാത സുരേഷ്. കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിലെ ചിത്രകലാധ്യാപികയുമായ അവര്‍ ഇതിനോടകം തന്നെ ഇരുനൂറ്റിയമ്പതോളം ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ചിത്ര പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നു. കേരളത്തില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായി അമ്പത്തിയഞ്ചോളം ചിത്രകലാധ്യാപകരുടെ പ്രദര്‍ശനം അടുത്തിടെ എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട് ഗാലറിയില്‍ നടന്നിരുന്നു. പ്രദര്‍ശനം കാണാനെത്തിയ ആസ്വാദകര്‍ക്കിടയില്‍ സുജാതയുടെ ചിത്രങ്ങള്‍ക്കി മികച്ച അഭിപ്രായമാണ് ലഭിച്ചത്. ചിലപ്പോള്‍ പ്രകൃതിയെ അത്രകണ്ട് സ്‌നേഹിക്കുന്നതുകൊണ്ടാകാം അതിന്റെ മനോഹാരിതയെ അതേപടി പകര്‍ത്താന്‍ സൂജാതയുടെ ബ്രഷുകള്‍ക്കായത്.
പലപ്പോഴും എത്ര കഴിവുകള്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ വിവാഹശേഷം പലപ്പോഴും ഒതുങ്ങിക്കൂടുകയാണ് പതിവ്. എന്നാല്‍, വിവാഹശേഷം ഭര്‍ത്താവ് സുരേഷില്‍ നിന്നു ലഭിച്ച പ്രോത്സാഹനമാണ് കലാരംഗത്തേയ്‌ക്കു കടക്കാന്‍ സുജാതയ്‌ക്കു പ്രേരണയായത്. തൃപ്പൂണിത്തുറയിലെ ചക്രപാണിയാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. പിന്നീട് മ്യൂറല്‍ ചിത്രകലയിലേക്കും തിരിഞ്ഞു. ഹിന്ദുദൈവങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മ്യൂറല്‍ പെയിന്റുകളോടാണ് സുജാതയ്‌ക്ക് ഏറെ താത്പ്പര്യം. കുട്ടികള്‍ക്കു പഠിപ്പിക്കുന്നതോടെ പുത്തനറിവുകള്‍ നമുക്കും സ്വായത്തമാക്കാമെന്നാണ് അവര്‍ വിശ്വസിച്ചുവരുന്നത്. ചിത്രകലാ പഠനത്തിനായി പ്രത്യേകം പ്രായവ്യത്യാസമില്ലെന്നും ശരിയായ ഇച്ഛാ ശക്തിയുണ്ടെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കലയെ അഭ്യസിക്കാന്‍ സാധിക്കുമെന്നാണ് സുജാതയുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: