നിലാവിന്റെ ഒളിയുള്ള ആ ചിരിയുടെ… ഭാരത കായികരംഗത്തെ പുരുഷമുഖത്തെ അടര്‍ത്തിമാറ്റി ഇടയ്ക്കിടെ വിജയസ്മിതം തീര്‍ക്കുന്ന അപൂര്‍വ്വം സ്ത്രീവദനങ്ങളിലൊന്നാണ് സാനിയ. ധ്യാന്‍ചന്ദിന്റെയും സച്ചിന് ടെണ്ടുല്‍ക്കറിന്റെയും മില്‍ഖാ സിങ്ങിന്റെയും ലിയാണ്ടര്‍ പേസിന്റെയും സുശില്‍ കുമാറിന്റെയും വിജേന്ദര്‍ സിങ്ങിന്റെയുമൊക്കെ വീരകഥകള്‍ കേട്ടുശീലിച്ചവര്‍ക്ക് പെണ്മയുടെ മാറ്റേറും പുതുവിജയഗാഥകള് വിളമ്പുന്നവള്‍. വിംബിള്‍ഡണില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം അതില്‍ ഏറ്റവും പുതിയതൊന്നു തീര്‍ത്തപ്പോള്‍ സാനിയ ഒരിക്കല്‍ക്കൂടി നമ്മുടെ ഹൃദയത്തോടു ചേര്‍ന്നുനിന്നു.
ഭാരതം ക്രിക്കറ്റിനെ ചുറ്റിത്തിരിയുന്ന കാലത്താണ് ഡേവിസ് കപ്പിലെ ഐതിഹാസിക റാക്കറ്റ് യുദ്ധങ്ങളിലൂടെ പേസിലെ പ്രതിഭ രാജ്യത്തെ യുവ മനസുകളെ ടെന്നീസിലേക്ക് വലിച്ചടുപ്പിച്ചത്. പിന്നെ മഹേഷ് ഭൂപതിയും എടിപി സര്‍ക്യൂട്ടുകളില്‍ മിന്നും ജയങ്ങളുടെ കളിത്തോഴനായപ്പോള് രാജ്യം ടെന്നീസിനോട് കൂടുതല്‍ ഇണങ്ങി. എന്നാല്‍ സാനിയയുടെ ജയങ്ങള്‍ അതിനെല്ലാം ഇത്തിരി മേലെ നില്ക്കുന്നു. കാരണം അതോരോന്നും ചരിത്രത്താളുകളിലെ സുന്ദരരേഖകളാണ്. ആദ്യ ഭാരത വനിത, ഈ ഹൈദരാബാദുകാരിയുടെ നേട്ടങ്ങളുടെ വാര്‍ത്തകള്‍ക്കൊപ്പം എപ്പോഴും ഈ വാചകം എഴുതപ്പെടുന്നു. ഭാരത കായികരംഗത്തിന്റെ എക്കാലത്തെയും ശക്തമായ സ്ത്രീമുഖത്തിന്റെ അനിഷേധ്യ പ്രതിനിധിയായി സാനിയ മാറുന്നത് അങ്ങനെയാണ്.
2003ല്‍ വിംബിള്ഡണിലൂടെയായിരുന്നു ഗ്രാന്‍ഡ് സ്ലാം കോര്‍ട്ടുകളിലെ സാനിയാ ചരിതത്തിന്റെ തുടക്കം, അലീസ ക്ലെബനോവയ്ക്കൊപ്പം സാനിയ ഡബിള്‍സ് ട്രോഫി കൈക്കലാക്കി. പക്ഷേ, അതു ജൂനിയര്‍ തലത്തിലാണെന്നു മാത്രം. ആ വര്‍ഷം യുഎസ് ഓപ്പണിലും പെണ്‍കുട്ടികളുടെ ഡബിള്‍സില്‍ സാനിയ സെമിയില്‍ ഇടംനേടിയെടുത്തു. പതിനഞ്ചാം വയസില്‍ സീനിയര്‍ തലത്തിലേക്ക് കാലെടുത്തുവച്ച സാനിയ 2003ലെ ഹൈദരാബാദ് ഓപ്പണിലൂടെ ഡബ്ല്യൂടിഎ സര്‍ക്യൂട്ടില്‍ അരങ്ങേറി. സാനിയയുടെ സിംഗിള്‍സ് പരീക്ഷണങ്ങള്‍ ഒട്ടും ഫലപ്രദമായിരുന്നില്ല. ഗ്രാന്‍ഡ് സ്ലാമുകളുടെ ആദ്യ റൗണ്ടുകളില്‍ അടിതെറ്റിവീണു. എങ്കിലും 2006ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ സീഡിങ് ലഭിച്ച സാനിയ അത്തരമൊരു നേട്ടം സ്വന്തമാക്കുന്ന പ്രഥമ ഭാരതീയ വനിതയെന്ന പെരുമ തീര്‍ത്തു. 2009ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഭൂപതിക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ ചാമ്പ്യനായാണ് സാനിയ ഗ്രാന്‍ഡ് സ്ലാം ജയത്തിന്റെ കന്നി മധുരം നുണഞ്ഞത്. എന്നിട്ടും താരം തിരിച്ചറിവിന്റെ കോര്ട്ടിലിറങ്ങിയില്ല. സിംഗിള്‍സില്‍ അര്‍ത്ഥരഹിതമായ കളി തുടര്‍ന്നു. തിരിച്ചടികളുടെ കാലത്തിന് അറുതികുറിച്ച് സാനിയ സിംഗിള്‍സ് യത്നങ്ങളോടു വിടപറയുക തന്നെ ചെയ്തു.
2012 ഓസ്ട്രേലിയന്‍ ഓപ്പണിലെ ആദ്യ റൗണ്ട് തോല്‍വിയോടെ സാനിയ ‘ഒറ്റയാള്‍’ പോരാട്ടത്തെ പൂര്‍ണമായും കൈവെടിഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ ഡബിള്‍സിലും മിക്സഡ് ഡബിള്‍സിലും മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു. അതിനു ഫലമുണ്ടായി, ഭൂപതിക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ ജേത്രി. ഈ കാലയളവില്‍ സഖ്യ ഇനങ്ങളില്‍ സാനിയയുടെ കേളീവൈഭവം തേച്ചുമിനുക്കപ്പെട്ടു. പോയവര്‍ഷം യുഎസ് ഓപ്പണില്‍ ബ്രസീലിന്റെ ബ്രൂണോ സോറസിനെ കൂടെക്കൂട്ടി മറ്റൊരു ഗ്രാന്‍ഡ് സ്ലാം ജയത്തിനും സാനിയ പിറവികൊടുത്തു.
കളത്തിലെ കൂട്ടുകെട്ടുകള്‍ അതിവേഗം മാറ്റുന്നതില്‍ സാനിയ കാട്ടിയ വ്യഗ്രത ആരെയും അത്ഭുതപ്പെടുത്തും. ഡബിള്‍സില്‍ സോണ പദ്കെയില് തുടങ്ങി 70 പേരെ കഴിഞ്ഞ 14 വര്‍ഷത്തിനിടെ സാനിയ മാറിപ്പരീക്ഷിച്ചു; മിക്സഡ് ഡബിള്‍സില്‍ പതിനാല് പേരെയും. ഡബിള്‍സില്‍ സാനിയക്ക് ഒത്ത പങ്കാളിയെ കിട്ടിയത് ഇപ്പോഴാണെന്നു പറയാം. ഹിംഗിസിനോടു കൂടിയ ശേഷം സാനിയ സൃഷ്ടിച്ചതെല്ലാം നല്ല വൃത്താന്തങ്ങള്‍ മാത്രം. സാനിയയുടെ കന്നി വിംബിള്‍ഡണ്‍ ജയം അതടിവരയിട്ടു.
ഇന്ത്യന്‍ വെല്‍സ് ഓപ്പണിലെ അരങ്ങേറ്റത്തില്‍ സാനിയ-ഹിംഗിസ് ജോടി ട്രോഫി ഷെല്‍ഫിലെത്തിച്ചു. മയാമിയിലും ജേതാക്കളായതോടെ സഖ്യം ഒന്നാം റാങ്കിലുമെത്തി. ഫാമിലി സര്‍ക്കിള്‍ കപ്പ് മറ്റൊരു പൊന്‍തൂവല്‍. ഹിംഗിസിനോട് കൈകോര്‍ത്തതോടെയാണ് സാനിയ ഡബിള്‍സില്‍ ഒന്നാം റാങ്കിലെത്തിയതെന്നതും ശ്രദ്ധേയം. വിംബിള്‍ഡണിലും അവര്‍ അനായാസ പ്രയാണം നടത്തി, ഫൈനല്‍ വരെ.
കലാശക്കളി അല്‍പ്പം കടുത്തെന്നു പറയാം. റഷ്യയുടെ എലേന വെസ്നിയയും എകാതറീന മകറോവയും ഇഞ്ചോടിഞ്ച് മല്ലിട്ടു. ആദ്യസെറ്റ് പിടിച്ചെടുത്ത റഷ്യന്‍ കൂട്ടുകെട്ട് സാനിയയുടെയും ഹിംഗിസിന്റെയും സ്വപ്നങ്ങള്‍ തകര്‍ക്കുമെന്നു തോന്നി. പക്ഷേ, രണ്ടാം സെറ്റില്‍ ഭാരത- സ്വിസ് സഖ്യം എതിരാളികള്‍ക്ക് ചുട്ട മറുപടി നല്കി. മൂന്നാം സെറ്റിലും പിന്നിലായെങ്കിലും പോരാട്ടവീര്യവും വിജയതൃഷ്ണയും സംയോജിച്ചപ്പോള്‍ സാനിയയും ഹിംഗിസും കിരീടത്തിലേക്ക് ചുവടുവച്ചു. തോറ്റവരുടെ വശത്തു നിന്ന വെസ്നിയ സാനിയയുടെ പഴയ ഡബിള്‍സ് പങ്കാളിയായിരുന്നു എന്നതും രസകരമായ കാര്യം.
സാനിയയുടെ
ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങള്‍
മിക്സഡ് ഡബിള്‍സ്
2009 ഓസ്ട്രേലിയന്‍ ഓപ്പണ്‍
2012 ഫ്രഞ്ച് ഓപ്പണ്‍
2014 യുഎസ് ഓപ്പണ്‍
ഡബിള്‍സ്
2015 വിംബിള്‍ഡണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: