കൊച്ചി: ബഹുഭാഷാ ചിത്രം ബാഹുബലിക്ക് മുന്നില്‍ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് തോറ്റു. ബാഹുബലിയുടെ വൈഡ് റിലീസിങ്ങ് തടയുന്നതിന് എ ക്ലാസ് തിയ്യറ്റര്‍ ഉടമകള്‍ ആരംഭിച്ച സമരം പിന്‍വലിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫെഡറേഷന് യോഗത്തിലാണ് തീരുമാനം. വ്യാജപ്പകര്‍പ്പ് സംബന്ധിച്ച പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ യോഗം വിളിച്ചതിനാലാണ് സമരം പിന്‍വലിക്കുന്നതെന്ന് ഫെഡറേഷന് പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. എന്നാല്‍ റിലീസിങ്ങുമായി ബന്ധപ്പെട്ട് സംഘടനയിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് സമരം പിന്‍വലിക്കാന്‍ ഫെഡറേഷന് നിര്‍ബന്ധിതരാവുകയായിരുന്നു.
പ്രേമത്തിന്റെ വ്യാജ പകര്‍പ്പ് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയില്ലെന്നാരോപിച്ചാണ് സമരം ആരംഭിച്ചതെങ്കിലും യഥാര്‍ത്ഥ ലക്ഷ്യം ബാഹുബലിയുടെ വൈഡ് റിലീസിങ്ങ് തടയുകയെന്നതായിരുന്നു. എന്നാല്‍ ഫെഡറേഷന് കീഴിലെ തീയറ്ററുകളില്‍ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തിയതോടെ ഈ നീക്കം പൊളിഞ്ഞു. ഇന്നലെ നടന്ന യോഗത്തില്‍ ഭിന്നത മറനീക്കി.
ഫെഡറേഷന്റെ തീരുമാനം ലംഘിച്ച് ചിത്രം പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നെങ്കിലും സംഘടനയുടെ നിലപാട് നഷ്ടമാണുണ്ടാക്കിയതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ബാഹുബലി പ്രദര്‍ശിപ്പിക്കാത്ത തിയറ്ററുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വിതരണക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ ‘പ്രേമ’ത്തിന്റെ മറവില്‍ വൈഡ് റിലീസിങ്ങിനെതിരെ സമരം നടത്തിയത് ശരിയായില്ലെന്നും ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ഭിന്നത രൂക്ഷമായതോടെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത് ചൂണ്ടിക്കാട്ടി സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ഫെഡറേഷന് തടിതപ്പുകയായിരുന്നു. കൂടുതല്‍ അംഗങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന സാഹചര്യമുണ്ടായതോടെ സിനിമ പ്രദര്‍ശിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള തീരുമാനവും ഫെഡറേഷന് ഉപേക്ഷിച്ചു.
പുതിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ പരാതിയില്‍ കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും സിനി എക്സിബിറ്റേഴ്സ് ഫെഡറേഷനും കഴിഞ്ഞ മാസം പിഴ ചുമത്തിയിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന കര്‍ശന നിലപാടും വിതരണക്കാര്‍ കൈക്കൊണ്ടത് സമരം അവസാനിപ്പിക്കാന്‍ കാരണമായി. സമരം പിന്‍വലിച്ചതോടെ 150ലധികം തീയറ്ററുകളില്‍ ചിത്രം പ്രദര്ശിപ്പിക്കാനായെന്ന് വിതരണക്കാരായ സെഞ്ച്വറി ഫിലിംസ് ഉടമ രാജു മാത്യു പറഞ്ഞു. പ്രേമത്തോടുള്ള പ്രേമമല്ല സമരത്തിന് പിന്നിലെന്ന് ഇപ്പോള്‍ വ്യക്തമായതായും അദ്ദേഹം പ്രതികരിച്ചു.
ഫെഡറേഷന് നിലപാട് മയപ്പെടുത്തുന്നു
കൊച്ചി: വൈഡ് റിലീസിങ്ങിനെതിരായ സമരം പരാജയപ്പെട്ടതോടെ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലപാട് മയപ്പെടുത്തുന്നു. വൈഡ് റിലീസിങ്ങിന് സംഘടന എതിരല്ലെന്നും നാളെ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ അന്തിമതീരുമാനമെടുക്കുമെന്നും ഫെഡറേഷന് ജനറല്‍ സെക്രട്ടറി ഷാജു അഗസ്റ്റിന് ജന്മഭൂമിയോട് പറഞ്ഞു. എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കില്‍ ഞങ്ങള്‍ക്കും എതിര്‍പ്പില്ല. നേരത്തെ വൈഡ് റിലീസിങ്ങിന് തീരുമാനിച്ചപ്പോഴുണ്ടായ നിബന്ധനകളല്ല ഇപ്പോള്‍ പറയുന്നത്. ഇക്കാര്യവും പരിഗണിക്കും. സിനിമാ മേഖലയുടെ നന്മയ്ക്കുള്ള ഏത് തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രം പ്രദര്‍ശിപ്പിച്ചത് കരിങ്കാലികള്‍: ലിബര്‍ട്ടി ബഷീര്‍
കൊച്ചി: ബാഹുബലി പ്രദര്‍ശിപ്പിച്ച ഫെഡറേഷന് കീഴിലെ തീയറ്ററുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍. ചില കരിങ്കാലികളാണ് ബാഹുബലി പ്രദര്‍ശിപ്പിച്ചത്. ഇത്തരം കരിങ്കാലികള്‍ രാഷ്ട്രീയത്തിലും നിര്‍മാതാക്കള്‍ക്കിടയിലും വിതരണക്കാര്‍ക്കിടയിലും എല്ലാമുണ്ട്. അതൊന്നും ആനക്കാര്യമല്ല. സംഘടന പിളര്‍ന്നാലും സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് നിലനില്ക്കും. വിതരണക്കാര്‍ക്ക് തീയറ്റര്‍ അഡ്വാന്‍സ് നല്‍കാത്ത മള്‍ട്ടിപ്ലക്സുകളുടെ പാത പിന്തുടരുന്നത് ആലോചിക്കുമെന്നും ബഷീര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെഡറേഷന്റെ വൈസ് പ്രസിഡണ്ട് അജി അഭിലാഷിന്റേതുള്പ്പെടെയുള്ള തീയറ്ററുകളില്‍ ബാഹുബലി പ്രദര്‍ശിപ്പിച്ചതാണ് ബഷീറിനെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: