പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റ് നടപ്പിലാക്കിയ മുട്ടക്കോഴി പദ്ധതിയിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വഞ്ചിതരായ വീട്ടമ്മമാര്‍ പോലീസില്‍ പരാതി നല്കി.
മൂന്ന് യൂണിറ്റുകളിലെ 15 അംഗങ്ങള്‍ ചേര്‍ന്ന്് പൊന്‍കുന്നം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കാണ് പരാതി നല്‍കിയത്. ജില്ലാ കുടുംബശ്രീ മിഷന്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, യൂണിയന് ബാങ്ക് പൊന്‍കുന്നം ശാഖ, തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്ലാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റി പ്രതിനിധി ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്് പരാതി നല്‍കിയത്.
യൂണിയന് ബാങ്ക് പൊന്‍കുന്നം ശാഖയില്‍ നിന്നും 5 പേര് വീതമടങ്ങുന്ന ഓരോ ഗ്രൂപ്പും ഒരുലക്ഷത്തി അയ്യായിരം രൂപ ലോണെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ മിനിട്സ് പകര്‍പ്പ്, എല്ലാ അംഗങ്ങളുടെയും വസ്തു നികുതി അടച്ച രസീതിന്റെ പകര്‍പ്പ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം നല്‍കിയിരുന്നു. ലോണിന് വേണ്ടുന്ന പ്രോജക്ട് പഞ്ചായത്തില്‍ നിന്ന് നല്‍കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കുടുംബശ്രീ യൂണിറ്റുകളുടെ തീരുമാനത്തിന് വിപരീതമായി ഒരുലക്ഷത്തി അയ്യായിരം രൂപയ്ക്ക് പകരം ഒരു ലക്ഷത്തിഅന്പത്തിആറായിരം രൂപയാണ് യൂണിയന് ബാങ്ക് പൊന്‍കുന്നം ശാഖ പ്ലാന്റേഷന് ഡവലപ്മെന്റ് സൊസൈറ്റിക്ക് കൈമാറിയതെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പരാതിയില്‍ പറയുന്നു.
ക്രമക്കേട് അറിഞ്ഞതിനെ തുടര്‍ന്ന് മിക്ക കുടുംബശ്രീ യൂണിറ്റുകളും പദ്ധതിയില്‍ നിന്ന് പിന്മാറി. തങ്ങളുടെ പേരില്‍ എടുത്തിരിക്കുന്ന ബാങ്ക് ലോണ്‍ റദ്ദാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറിയത് വന്‍ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയതായി കാണിച്ച് പ്ലാന്റേഷന് ഡവല്പമെന്റ് സൊസൈറ്റി വീട്ടമ്മമാര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചു. ഇതേതുടര്‍ന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ടെത്തി പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: