Categories: Ernakulam

ടോള്‍പിരിവ്: തീരുമാനം ഇന്ന്

Published by

കൊച്ചി: പൊന്നുരുന്നി പാലത്തിലെ ടോള്‍പിരിവ് ഇന്ന് നിര്‍ത്തണമെന്ന് നിര്‍ദേശിക്കാന്‍ കോര്‍പറേഷന്റെ ഇന്നലെചേര്‍ന്ന കൗണ്‍സില്‍യോഗം തീരുമാനിച്ചു. നഗരസഭയോട് ആലോചിക്കാതെ ടോള്‍ പിരിവ് പുനരാരംഭിച്ചതു സംബന്ധിച്ച് പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ് അവതരിപ്പിച്ച പ്രമേയത്തിന് ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ കൗണ്‍സിലര്‍മാര്‍ പിന്തുണ നല്‍കി.

നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിത പൊന്നുരുന്നി മേല്‍പ്പാലത്തില്‍ മെട്രോയുടെ പണി തീരുന്നതുവരെ ടോള്‍ പിരിക്കില്ലെന്ന് എംഎല്‍എ ഉള്‍പ്പെടുന്നവര്‍ ചേര്‍ന്ന് നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടതെന്നും എത്രയുംവേഗം മേയര്‍ വിഷയത്തില്‍ ഇടപെടണമെന്നും കെ.ജെ. ജേക്കബ് ആവശ്യപ്പെട്ടു.

തമ്മനം നിവാസികള്‍ക്ക് എറണാകുളത്തിനും വൈറ്റിലയ്‌ക്കും പോകണമെങ്കില്‍ ടോള്‍ നല്‍കേണ്ട സ്ഥിതിയാണെന്ന് കൗണ്‍സിലര്‍ ജോജി കുരീക്കോട് പറഞ്ഞു. രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്തുതന്നെ ടോള്‍പിരിവ് പുനരാരംഭിച്ചത് ശരിയായില്ലെന്ന് കൗണ്‍സിലര്‍ എം.പി. മഹേഷ്‌കുമാര്‍ പറഞ്ഞു.

ഭരണപക്ഷത്തുനിന്ന് മറ്റ് കൗണ്‍സിലര്‍മാര്‍ പ്രമേയത്തിന് പൂര്‍ണപിന്തുണ നല്‍കിയതിനെത്തുടര്‍ന്ന് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെയും രാഷ്‌ട്രീയ പാര്‍ടികളിലെയും നഗരസഭയിലെയും പ്രതിനിധികളുടെ യോഗം ഇന്ന് മേയറുടെ ചേംബറില്‍ ചേരാന്‍ തീരുമാനിച്ചു. യോഗതീരുമാനം എത്തുന്നതുവരെ ടോള്‍പിരിവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കുമെന്നും മേയര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by