എരുമേലി: യുഡിഎഫ് സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച ഭൂരഹിതകേരളം പദ്ധതിയില്‍ പട്ടയം നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി കൊടുക്കാനാവാതെ നട്ടംതിരിയുന്നതിനിടയില് റവന്യൂ വകുപ്പിന്റെ അനാസ്ഥയില്‍ കനകപ്പലത്തെ ഭൂമി വിതരണം അട്ടിമറിക്കപ്പെടുന്നുവെന്നു പരാതി.
കനകപ്പലം കോളനിയില്‍ ഫോറസ്റ്റ് നേഴ്സറിക്ക് സമീപം ഒന്നര ഏക്കര്‍ മിച്ചഭൂമി വിതരണം ചെയ്യാന്‍ ഗുണഭോക്താക്കളെ കണ്ടെത്തിയ സംഭവമാണ് പദ്ധതി വിവാദമാകാന്‍ വഴിയൊരുക്കിയത്. ഭൂമി വിതരണത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സ്ഥലത്തെ ചില രാഷ്ട്രീയക്കാരുടെ ഒത്താശയോടെ റവന്യൂവകുപ്പ് ഭൂമി നല്‍കിയതാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ പദ്ധതി അനിശ്ചിതത്വത്തിലാകാന്‍ കാരണം. പദ്ധതിയില്‍ അനര്‍ഹരായ നിരവധിയാളുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇവരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോളനിനിവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ റവന്യൂവകുപ്പ് വെട്ടിലായി. ഒന്നര ഏക്കര്‍ മിച്ചഭൂമി 59 കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചത്.
3 സെന്റ് സ്ഥലം വാങ്ങാന്‍ 54 പേര് എത്തി പട്ടയം വാങ്ങി സ്ഥലം ഏറ്റെടുക്കാന്‍ ചെന്നപ്പോഴാണ് അനര്‍ഹരായ നിരവധിപേര്‍ക്ക് ഭൂമി ലഭിച്ചതായി നാട്ടുകാര്‍ കണ്ടെത്തിയത്. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് റവന്യൂവകുപ്പ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയ 7 പേരുടെ പട്ടയം റദ്ദാക്കാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പട്ടയം റദ്ദാക്കി തുടര്‍നടപടിയെടുക്കാന്‍ ആര്‍ഡിഒ നിര്‍ദ്ദേശം നല്‍കിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും ഫയലുകള്‍ നീങ്ങിയതേയില്ല.
വിവാദമായ കനകപ്പലത്തെ മിച്ചഭൂമി വിതരണം ചെയ്യണമെങ്കില്‍ ആര്‍ഡിഒ കൂടി സ്ഥലത്തെത്തണമെന്നും തഹസീല്‍ദാര്‍ ജന്മഭൂമിയോട് പറഞ്ഞു. എന്നാല്‍ പട്ടയം റദ്ദാക്കിയവരെ ഒഴിവാക്കി മറ്റുള്ളവര്‍ക്ക് ഭൂമിവിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതാണെന്നും ആര്‍ഡിഒ പറഞ്ഞു. കിടപ്പാടമില്ലാതെ ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് പട്ടയം നല്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി അളന്ന് തിരിച്ചുകൊടുക്കാന്‍ റവന്യൂ വകുപ്പ് കാട്ടുന്ന അനാസ്ഥ ദുരൂഹമാണെന്നും കോളനി നിവാസികള്‍ പറയുന്നു. എന്നാല്‍ പ്രതിഷേധം നിലനില്‍ക്കുന്ന കനകപ്പലം കോളനിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നല്കിയാല് തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ കോളനി നിവാസികള്‍ ഏറ്റെടുക്കണമെന്നാണ് റവന്യൂ വകുപ്പിലെ ചിലര്‍ പറയുന്നത്. ഇതിനിടെ മിച്ചഭൂമി വിതരണ പദ്ധതിയില്‍നിന്നും ഏഴ് കുടുംബങ്ങളെ ഒഴിവാക്കിയ സംഭവം കോളനിയില്‍ വീണ്ടും പ്രതിഷേധത്തിന് വഴിയൊരുക്കുകയാണ്. റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥരും പ്രദേശിക രാഷ്ട്രീയ നേതാക്കളുടേയും ഒത്താശയില്‍ പ്രതിഷേധമുണ്ടാക്കി ഭൂമി തട്ടിയെടുക്കാനും അണിയറയില്‍ നീക്കങ്ങളുണ്ടെന്നും കോളനി നിവാസികള്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: