കൊല്ലം: നഗര, ഗ്രാമ ഭേദമില്ലാതെ ജില്ലയില്‍ കഞ്ചാവ്മാഫിയ പിടിമുറുക്കുന്നു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അറസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് ഇതാണ്. കഞ്ചാവും കുഴല്‍പ്പണവും അന്തര്‍സംസ്ഥാന മോഷണസംഘങ്ങളുമൊക്കെയാണ് അന്വേഷണസംഘത്തിന്റെ വലയില്‍ കുടുങ്ങുന്നത്. ജില്ലയില്‍ വ്യാപകമായി കഞ്ചാവിന്റെ ഉപയോഗം നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റുകളും നടന്നത്.
നഗരത്തില്‍ കഞ്ചാവ് ഉപയോഗിക്കുന്നതില്‍ യുവാക്കള്‍ക്ക് പുറമേ യുവതികളുമുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. നഗരത്തിലെ മിക്ക എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥിനികളില്‍ ഒരു ശതമാനം രഹസ്യമായെങ്കിലും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
പഠനത്തിന്റെ ഭാരം കുറയ്ക്കുവാന്‍ വേണ്ടിയാണ് ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നതെന്നതാണ് ന്യായീകരണം. മദ്യപാനത്തേക്കാള്‍ കൂടുതല്‍ യുവാക്കള്‍ കഞ്ചാവിനെ ആശ്രയിക്കുന്നതായി കോളേജ് വിദ്യാര്‍ത്ഥികള്‍തന്നെ വെളിപ്പെടുത്തുന്നു.
ദിനംപ്രതി സ്കൂള്‍, കോളേജ് പരിസരങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം നടക്കുകയാണ്. കഴിഞ്ഞദിവസം എക്സൈസ് സംഘത്തിന്റെ പിടിയിലായ ഷാനവാസ് കൊല്ലത്തെ കഞ്ചാവ് മൊത്തവിതരണക്കാരില്‍ പ്രധാനിയാണ്. ഇയാള്‍ ജില്ലയിലെ ഉള്‍പ്രദേശങ്ങളിലാണ് ഇടനിലക്കാര്‍ക്ക് ഇത് എത്തിച്ചു കൊടുക്കുന്നത്. ഇയാളുടെ വെളിപ്പെടുത്തലില്‍ തന്നെ കൊല്ലത്തെ പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് കഞ്ചാവിന്റെ പ്രധാന ആവശ്യക്കാരെന്നത് വ്യക്തമായിട്ടുണ്ട്. കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇവരെ ആരെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല.
ചവറയില്‍ അമ്മയും മകനെയും കഞ്ചാവ് വില്‍ക്കുന്നതിനിടെ ചവറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ബീച്ചിന് സമീപത്ത് നിന്നും കഞ്ചാവ് വില്‍പ്പനക്കാരെ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലെത്തിയ വന്‍ നാടോടി കവര്‍ച്ച സംഘം കൊല്ലത്ത് പിടിയിലായതും ജനതയെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ബസുകളിലും ട്രെയിനുകളിലും തിരക്കുള്ള നഗരങ്ങളും കേന്ദ്രീകരിച്ചാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം നടക്കുന്നത്. ബസുകളില്‍ കയറി മറ്റുള്ള യാത്രക്കാരുമായി സൗഹൃദം നടിച്ച് അവരുടെ സ്വര്‍ണ്ണവും മാലയും കവരുന്നതാണ് സംഘത്തിന്റെ പണി. ആര്‍ക്കും മനസ്സിലാകാത്ത വിധത്തില്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ച് മോഷണം നടത്തുന്ന ഇത്തരക്കാരുടെ ഒരു വന്‍ ടീം തന്നെയാണ് കൊല്ലത്ത് എത്തിയിരിക്കുന്നത്.
അതില്‍ കുറച്ചുപേര്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പോലീസ്. ഇതിനു പുറമേ കുഴല്‍പണവും വന്‍തോതില്‍ നഗരത്തിലെത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇതില്‍ ചിലരെ അറസ്റ്റ് ചെയ്യാനേ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടുള്ളൂ. ന്യൂജനറേഷന് ബൈക്ക് മോഷണം നടത്തിയ വിരുതന്മാരും ഈസ്റ്റ് പോലീസിന്റെ പിടിയിലായി. മുഖത്ത് തൂവാലക്കെട്ടി മറച്ച് ബൈക്കില്‍ മാല മോഷണം നടത്തുന്ന ന്യൂജനറേഷന് പിടിച്ചുപറിക്കാരെയും പോലീസ് നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: