തുറവൂര്‍: പാരിസ്ഥിതിക സന്തുലിതാവസ്ഥ താളം തെറ്റിച്ച് വയലാര്‍,പട്ടണക്കാട് തുറവൂര്‍,കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളില്‍ നീര്‍ച്ചാലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതായി ആക്ഷേപമുയരുന്നു.
വളമംഗലം വടക്ക്, തെക്ക്, പഴമ്പള്ളിക്കാവ്, ഒളതല, കാവില്‍പള്ളി പ്രദേശം കായലോര മേഖലയായ തഴുപ്പ്, പറയകാട്, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലാണ് നീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള അനധികൃത നിലം നികത്തല്‍.കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ തണ്ണീര്‍ത്തടങ്ങളും നീരൊഴുക്കുള്ള തോടുകളും കൊണ്ട് നിറഞ്ഞ പ്രദേശങ്ങളാണ് വന്‍തോതില്‍ പൂഴിയടിച്ച് നികത്തുന്നത.് നീരൊഴുക്കുണ്ടായിരുന്ന പല പ്രധാന നീര്‍ച്ചാലുകളും നികത്തിയത് ജനവാസ കേന്ദ്രങ്ങളെപ്പോലും വെള്ളക്കെട്ടിലാക്കുകയാണ്.
കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പല പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരും ഈ മേഖലയില്‍ വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണറിയുന്നത്.
കണ്ടല്‍ക്കാടുകളും നീര്‍ത്തടങ്ങളും തോടുകളും നിറഞ്ഞ പ്രദേശങ്ങള്‍ ചുളു വിലയ്ക്ക് വാങ്ങിക്കൂട്ടി നികത്തി വന്‍ വിലയ്ക്ക് വില്‍ക്കുന്ന ഏജന്റുമാരും ഭൂമിയിടപാടുകളുമായി രംഗത്തെത്തിയിട്ടുണ്ട്.കായല്‍ത്തീര കടലോര മേഖലകളിലും റിസോര്‍ട്ടുകാരും എസ്റ്റേറ്റ് ബിസിനസുകാരുമാണ് ഭൂമി വാങ്ങിക്കൂട്ടുന്നവരിലധികവും.
പലപ്പോഴും ന്യായവിലയ്ക്കപ്പുറം ഭൂമിവില ഉയരുന്നതിന് ഇത്തരക്കാരുടെ ഇടപെടല്‍ കാരണമാകുന്നുണ്ട് പ്രമുഖ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക നേതാക്കളില്‍ പലരും റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ പങ്കാളികളായതിനാല്‍ ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരുകക്ഷിയും രംഗത്തു വരാറില്ല. വീടു വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലമില്ലാത്തവര്‍ക്ക് അഞ്ചൂ സെന്റ് വരെ നിലം നികത്താനുള്ള ആനുകുല്ല്യത്തിന്റെ മറവില്‍ ഏക്കറുകണക്കിന് നിലമാണ് ഭൂമാഫിയകള്‍ നികത്തിയെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: