കോലായിലെ ചാരുകസേരയില്‍ ഇടതുകൈ തലയ്ക്കു പിന്നില്‍ തിരുകി ചാരിയിരിക്കുന്നു സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. വലതു കൈയിലെ ദിനേശേ് ബീഡിയില്‍ നിന്ന് അകത്താക്കിയ പുകച്ചുരുളകള്ക്ക് മോക്ഷം നല്‍കിയിട്ട് അപരിചിതനായ എന്നോട് ചോദിക്കുന്നു-
”എന്താ, ഇപ്പോള്‍ ഇവിടെ?”
നാട്ടുബന്ധം പറയാനുണ്ടെങ്കിലും മുമ്പൊരിക്കലും പരസ്പരം കണ്ടിട്ടില്ല. മരിച്ച ശേഷം എന്തിനാണ് ഈ ചോദ്യം എന്നു തിരക്കാനൊരുങ്ങിയതാണ്. അപ്പോഴേക്ക് അടുത്ത ചോദ്യം കാതിലൊലിച്ചു.
”സന്ന്യാസി, സൂഫി, ഫിലോസഫര്‍, കഥാകൃത്ത്, സ്വാതന്ത്ര്യ സമരസേനാനി, സഞ്ചാരി….. എന്നെ കാണാനോ അതോ ജീവിതം, സാഹിത്യം, സമഭാവന, സ്നേഹം, പ്രേമം… ആര്‍ക്കും വേണ്ടാതെ ഊര്‍ദ്ധ്വന്‍ വലിക്കുന്ന മലയാളത്തെ കാണാനോ? ‘
ഉത്തരമില്ല.
”കാല്‍തൊട്ടു വന്ദിക്കണമെന്നുണ്ട്.” ആത്മഗതമായി പറഞ്ഞു. ഒന്നു കുനിഞ്ഞുയര്ന്നപ്പോഴേക്കും മുന്നില്‍ ബഷീറില്ല. ദിനേശ് ബീഡിയുടെ മണവും പച്ചമനുഷ്യന്റെ മണവും കൂടിക്കുഴഞ്ഞ ഒരു സാഹിത്യഗന്ധം വായുവില്‍ തങ്ങിനില്ക്കുന്നതു തിരിച്ചറിഞ്ഞു.
മണ്‍മറഞ്ഞശേഷവും ഉന്മാദമായി ഉളളിലേക്കു കടന്നുവന്ന ബഷീറിനോട് ചിലതൊക്കെ ചോദിച്ചറിയണമെന്നു തോന്നി.
”നൊബേല്‍ പുരസ്കാരം ലഭിച്ച കൃതികളില്‍ പലതും അങ്ങയ്ക്കു പിന്നില്‍ ക്യു നില്‍ക്കണം. എന്നിട്ടുമെന്തേ… ”
മുഴുവനാക്കും മുമ്പ് ഉളളില്‍ മുഴങ്ങി, ഒരശരീരി.
”എടാ ബഡുക്കൂസെ…” പിന്നെ കേട്ടത് ഐഷുക്കുട്ടിയുടെ നിലവിളിയാണ്. ”എന്റെ മുത്തുനബിയേ.. ഡാക്ക്ത്തരെകൊണ്ടുവാ….. ”
പൊങ്ങച്ചത്തിന്റെ ഒരു ഭാഷയും തനിക്കുവശമില്ലെന്നു തെളിയിക്കുന്ന ശബ്ദം. ” ഓ, അന്നാലും ഞാമ്പെറ്റപ്പയും ഡാക്ക്ത്തരെക്കൊണ്ടന്നല്ലോ” എന്നു പറയാനുളള തന്റെ പൊങ്ങച്ചം പോലും തന്നെ സൃഷ്ടിച്ച ബഷീറിനോ, ബഷീറിന്റെ ഭാഷയ്ക്കോ ഇല്ലെന്നു പറയുകയാണോ ഐഷുക്കുട്ടി!
ആനവാരിരാമന്‍നായര്‍, പൊന്‍കുരിശു തോമ, എട്ടുകാലി മമ്മൂഞ്ഞ്, മജീദ്, സുഹറ, സാറാമ്മ, കേശവന്നായര്, നാരായണി….. സ്രഷ്ടാവിനെക്കുറിച്ച് വാതോരാതെ പറയാന്‍ എണ്ണത്തിലൊതുങ്ങാത്തത്രപേര് ഓര്മ്മയ്ക്കപ്പുറത്തും ഇപ്പുറത്തുമായി വരിനില്‍ക്കുകയാണ്.
ഞാന്‍ കേള്‍വിക്കാരനായി. മണ്ടന്‍ മുത്തപായാണ് തുടക്കമിട്ടത്.
”ഞങ്ങളു മരിച്ചുചെല്ലുമ്പൊ ഞങ്ങടെ സൊബര്ക്കത്തി ചക്കക്കുരു വര്‍ത്തതും കൊട്ടത്തേങ്ങയും ശര്‍ക്കരയും ഉണ്ടായിരിക്കും.”
”പോടാ മണ്ടങ്കയിതേ!” ഒറ്റക്കണ്ണന്‍ പോക്കരു പറഞ്ഞു : ”ഞമ്മടെ സുബര്ക്കത്തിക്കിട്ടണത് ബിരിയാനീം കോയീനെപ്പൊരിച്ചതും നെയ്ച്ചോറും പാല്‍ച്ചായേം!”
സ്വര്‍ഗ്ഗത്തിലെ തീനികളെക്കുറിച്ചും കടുവാക്കുഴിയില്‍ വന്നെത്തിയ നാടന്‍ വിദേശികളുടെ അധികാരത്തെക്കുറിച്ചും പ്രേമോപഹാരത്തില് ചര്‍ച്ച ചെയ്യുന്നവരില്‍ നിന്ന് നിസ്സാരതയുടെ ഏറ്റവും വലിയ കരുത്ത് തിരിച്ചറിയാനായി.
ഒറ്റമൂച്ചിന് സാറാമ്മക്ക് കത്തെഴുതിയ കേശവന് നായര്‍ ആ കത്ത് ഒരിക്കല്‍ കൂടി വായിച്ചുസംതൃപ്തിയടയുകയാണ്.
”കവിതയുണ്ട്, തത്ത്വജ്ഞാനമുണ്ട്, മിസ്റ്റിസിസവുമുണ്ട്. എന്തിന്- കേശവന്‍നായരുടെ ഹൃദയത്തിന്റെ മഹാരഹസ്യം മുഴുവനുമില്ലേ? ”
ഉണ്ട്, ‘പ്രേമലേഖന’ത്തില്‍ മാത്രമല്ല ബഷീറിന്റെ ഓരോ വരിയിലും ഇതെല്ലാമുണ്ടെന്ന് തലകുലുക്കി സമ്മതിച്ചുകൊണ്ട് ഒന്നു തിരിഞ്ഞുനോക്കി.
”പോടാ, പോ. നീ രാജ്യാക്കെ ചുറ്റി ഒന്നു പടിച്ചിട്ടുവാ- മനസ്സിലായോ-ഇല്ല.” അലറിക്കൊണ്ട് ബാപ്പ മജീദിന്റെ പിടലിക്കുപിടിച്ചു തളളുന്നു. പിന്നെ വീണ്ടും അലറുന്നു. ”പോ” ലോകത്തിന്റെ അറ്റംവരെ മജീദിനെ ഓടിക്കാന്‍ പര്യാപ്തമായ ആ ശബ്ദം ബഷീറിനു ഫിഫ്ത്ത്ഫോറത്തില്‍ പഠിക്കുമ്പോള്‍ തന്നെ പരിചയമുണ്ടായിരുന്നുവെന്ന് എനിക്കു തോന്നി.
പഠനത്തിടയില്‍ ഒളിച്ചോടിയതെന്തിന് എന്നു ചോദിക്കണമെന്നു തോന്നി. പക്ഷെ, മുന്നില്‍ സുല്‍ത്താന്‍ സൃഷ്ടിച്ച പ്രജകള്മാത്രമാണുളളത്. ബഷീറിനു പറയാനുളളതെല്ലാം അവരാണല്ലോ പറഞ്ഞത്.
ഇന്ത്യയൊട്ടാകെ സഞ്ചരിക്കാനും ആഫ്രിക്കയും അറേബ്യയും ചുറ്റാനും എവിടെ നിന്നെന്നറിയാതെ ഉയര്‍ന്ന ആ ശബ്ദമായിരിക്കണം ബഷീറിനെ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ സ്വാതന്ത്ര്യസമരസേനാനിയായി ഉപ്പുസത്യാഗ്രത്തില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ അനുഭവിച്ചു. ഹിന്ദുസന്യാസിയും സൂഫിയുമായി സ്വന്തം ജീവിതത്തെ തന്റെതന്നെ മനസിന്റെ വറചട്ടിയിലിട്ടു പൊരിച്ച ബഷീര്‍ എഴുതുന്നതൊക്കെ സാഹിത്യമായി മാറി. പാമരന്റെ രസനയിലേക്കും പണ്ഡിതന്റെ ചിന്തയിലേക്കും അതു പടര്‍ന്നു കയറി.
ബഷീര്‍ പെയ്തുതീര്‍ത്ത കണ്ണീരെല്ലാം ചിരിയായി പുനര്ജ്ജനിച്ചതാണ് പല കൃതികളും. പൊളളുന്ന ജീവിതസത്യങ്ങള്‍ തിരിച്ചറിയണമെങ്കില്‍ മുഖവുരകളിലേക്കു പോകണം.
സകലദുരിതങ്ങളും സ്വന്തം ശിരസില്‍ പെരുമഴയായി പെയ്തുതീര്‍ക്കുന്ന കാലം. ഉടുക്കാന്‍ വസ്ത്രമില്ലാതെയും ഉണ്ണാന്‍ പൈസയില്ലാതെയും രാവിലെ ഒരു ഗ്ലാസ് വെളളവും ഉച്ചക്ക് രണ്ടു ഗ്ലാസ് വെളളവും ഭക്ഷണമാക്കി കഴിയുന്ന കാലം. അനുഭവിച്ച ദുരിതങ്ങളെല്ലാം ഓര്‍മ്മക്കുറിപ്പിന്റെ മുഖവുരയില്‍ ബഷീര്‍ നെടുവീര്‍പ്പായി വരച്ചുചേര്‍ത്തു. ”ശറപറാ എഴുതും. പത്രങ്ങള്‍ അരുമയോടെ പ്രസിദ്ധപ്പെടുത്തും.”
പക്ഷെ വിശപ്പിനു മറുപടി പറയാന്‍ ആരുമുണ്ടായിരുന്നില്ലെന്ന് ബഷീര്‍ എഴുതി.
”കവിതയ്ക്കും കഥയ്ക്കും പ്രതിഫലം ചോദിക്കാന്‍ പാടില്ല! ‘കവനത്തിനു കാശുകിട്ടണം പോല്‍! ശിവനേ, സാഹിതി തേവിടിശ്ശിയോ!’ ഈ ഒറ്റ ശ്ലോകമായിരുന്നു പത്രക്കാരുടെയും പുസ്തകപ്രസാധകരുടെയും ഉശിരന്‍ വേദവാക്യം.”
ഓര്‍മ്മക്കുറിപ്പു തുടരുന്നു.
”മര്‍ദ്ദനങ്ങള്‍! മര്‍ദ്ദനങ്ങളുടെ ഘോരഘോരമായ അട്ടഹാസങ്ങള്‍- പൊന്നുതമ്പുരാന്! അടിയന്! റാന്‍! നായര്‍പട്ടാളം! മണ്മറഞ്ഞുപോയ ഏകാന്തഭീകരങ്ങളായ രാപകലുകളേ- മംഗളം!”
1937 മുതല്ക്കാണ് കഥകള്‍ എഴുതി തുടങ്ങിയതെന്ന് ‘വിശപ്പി’ന്റെ മുഖവുരയില്‍ ബഷീര്‍ ഓര്‍ത്തെടുക്കുന്നു. എഴുത്തുമഷിയും കടലാസും പത്രാധിപര്ക്കയക്കാനുളള തപാല്ക്കാശും കടം. അച്ചടിച്ചുവന്നാല്‍ അതു കാണാന്‍ വായനശാലയിലേക്കു നടക്കണം. ഒരുകോപ്പി അയച്ചുകൊടുക്കാന്‍പോലും പത്രാധിപന്മാര് കൂട്ടാക്കിയിരിന്നില്ല.
എറണാകുളത്തെ സിതി ബില്‍ഡിംഗ്സില്‍ ‘ജീവിതനിഴല്പ്പാടെ’ഴുതുമ്പോഴത്തെ ഓര്‍മ്മകളില്‍ കൂടെ ഉണ്ടായിരുന്നവരെ അദ്ദേഹം ഓര്‍ത്തു. ”കെട്ടിടത്തിന്റെ ഒരു അടുക്കള മുറിയിലാണ് അന്നു ഞാന്‍ താമസിച്ചിരുന്നത്.അന്നു മറ്റു പലരോടൊപ്പം താഴെ പറയുന്നവരുമുണ്ടായിരുന്നു കെ. സി. ജോര്‍ജ്ജ്, കെ. ദാമോദരന്‍, എന്‍. സി. ശേഖര്‍, കളത്തിങ്കല്‍ പോത്തന്, എന്‍. ശ്രീകണ്ഠന് നായര്‍, വര്ഗ്ഗീസുവൈദ്യന്, എം.എന്‍. ഗോവിന്ദന്‍നായര്‍, ടി. വി. തോമസ് മുതലായവര്‍. ഇ. എം. ശങ്കരന് നമ്പൂതിരിപ്പാട്, പി. കൃഷ്ണപിളള, സുബ്രഹ്മണ്യശര്‍മ്മ, സര്‍ദാര്‍ ചന്ദ്രോത്ത് എന്നിവര്‍ വന്നും പോയും കൊണ്ടിരുന്നു.”
ബഷീറിലേക്ക് ആഴ്ന്നുചെന്ന എന്നെ ഉണര്‍ത്തിയത് അദ്ദേഹത്തിന്റെ ഭാര്യ ഫാബിയാണെന്നു തോന്നുന്നു. ആ ശബ്ദം അവരുടേതുതന്നെ. ”നായ കുരയ്ക്കുകയും കോഴികള്‍ കൊക്കുകയും പക്ഷികള്‍ കൂട്ടത്തോടെ ചിലയ്ക്കുകയും ചെയ്യുന്നതു കേട്ടല്ലോ. വല്ല പാമ്പോ, ചേരയുമായിരുന്നോ?”
”സഖാവ് മൂര്‍ഖന്‍!”
”എന്നിട്ടടിച്ചുകൊന്നില്ലേ? ”
”ഇല്ല, ഭവതിയെപോലെ ഇശ്വരസൃഷ്ടി. അതും ജീവിക്കട്ടെ. ഈ ഭൂഗോളത്തിന്റെ അവകാശിയാണ്.”
എത്ര പരമമായ സത്യം! ഞാന്‍ അറിയാതെ പറഞ്ഞുപോയി. പാണ്ഡിത്യ പ്രകടനമല്ല, നാട്ടുഭാഷയില്‍ നിന്നുളള ഊര്‍ജ്ജമാണ് ഈ ഭാഷ. അതെ, നവരസങ്ങളും ഭാഷയിലേക്കു പകര്‍ന്ന് അക്ഷരജാലത്താല്‍ അതിരുകളില്ലാത്ത ലോകത്തെയാണ് ബഷീര്‍ സൃഷ്ടിച്ചത്. സമസ്ത ജീവജാലത്തെയും അതില്‍ തനിക്കൊപ്പം കുടിയിരുത്തി. അവ ഒരോന്നും ഈ ഭൂമിയുടെ അവകാശികളാണെന്നു തിരിച്ചറിയുകയും ചെയ്തു.
ഭാഷ, മതം, സംസ്കാരം, വേഷഭൂഷാദികള്‍….. എല്ലാം വേറെയായിരുന്നാലും ലോകം മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന സ്നേഹത്തെ ബഷീര്‍ തിരിച്ചറിഞ്ഞു.
പാത്തുമ്മയുടെ ആടിനും, മാന്ത്രികപ്പൂച്ചക്കും മുച്ചീട്ടുകളിക്കാരന്റെ മകള്‍ക്കും ബാല്യകാലസഖിക്കും അതു പകര്‍ന്നുകൊടുത്തു. ശേഷിച്ചത് പ്രേമലേഖനമായി, കഥാബീജവും ഓര്‍മ്മക്കുറിപ്പും വിഡ്ഡികളുടെ സ്വര്‍ഗ്ഗവുമായി. ആനവാരിയും പൊന്‍കുരിശും, മതിലുകളും സ്ഥലത്തെ പ്രധാന ദിവ്യനുമെല്ലാം അതേറ്റുവാങ്ങി. എന്നിട്ടും എത്രയോ എത്രയോ ബാക്കി !
ബഷീര്‍ തന്നെയാണ് ചിന്തയില്‍ നിന്നുണര്‍ത്തിയത്. എന്തോ പറയുന്നു. ഞാന്‍ ചെവിയോര്‍ത്തു.
”മനുഷ്യര്‍ എവിടെയും ഒരുപോലെ. ഭാഷക്കും വേഷത്തിനും മാത്രം വ്യത്യാസം. എല്ലാം സ്ത്രീപുരുഷന്മാര്…. ജനിച്ചുവളര്‍ന്ന് ഇണചേര്‍ന്നു പെരുപ്പിക്കുന്നു. പിന്നെ മരണം. അത്രതന്നെ. ജനനമരണങ്ങളുടെ ഇടയിലുളള കഠിനയാതന എവിടെയുമുണ്ട്. മരണത്തോടെ എല്ലാം കഴിയുമോ?”
പെട്ടെന്ന് പറയാന്‍ തോന്നിയത് ഇതാണ്.
‘ഇന്ന് അങ്ങയുടെ ചരമദിനമാണ്!’ ബഷീര്‍ ഒന്നു ചിരിച്ചു.
എടാ ബുദ്ദൂസേ, ചരമദിനം!! ചരമദിനം ആര്‍ക്കും ഒരു അനുഭവവും നല്‍കുന്നില്ല. എന്റെ ജന്മദിനം വായിച്ചിട്ടില്ലെ?’
മറുപടി കേള്‍ക്കാന്‍ നില്‍ക്കാതെ ബഷീര്‍ വീണ്ടും പുകവലയത്തില്‍ മറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: