619. സമയസങ്കേതാഃ – സമയത്തെക്കുറിച്ചും പൂജാസങ്കേതങ്ങളെക്കുറിച്ചും മുന്‍നാമങ്ങളില്‍ പറഞ്ഞു. സമയസങ്കേതവിധിപ്രകാരം പൂജിക്കപ്പെടുന്നതിനാല്‍ ദേവിക്ക് സമയസങ്കേതാ എന്നു പേര്.
620. വാരാഹീഃ – വിഷ്ണുഭഗവാന്റെ ഒരു അവതാരമൂര്‍ത്തിയായ യജ്ഞവരാഹത്തിന്റെ ശക്തിയായവള്‍. ലളിതാദേവിയുടെ ശക്തിസേനയുടെ ആധിപത്യം വാരാഹീ ദേവിക്കാണെന്നു മുമ്പു പറഞ്ഞിരുന്നു.
621. പോത്രിണീഃ – പോത്രം ഉള്ളവള്‍. വരാഹത്തിന്റെ തേറ്റയാണു പോത്രം. പോത്രിണീ- പാത്രം ഉള്ളവള്‍. പെണ്‍പന്നിയുടെ മുഖമുള്ള പോത്രിണീ ദേവിക്കു തേറ്റകള്‍ ഉള്ളതിനാല്‍ ഈ പേര്.
622. ശിവാഃ – മംഗളമൂര്‍ത്തിയായ ശ്രീപരമേശ്വരനാണു ശിവന്‍. ശിവന്റെ പത്‌നിയും പ്രവര്‍ത്തനശക്തിയുമായ ദേവി . ശിവ ശബ്ദത്തിന് ശുഭം, മംഗളം, ഭാഗ്യം, സന്തോഷം, മുക്തി എന്നീ അര്‍ത്ഥങ്ങളുണ്ട്. ശിവാ എന്നു സ്ത്രീലിംഗമാകുമ്പോള്‍ ശുഭവും മംഗളവും ഭാഗ്യവും സന്തോഷവും മുക്തിയും നല്‍കുന്നവള്‍ എന്നു വ്യാഖ്യാനിക്കാം.
623. വാര്‍താളീഃ – ശ്രേഷ്ഠകളായ തോഴിമാരുള്ളവള്‍. ശക്തിസേനയിലെ നായികമാരാണു വാരാഹീദേവിയുടെ തോഴിമാര്‍. ആ ശക്തിദേവിമാര്‍ ഓരോരുത്തരും പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനശക്തികളാണ്.
624. മഹാസേനാഃ – മഹത്തായ സേനയുള്ളവള്‍. ശക്തിസൈന്യത്തിന്റെ ആധിപത്യം വാരാഹീദേവിക്കാണ്. ആ സൈന്യത്തിന്റെ പ്രവര്‍ത്തനമാണു പ്രപഞ്ചപ്രവര്‍ത്തനം. പ്രപഞ്ചത്തിനറെ സുഗമമായ പ്രവര്‍ത്തനത്തെ തടയുന്ന എല്ലാത്തിനെയും നശിപ്പിക്കുന്ന ശക്തിസൈന്യമുള്ളവള്‍.
625. ആജ്ഞാചക്രേശ്വരീ ശുഭാഃ – ആധാരചക്രങ്ങളില്‍ മുകളറ്റത്ത് ഭൂമദ്ധ്യസ്ഥാനത്തുള്ള രണ്ടു ദളങ്ങളുള്ള ചക്രമാണ് ആജ്ഞ. അതിന്റെ കര്‍ണ്ണികാസ്ഥാനത്ത് ‘ഹാകിനി’ എന്ന യോഗിനിയുടെ രൂപത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍ ദേവിക്കു ആജ്ഞാചക്രേശ്വരീ എന്നുപേര്. പിണ്ഡാണ്ഡത്തിനു സൗഖ്യം വരുത്തുന്നവളാകയാല്‍ ശുഭാ എന്ന വിശേഷണം ആജ്ഞാചക്രേശ്വരീരൂപത്തില്‍ ശരീരത്തെ സംരക്ഷിക്കുന്നവള്‍.
… തുടരും
















