എറണാകുളം ജില്ലയിലെ അശമന്നൂര്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ കല്ലില്‍ ഭഗവതി ക്ഷേത്രം. കേരളത്തിലെ ഗുഹാക്ഷേത്രങ്ങളുടെ പട്ടികയില്‍പ്പെട്ടതുമാണ്. സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെപ്പോലെ വിനോദ സഞ്ചാരികളും എത്താറുണ്ട്.
കല്ലില്‍ ജംഗ്ഷനില്‍ ക്ഷേത്രകമാനം കാണാം. ചെറുകയറ്റം കയറിക്കഴിഞ്ഞാല്‍ സമതലപ്രദേശം. അവിടെ നിന്നുള്ള കാഴ്ച ചേതോഹരമാണ്. ഏതാണ്ട് 28 ഏക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന കുന്നുകളും മേടുകളും. ഇവിടെ ഊട്ടുപുരയും കുളവുമുണ്ട്. അവിടെ നിന്നാല്‍ ക്ഷേത്രത്തിലെ കല്ല് കാണാന്‍ കഴിയില്ല. കരിങ്കല്‍പടികള്‍ കയറിയെത്തുമ്പോള്‍ ആനപ്പന്തല്‍.
പാറ തുരന്നുണ്ടാക്കിയ ശ്രീകോവില്‍. ശ്രീകോവിലിന് മുകളില്‍ എടുത്തുവച്ചതുപോലെ വലിയ പാറ. നിലംതൊടാത്ത ഭീമാകാരമായ ശില, പാറയ്ക്കകത്ത് കൗതുകമുണര്‍ത്തുന്ന ഒരു വിറകുപുരയും കാണാം. ശ്രീകോവിലിലെ പ്രധാനദേവി ദുര്‍ഗ. ഭഗവതി കിഴക്കോട്ട് ദര്‍ശനമേകുന്നു. ശാന്തസ്വരൂപിണി. ശ്രീകോവിലിന്റെ ഇടതുഭാഗത്തായി ശിവന്, വിഷ്ണു, ഗണപതി, ശാസ്താവ് കൂടാതെ ബ്രഹ്മാവുമുണ്ട്. ശ്രീകോവിലിന് പുറത്ത് ഭഗവതി, വലതുവശത്ത് നാഗയക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുണ്ട്. ശ്രീകോവിലിനുമുന്നില്‍ മണ്ഡപം.
കരിങ്കല്ത്തൂണുകളില് തീര്‍ത്തിരിക്കുന്ന ഈ മണ്ഡപം താഴ്ന്നിരിക്കുന്നത് ഇവിടത്തെ മാത്രം പ്രത്യേകതയാണ്. കരിങ്കല്‍ കോവണിയിലൂടെ കയറിയാണ് ബ്രഹ്മാവിന് പൂജ ചെയ്യുന്നത്. രാവിലെ മാത്രം നട തുറക്കാറുള്ള ഈ ക്ഷേത്രത്തില്‍ രാവിലെ മാത്രമേ പൂജയുള്ളൂ. വൈകുന്നേരത്തെ പൂജ കല്ലില്‍ പിഷാരത്തെ തറവാട്ടിലാണ്. ചൂല് നടയ്ക്കുവയ്ക്കുന്നത് ഇവിടത്തെ വിശേഷ വഴിപാടാണ്. 41 ദിവസത്തെ വ്രതാനുഷ്ഠാനത്തോടെയാണ് സ്ത്രീകള്‍ ചൂല് നടയ്ക്കുവയ്ക്കുന്നത്. തലമുടി സമൃദ്ധമായി വളരുന്നതിന് വേണ്ടിയുള്ള വഴിപാടാണിത്.
ഒരിക്കല്‍ ദേവി ആകാശത്തിലൂടെ സഞ്ചരിക്കവെ ഈ പ്രദേശത്തിന്റെ മനോഹാരിത ഇഷ്ടപ്പെടുകയും ഇവിടെ ഇറങ്ങുകയും ചെയ്തു. സന്തോഷാധിക്യത്താല്‍ ഇവിടെ കണ്ട മൂന്നു പാറകള്‍ എടുത്ത് ദേവി അമ്മാനമാടാന്‍ തുടങ്ങി. മല വര്‍ഗക്കാരനായ ഒരാള്‍ അത് കാണുകയും ”അയ്യോ, കല്ലേ, ദേവീ…” എന്ന് ഉറക്കെ വിളിക്കുകയും ചെയ്തു. അതുകേട്ടപ്പോള്‍ ദേവി കൈയിലിരുന്ന കല്ലുകള്‍ കളയുകയും അവിടിരുന്ന വലിയ കല്ലിനുള്ളില്‍ കയറി ഒളിക്കുകയും ചെയ്തുവെന്ന് വിശ്വസിക്കുന്നു. പിന്നീട് പരമശിവന്റെ സാന്നിധ്യം ഉണ്ടാവുകയും മലവേടന് അറിയിച്ചതും പ്രകാരം ആള്‍ക്കാരെത്തി ആരാധന തുടങ്ങിയെന്നുമാണ് ഐതിഹ്യം.
വൃശ്ചികമാസത്തിലാണ് ഉത്സവം.
കാര്‍ത്തികയ്ക്ക് കൊടിയേറി എട്ടാം ദിവസം ആറാട്ട്. അന്ന് എല്ലാ ദിവസവും പൂജകളുണ്ടാകും. അതുപോലെ വൈകിട്ട് നട തുറന്നുമിരിക്കും. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തുള്ള കല്ലില്‍ പിഷാരത്തേക്ക് ആന എഴുന്നെള്ളത്തുമുണ്ടാകും. ഉത്സവത്തിന് പിടിയാന വേണമെന്ന നിര്‍ബന്ധവുമുണ്ട്. എന്നാല്‍ പതിവ് തെറ്റിച്ച് ഒരിക്കല്‍ കൊമ്പനാനയെ എഴുന്നെള്ളിച്ചുവെന്നും എഴുന്നെള്ളത്ത് പോകുന്നമാര്‍ഗേ ആന കല്ലായിത്തീര്ന്നുവെന്ന് പഴമക്കാര്‍. ആനയുടെ ആകൃതിയിലുള്ള കല്ല് സന്ദര്‍ശകര്‍ക്ക് വിസ്മയമായി നില്‍ക്കുന്നത് കാണാം. ക്ഷേത്രത്തില്‍ നിന്നും ഒരു കി.മീ. അകലെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: