ആറന്മുളയുടെ മേല്‍വിലാസം എന്താണ്? അടുത്തിടെ അത് വിമാനത്താവളമായിരുന്നു. ഒരു വിമാനംപോലും പറന്നുയരുകയോ ഇറങ്ങുകയോ ചെയ്യാതെ ഒരു വിമാനത്താവളം ഇത്രമാത്രം ചര്‍ച്ചചെയ്യപ്പെടുന്നത് ആദ്യമായിരിക്കും. പക്ഷേ, അതിനും മുമ്പേ, അതിലും ഏറെയേറെ നാള്‍മുമ്പേ, ആറന്മുളയുടെ അടയാളമായി മാറിയ ആറന്മുളക്കണ്ണാടിയുണ്ട്. ഒരുപക്ഷേ, ആ നാട്ടുകാര്‍ക്ക് അധികപ്പറ്റെന്നു തോന്നിയ വിമാനത്താവളം നടപ്പിലാകാതെ പോയത് ഈ കണ്ണാടിപ്പെരുമകൊണ്ടായിരിക്കണം. കാരണം, നശിപ്പിക്കാന്‍ ശ്രമിക്കുന്നവരോട് അദൃശ്യമായി പോരാടുന്നത് സംസ്കാരത്തിന്റെ സവിശേഷതയാണല്ലോ. സംസ്കാരം സംരക്ഷിക്കാന്‍ അതത് കാലത്ത് ധര്‍മ്മം ആള്‍രൂപം കൊള്ളുകയും ചെയ്യുമല്ലോ.
പുരാണ പ്രസിദ്ധമായ ആറന്മുളയ്ക്ക് തനത് സവിശേഷതകളേറെയാണ്. മധ്യമപാണ്ഡവനായ അര്ജ്ജുനന് പ്രതിഷ്ഠിച്ചതെന്ന് കരുതപ്പെടുന്ന പാര്‍ത്ഥസാരഥി ക്ഷേത്രം, ആചാരാനുഷ്ഠാനങ്ങളോടെയുള്ള ഉത്രട്ടാതി വള്ളംകളി, ആശ്വാസം നല്കുന്ന വിശ്വാസമായി വള്ളസദ്യ, വാസ്തുവിദ്യാ ഗുരുകുലം, വിജ്ഞാന കലാവേദി, അഭിനയകലയുടെ അമ്മഭാവമായി പൊന്നമ്മയുടെ ജന്മദേശം ഇങ്ങനെ പോകുന്നു പെരുമകള്‍. ഇതിനെല്ലാം മേലേ, ലോകമെമ്പാടുമുള്ള ജനങ്ങള്‍ വിസ്മയപൂര്‍വം നോക്കിക്കാണുന്നത് ആറന്മുള കണ്ണാടിയെയാണ്. ആറന്മുളയുടെ ലോകമെമ്പാടുമുള്ള മേല്‍വിലാസവും ആറന്മുള കണ്ണാടിതന്നെ.
ആറന്മുളക്കണ്ണാടി
നാലു ശതാബ്ദത്തിലേറെ പഴക്കമുള്ള പ്രത്യേക ലോഹക്കൂട്ടില്‍ വാര്‍ത്തെടുക്കുന്ന ഇതിന്റെ ജനിതക രഹസ്യം പുറംലോകത്തിന് ഇന്നും അജ്ഞാതമാണ്.
പശ്ചിമ ഭാരതത്തില്‍ നിലനിന്നിരുന്നതും മോഹന്ജോദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നും 1922ല്‍ കുഴിച്ചെടുക്കപ്പെടുകയും ചെയ്തലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് ഏറെ ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. 4000വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തില്‍ ലോഹക്കണ്ണാടിയുടെ നിര്‍മ്മാണം നിലനില്‍ക്കുന്നത് ആറന്മുളയില് മാത്രമാണ്. മൂന്നോ നാലോ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഇതിന്റെ നിര്‍മാണ പാരമ്പര്യം അതീവരഹസ്യമായാണ് പിന്‍തലമുറകളിലേക്ക് പകര്‍ന്നു നല്‍കിവരുന്നത്. അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ളവര്‍ക്ക് ആറന്മുളക്കണ്ണാടി രഹസ്യ-അത്ഭുത വസ്തുവാണ്.
ചെമ്പിന്റെയും വെളുത്തീയത്തിന്റെയും നിശ്ചിതമായ ഒരു അനുപാതത്തിലാണ് അതിന്റെ പ്രതലം വാര്‍ത്തെടുക്കുന്നത്. മണല്‍ കലരാത്ത പുഞ്ചമണ്ണും മേച്ചില്‍ ഓടും പഴയ ചണച്ചാക്കും ചേര്‍ത്ത് അരച്ചുണ്ടാക്കിയ കരുവില്‍ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. പിന്നീട് തടി ഫ്രെയിമുകളില്‍ അരക്കിട്ടുറപ്പിച്ച് ലോഹഫലകം ചാക്കുകൊണ്ടുള്ള പ്രതലംകൊണ്ട് ഉമിയും മരോട്ടിയെണ്ണയും പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അതിനുശേഷം വെല്‍ വെറ്റ് പോലുള്ള മൃദുലമായ തുണികൊണ്ട് അവസാന മിനിക്കുപണി നടത്തി വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളില്‍ അരക്കിട്ടുറപ്പിക്കുന്നു.
വിഭ്രംശമില്ലാത്ത യഥാര്‍ത്ഥ രൂപം ദര്ശിക്കാനാകുന്നുവെന്നതാണ് ആറന്മുളക്കണ്ണാടിയെ മറ്റുള്ളവയില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്നത്. സാധാരണ കണ്ണാടിയില്‍ വിരല്‍ തൊട്ടാല്‍ കണ്ണാടിയ്ക്കും വിരലിനും ഇടയില്‍ കണ്ണാടിക്കനത്തിന്റെ വിടവുണ്ടാവും. ആറന്മുളക്കണ്ണാടിയില് തൊട്ടാല്‍ വിരലുകള്‍തമ്മില്‍ മുട്ടുന്നുവെന്നു തോന്നും. ആറന്മുളക്കണ്ണാടിതന്നെയല്ലേ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതും ഈ പ്രത്യേകതയാണ്. ലോഹനിര്‍മിതമാണെങ്കിലും നിലത്ത് വീണാല്‍ സാധാരണ കണ്ണാടിപോലെ ആറന്മുളക്കണ്ണാടിയും ഉടയും. അതാണ് ലോഹക്കൂട്ടിന്റെ പ്രത്യേകത. ഈ കണ്ണാടിക്ക് പുറംലോകത്ത് വലിയ മതിപ്പും വിലയുമാണ്.
ഐതിഹ്യം ഇങ്ങനെ
ഏറ്റവും വിശ്വസനീയമായത് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഐതിഹ്യം ഇങ്ങനെ-
അഞ്ച് നൂറ്റാണ്ട് മുമ്പ് ആറന്മുളക്ഷേത്രത്തിന്റെ പൂജകള്ക്കുമായുള്ള വിളക്കുകള്‍, പാത്രങ്ങള്‍, എന്നിവ നിര്‍മിക്കുവാന്‍ രാജാവ് തമിഴ്നാട്ടിലെ ശങ്കരന് കോവില്‍ എന്ന സ്ഥലത്തുനിന്നും വിശ്വകര്മജരായ ശില്‍പ്പികളെ കൊണ്ടുവന്നു. ഇവരുടെ ജോലികളില്‍ രാജാവ് അതീവസന്തുഷ്ടനായി.
ശില്പ്പികളുടെ മൂപ്പന് ‘കരമൊഴിവായി’ ധാരാളം വസ്തുവകകളും ദ്രവ്യങ്ങളും നല്കി; മൂപ്പന് കൊട്ടാരം ആസ്ഥാന ശില്‍പ്പി പദവിയും. എന്നാല്‍ മൂപ്പന്റെ മരണശേഷം ശില്‍പ്പികള്‍ അലസരായി. പിന്തലമുറയില്പ്പെട്ടവര്ക്കാര്ക്കും കോവിലകത്തേക്കാവശ്യമായ പാത്രങ്ങള്‍ യഥാസമയം നിര്‍മ്മിച്ചു നല്കാന് കഴിഞ്ഞില്ല.
കോപിഷ്ഠനായ രാജാവ് അവരെ ശിക്ഷിക്കുകയും വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തു. അങ്ങനെ ഈ ശില്‍പ്പികള്‍ കൊടും ദാരിദ്ര്യത്തിലായി. ഇവരുടെ സ്ത്രീകള്‍ ചെറിയ ചെറിയ ജോലികളില്‍ ഏര്‍പ്പെട്ട് ചില ഓട്ടുപാത്രങ്ങള്‍ നിര്‍മിച്ച് വിറ്റ് ഉപജീവനം നടത്തി. പാര്‍വതി അമ്മാള്‍ എന്നൊരു സ്ത്രീ ഓട്ടുപാത്രം മിനുക്കുന്നതിനിടയില്‍ അവരുടെ മുഖം അതില്‍ പ്രതിബിംബിച്ചു. വീണ്ടും വീണ്ടും അവര്‍ അത് മിനുക്കി. അപ്പോഴൊക്കെ കൂടുതല്‍ കൂടുതല്‍ വ്യക്തമായി പ്രതിബിംബം കണ്ടുവത്രെ. അമ്മാള്‍ അത് അപ്പാവിനെ അറിയിച്ചു.
ലോഹക്കൂട്ടുണ്ടാക്കിയതെങ്ങനെയെന്ന് പാര്‍വതിക്ക് വിശദീകരിക്കാനായില്ല. വൃദ്ധന് പിന്നീട് പല പല അനുപാതത്തില്‍ ചെമ്പും വെളുത്തീയവും ചേര്‍ത്തു പരീക്ഷിച്ചു. ഒടുവില്‍ ആ ‘രസഹ്യം’ മനസ്സിലായി. അദ്ദേഹം മനോഹരമായ ഒരു കണ്ണാടിയുണ്ടാക്കി. അത് ഒരു പിത്തള ചട്ടക്കൂട്ടില്‍ ഘടിപ്പിച്ച് രാജാവിന് കാഴ്ചവെച്ചു.
അതോടെ രാജാവിന്റെ കോപം ശമിക്കുകയും വിശ്വകര്‍മ്മജരുടെ ആസ്ഥാനശില്പ്പി പദവിയും കണ്ടുകെട്ടിയ വസ്തുവകകളും തിരിച്ചുനല്കിയെന്നുമാണ് ഐതീഹ്യം. പക്ഷേ ഇന്നും ആ ലോഹക്കൂട്ട് നിര്‍മ്മാണം രഹസ്യമാണ്. ഓരോരോ തലമുറകളിലേക്കും അതീവരഹസ്യമായിട്ടാണ് അത് ഇന്നും കൈമാറുന്നത്.
രൂപം മാത്രം മാറുന്നു
ആദ്യ കാലങ്ങളില്‍ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിര്‍മ്മിച്ചിരുന്നത്. പിന്നീട് വാല്‍ക്കണ്ണാടിയുടെ രൂപത്തിലും ഭിത്തിയില്‍ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്‍ഡുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി ഉറപ്പിക്കപ്പെട്ടു. ആറന്മുളക്കണ്ണാടി പലതരത്തിലും ഇന്ന് നിലവിലുണ്ട്. പീഠക്കണ്ണാടി, വാല്‍ക്കണ്ണാടി, ഭിത്തിയില്‍ ഉറപ്പിക്കാവുന്ന കണ്ണാടി എന്നിങ്ങനെ. പക്ഷേ കണ്ണാടിയുടെ നിര്‍മാണചേരുവകളില്‍ മാത്രം അണുവിട മാറ്റമുണ്ടായില്ല.
കേരളത്തിലെ മംഗളകര്‍മങ്ങളുടെ മുഹൂര്ത്തങ്ങളിലുപയോഗിക്കുന്ന അഷ്ടമംഗല്യത്തില് പ്രൗഢിയുടേയും സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായി ആറന്മുളക്കണ്ണാടിയും വയ്ക്കുന്നുണ്ട്. കേരളീയതയുടെ പ്രതീകങ്ങളിലൊന്നായി ലോകമെമ്പാടും അറിയപ്പെടുന്ന ആറന്മുളക്കണ്ണാടിക്ക് വിദേശരാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്.
വിശിഷ്ടവ്യക്തികള്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ ആറന്മുള കണ്ണാടിയാണ് ഉപഹാരമായി നല്‍കുന്നത്. കണ്ണാടിയുടെ ‘പ്രതലം’ നിര്‍മിച്ചുകഴിഞ്ഞാല്‍ അതിന്റെ ചട്ടക്കൂട് ഉണ്ടാക്കുന്നതും അതീവകലാവൈഭവത്തോടെയാണ്. മയില്‍പ്പീലിയുടെ ആകൃതി, ഗോളാകൃതി, പീഠാകൃതി എന്നുവേണ്ട ഈ ഫ്രെയിമുകളെല്ലാം അതീവ ഹൃദ്യമാണ്.
കടലും കടന്ന്
2010 ല്‍ ലോക വിനോദസഞ്ചാരമേളയെ ആറന്മുളക്കണ്ണാടി പ്രതിബിംബിപ്പിച്ചു. അമേരിക്കയിലെ ലോസാഞ്ചലസില്‍ നടന്ന ലോകവിപണനമേളയിലെ പ്രമുഖ ഇനങ്ങളില്‍ ഒന്ന് ആറന്മുളക്കണ്ണാടിയായിരുന്നു. പൈതൃകത്തിന്റെ മഹനീയതയും പെരുമയും അതിന്റെ നിര്‍മാണ വൈദഗദ്ധ്യവും വിദേശികള്‍ അത്യത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. അന്ന് ആറന്മുളക്കണ്ണാടിയുടെ നിര്മാണപ്രതിനിധിയായി ലോസാഞ്ചലസില്‍ പോയത് ഈ കുടുംബത്തിലെ ഗോപകുമാര്‍ എന്ന യുവശില്പ്പിയാണ്.
നിര്‍മാണത്തിലും വിപണനത്തിലും മുന്നിട്ടുനില്ക്കുന്നുവെങ്കിലും ഇതിന്റെ ഇടനിലക്കാര്‍ ശില്‍പ്പികളെ ചൂഷണം ചെയ്യുകയാണെന്നാക്ഷേപമുണ്ട്. തുച്ഛമായ വിലകൊടുത്ത് ഇടനിലക്കാര്‍ കണ്ണാടികള്‍ വാങ്ങി മുന്തിയ വിലയ്ക്ക് വില്‍ക്കുന്നു. ഈ ചൂഷണം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒരു സഹകരണ സംഘം ഉണ്ടാക്കിയെങ്കിലും വലിയ ഫലമുണ്ടായില്ല.
ലോകത്തെമ്പാടുമുള്ള വര് ഈ കരകൗശലക്കണ്ണാടിയുടെ ഗരിമ അറിയുന്നുണ്ടെങ്കിലും ആഗോളവിപണിയിലെത്തിച്ച് അതിന്റെ പിന്നില്‍ കഠിനാദ്ധ്വാനം ചെയ്യുന്നവര്‍ക്ക് ഇനി പ്രതീക്ഷ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: