കൊച്ചി: കൊച്ചി പനി ചൂടില്‍. വിവിധതരം പനികള്‍ പടര്‍ന്ന് പിടിച്ചതോടെ ആശുപത്രികളില്‍ നിന്ന്തിരിയാനിടമില്ലാതായി. അതിരാവിലെ തന്നെ ആശുപത്രികള്‍ പനിക്കാരെകൊണ്ട് നിറയും. മഴതുടങ്ങി ഒരാഴ്ചക്കുള്ളില്‍തന്നെ 100 ഓളം ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് ദിവസേന പനിയുമായി ആശുപത്രിയെ സമീപിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്ദ്ധനാവാണ് ഉണ്ടാവുക. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ നടത്താതിനാല്‍ കൊതുകു ശല്യം മൂലം നഗരത്തില്‍ രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ കൊതുക് ബാറ്റുപയോഗിക്കണമെന്നതാണ് സ്ഥിതി. കൊതുകിനെ അകറ്റാന്‍ ഫോഗിംഗ് നടത്തുന്ന രീതിയും പേരിലുപോലുമില്ല. ചില സ്ഥലങ്ങളില്‍ കൊതുകിന് മരുന്ന് തളിക്കാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ടെങ്കിലും അത്തരം നടപടികള്‍ രേഖകളില്‍ ഒതുങ്ങുകയാണെന്നാണ് ആരോപണം.
പനിയേതുടര്‍ന്ന് ആളുകള്‍ മരിക്കാനിടയായാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം കോര്‍പ്പറേഷനാണെന്ന് വിവിധ ഹൗസിംഗ് കോളനി ഭാരവാഹികള്‍ പറഞ്ഞു. ശക്തമായ പനിയും തലവേദനയും, ചുമയും, ശരീര വേദനയും ഡങ്കിപ്പനിയുടെ ലക്ഷണമാണെന്ന് അധികൃതര്‍ പരസ്യപ്പെടുത്തുമ്പോളും മുന്‍കരുതല്‍ നടപടികള്‍ ഫയലില്‍ ഉറങ്ങുകയാണ്. പ്രതിരോധമരുന്ന് വിതരണം നടക്കുന്നില്ല.
മഞ്ഞപിത്തവും, ഫഌവും പടര്‍ന്ന് പിടിച്ചിട്ടുണ്ട്. കുടിവെള്ളത്തില്‍ കോളി ഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ സമയത്തും കോര്പ്പറേഷന് അധികൃതര്‍ ഉറക്കത്തിലാണെന്നാണ് ആരോപണം. മഴക്കാലത്തിന് മുന്നോടിയായുള്ള ശുദ്ധീകരണ പ്രവര്‍ത്തനം നടത്താത്തതിന് എതിരെ രംഗത്ത് വന്ന പ്രതിപക്ഷം പനി വ്യാപാകമായിട്ടും നിശബ്ദത തുടരുന്നത് ഒത്ത് കളിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: