കൊച്ചി: കൊച്ചി മെഡിക്കല്‍ കോളേജിനോട് അനുബന്ധിച്ചു വിഭാവനം ചെയ്ത കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രാരംഭ നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി. 450 കോടി രൂപ മുടക്കി 300 കിടക്കകളുള്ള ആശുപത്രിയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്.
എറണാകുളത്തിനും പരിസര ജില്ലകള്‍ക്കും പ്രയോജനപ്പെടുന്ന പദ്ധതി ഇനിയും ആരംഭിക്കാത്തതിനെതിരെ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് കമ്മീഷന് ചെയര്മാന് ജെ.ബി. കോശി ഈ നിര്‍ദേശം നല്‍കിയത്.
കോതമംഗലം ഭാഗത്ത് റോഡരികിലുള്ള അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് കമ്മീഷന് നേരത്തെ ഉത്തരവു നല്‍കിയിരുന്നതാണെന്നും ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിന് കമ്മീഷന് നിര്‍ദേശം നല്കി. ദുര്‍ബലമായ തടിയുള്ള മരങ്ങള്‍ക്കു പകരം തമിഴ്നാട്ടിലേതു പോലെ വാളന്‍പുളി, പ്ലാവ്, മാവ് തുടങ്ങിയ മരങ്ങള്‍ റോഡരികുകളില്‍ വച്ചുപിടിപ്പിക്കണമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടു.
ഇന്നലെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍ 47 കേസുകളാണു പരിഗണിച്ചത്. 15 കേസുകള്‍ വിശദമായ റിപ്പോര്‍ട്ടിനായി മാറ്റിവച്ചു. 15 കേസുള്‍ തീര്‍പ്പാക്കി. രണ്ടു കേസുകളില്‍ തീര്‍പ്പായില്ല. ബാക്കി കേസുകളില്‍ കക്ഷികള്‍ ഹാജരാകാത്തതിനാല്‍ തീര്‍പ്പായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: