കൊച്ചി: നഗരത്തിലെ ഓട്ടോ തൊഴിലാളികളെ പെര്‍മിറ്റിന്റെ പേരില്‍ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍ ആവശ്യപ്പെട്ടു. ജില്ലാ മോട്ടോര്‍ തൊഴിലാളി സംഘത്തിന്റെ (ബിഎംഎസ്) നേതൃത്വത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു
സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിലെ ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് വിതരണം പൂര്‍ത്തിയാകുന്നതുവരെ നഗരത്തിലെ സ്ഥിരം താമസക്കാരായ തൊഴിലാളികളെ തൊഴിലെടുക്കുവാന്‍ അനുവദിക്കണമെന്നും സിറ്റിയുടെ ദൂരപരിധി നിശ്ചയിക്കണമെന്നും ലീഗല്‍ മെട്രോളജി വകുപ്പ് പുതിയ നിരക്കനുസരിച്ച് മീറ്റര്‍ സീല്‍ ചെയ്തു നല്കുവാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ കോര്പ്പറേഷന് മേയര്‍ അടിയന്തരമായി ഇടപെട്ട് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ബിഎംഎസ് ശക്തമായ പ്രക്ഷോഭപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ബിഎംഎസ് കൊച്ചി മേഖലാ സെക്രട്ടറി ഉദയന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്. വിനോദ് കുമാര്‍, ജില്ലാ ജോ.സെക്രട്ടറി കെ.എസ്. അനില്‍കുമാര്‍, എറണാകുളം മേഖലാ സെക്രട്ടറി സജിത്ത് ബോള്‍ഗാട്ടി, എ.ബി. അനില്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രതിഷേധ മാര്‍ച്ചിന് കെ. സിബി, കെ.ആര്. രാജശെല്വന്, എം.എസ്. സുനില്‍ കുമാര്‍, സതീശന് കടവന്ത്ര, സജിത്ത് കൂനമ്മാവ്, വൈറ്റില ബിജു, അന്വര്ഖാന്, എം.എക്സ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: