തൃശൂര്‍: വിവാദ വ്യവസായി വി.എം.രാധാകൃഷ്ണന് കേരള വ്യാപാരി വ്യവസായി സമിതിയില്‍ അംഗത്വം കൊടുക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ട്് തടഞ്ഞു. സമിതിയുടെ ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടക്കുന്ന തൃശൂരിലെ സാഹിത്യ അക്കാദമി ഹാളില്‍ ഇന്നലെയാണ് സംഭവം. ക്യാമ്പയിനില്‍ പങ്കെടുക്കാനായി വി.എം.രാധാകൃഷ്ണന് ഇന്നലെ രാവിലെ തന്നെ സ്ഥലത്ത് എത്തിയിരുന്നു.
ചടങ്ങില്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലയിലെ വിവിധ വ്യാപാരികള്‍ക്കു നല്കി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അംഗത്വം വിതരണം ചെയ്യേണ്ട വ്യാപാരികളുടെ കൂട്ടത്തില്‍ വി.എം.രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെട്ടിരുന്നതായാണ് വിവരം. എന്നാല്‍ രാധാകൃഷ്ണനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് വ്യാപാരികള്‍ക്കിടയില്‍ എതിര്‍പ്പുയരുകയും തുടര്‍ന്ന് സിപിഎം നേതൃത്വം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു.
പ്രശ്നം രൂക്ഷമായതോടെ രാധാകൃഷ്ണന് സദസില്‍ നിന്ന് ഇറങ്ങിപ്പോയി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന നേതാക്കളുമായി ഫോണില്‍ ബന്ധപ്പെട്ടാണ് വി.എം.രാധാകൃഷ്ണന് അംഗത്വം നല്‍കരുതെന്ന് വിലക്കിയത്. എന്നാല്‍ പാര്‍ട്ടിയിലല്ല, സംസ്ഥാന വ്യാപാരി വ്യവസായി സമിതി നല്കുന്ന അംഗത്വം കൈപ്പറ്റുന്നതിനാണ് എത്തിയതെന്ന് രാധാകൃഷ്ണന് പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: