കൊല്ലം: എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്ര താരം സുരേഷ് ഗോപിയോട് അപമര്യാദയായി പെരുമാറുകയും ഇറക്കി വിടുകയും ചെയ്ത ജനറല്‍ സെക്രട്ടറി സുകുമാരന്‍നായരുടെ നടപടിക്കെതിരെ കൊല്ലം താലൂക്ക് യൂണിയനില്‍പ്പെട്ട 1200 നമ്പര്‍ എന്‍എസ്എസ് കരയോഗത്തിലേയും 5288-ാം നമ്പര്‍ ശിവോദയം എന്‍എസ്എസ് കരയോഗങ്ങളുടെയും യുവജനങ്ങള്‍ പ്രതിഷേധപ്രകടവനും യോഗവും നടത്തി.
വിവിധ സമയങ്ങളില്‍ മോഹന്‍ ലാലിനെയും ശശിതരൂരിനെയും ആര്. ബാലകൃഷ്ണപിള്ളയെയും ഇപ്പോള്‍ സുരേഷ് ഗോപിയെയും ആക്ഷേപിച്ചത് വഴി എന്‍എസ്എസിന്റെ പൈതൃകവും പാരമ്പര്യവും പൊതുസമൂഹത്തില്‍ നശിപ്പിക്കുകയാണ് സുകുമാരന്‍ നായര്‍ ചെയ്തതെന്ന് ഇവര്‍ ആരോപിച്ചു. മാണിക്കും ഉമ്മന്‍ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും കുര്യനും വേണ്ടി സല്‍ക്കാരം ഒരുക്കുന്ന ജനറല്‍ സെക്രട്ടറി വിവിധ മേഖലകളില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്ന സമുദായംഗങ്ങളെ ആക്ഷേപിക്കുന്നത് അപകര്‍ഷതാബോധം കൊണ്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മരണംവരെ എന്‍എസ്എസിന്റെ ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന വ്യാമോഹം സുകുമാരന്‍നായര്‍ക്ക് വേണ്ടെന്നും കരയോഗാംഗങ്ങള്‍ പറഞ്ഞു. പതിനെട്ടിന് മുകളില്‍ പ്രായമുള്ള ഒരു സമുദായാഗംവും സുകുമാരന്‍ നായരെ അംഗീകരിക്കില്ലെന്നും ഇവര്‍ പറഞ്ഞു. യോഗത്തില്‍ ഗിരിഷ്കുമാര്‍, ജയകുമാര്‍, സുനില്‍കുമാര്‍, ഗോപകുമാര്‍, രാജ് മോഹന്‍, രതീഷ് അരുണ്‍ സുരേഷ് നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: