കൊല്ലം: പരിമിതികള്‍ക്ക് നടുവിലാണ് കൊല്ലം കുടുംബ കോടതിയുടെ പ്രവര്‍ത്തനം. കേസുകളുടെ വര്‍ധനവ് ദിനംപ്രതിയുണ്ടാകുന്നെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ അതിനൊത്ത് ഉയരുന്നില്ല. നാലായിരം കേസുകളാണ് നിലവില്‍ ഇവിടെയുള്ളത്. കൂടാതെ മുന്നൂറോളം കേസുകള്‍ മാസംതോറും പുതുതായി ഫയല്‍ ചെയ്യുന്നുണ്ട്.ദിവസം അറുനൂറോളം പേരെത്തുന്ന ഇവിടെ കൂടിവെള്ള സൗകര്യവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ടോയ്ലറ്റുകളും ഇല്ല.
കെട്ടിടം വളരെ കാലപ്പഴക്കം ചെന്നതാണ്. മേല്‍ക്കൂര ഇളകിവീഴുന്ന അവസ്ഥയിലുമാണ്.
ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള കോടതിമുറിയില്‍ ചൂടുകാരണം നില്ക്കാന് കഴിയാത്ത അവസ്ഥയാണുള്ളതെന്ന് അഭിഭാഷകരും കേസിന് എത്തുന്നവരും പറയുന്നു. കേസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഇതുവരെയും ആയിട്ടില്ല. കേസുകളുടെ ഫയലുകള്‍ സൂഷിക്കുന്ന പ്രധാന മുറിസുരക്ഷിതമല്ലെന്നും പരാതിയുണ്ട്.
നിലവില്‍ അനുവദിക്കുന്ന കോടതികളില്‍ നിന്ന് വ്യത്യസ്തമായി ജൂനിയര്‍ സൂപ്രണ്ടിന്റെയും ഒരു ക്ലര്‍ക്കിന്റെയും ഒഴിവുണ്ട്. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലുള്ളവരെ ക്ലറിക്കല്‍ തസ്തികയിലേക്ക് ഡെപ്യൂട്ട് ചെയ്താണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നത്. വിവാഹമോചനം, കുട്ടികളുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കേസുകള്‍, ചെലവിന് കിട്ടാനുള്ള കേസുകള്‍, സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ച കേസുകള്‍ എന്നിവയാണ് ഇവിടെ പരിഗണിക്കുന്നത്.
പരിമിതികളിലെ നടുവിലാണെങ്കിലും മാതൃകാപരമായ പ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് അഭിഭാഷകര്‍ പറയുന്നു. വേര്പിരിയാനായെത്തി കൗണ്‍സിലിംഗിലൂടെ ഒന്നിച്ചു പോയവരുടെ ഒരു കുടുംബസംഗമം നടത്തിയിരുന്നു.
കൊല്ലം കുടുംബ കോടതി സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ജീവനക്കാരുടെ സംഘടനകളും അഭിഭാഷകസംഘടനകളും ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ബന്ധപ്പെട്ടവര്‍ കണ്ണ് തുറക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: