കൊച്ചി: സിനിമാതാരസംഘടന ‘അമ്മ’യുടെ പുതിയ ജനറല്‍ സെക്രട്ടറിയായി മമ്മൂട്ടി ചുമതലയേറ്റു. ജനറല്‍ സെക്രട്ടറിയായിരുന്ന മോഹന്‍ലാല്‍ വൈസ് പ്രസിഡന്റായും ചുമതലയേറ്റു. ഇന്നസെന്റ് പ്രസിഡന്റായി തുടരും. സിനിമയില്‍ അവസരം കുറവുള്ള അംഗങ്ങളെ സഹായിക്കാന്‍ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിക്കാനും കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
സിനിമയില്‍ അവസരം കുറവുള്ള അംഗങ്ങളെ സഹായിക്കാനാണ് ‘അമ്മ’ ടെലിവിഷന്‍ സീരിയല്‍ നിര്‍മ്മിക്കുന്നത്. ഏത് ചാനലിലാണ് സീരിയല്‍ വരുക എന്നതടക്കമുള്ള തീരുമാനം ഉടനുണ്ടാവുമെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി പറഞ്ഞു.
480 അംഗങ്ങളുള്ള സംഘടനയിലെ നല്ലൊരു വിഭാഗത്തിനും തീരുമാനം ഗുണകരമാകുമെന്ന വിശ്വാസത്തിലാണ് താരസംഘടന. സീരിയലിനൊപ്പം സ്റ്റേജ് ഷോകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ടെലിവിഷന്‍ ഷോകളില്‍ ചലച്ചിത്ര താരങ്ങള്‍ വിധികര്‍ത്താക്കളും അവതാരകരും ആകുന്നതിനെതിരെ അമ്മയുടെ വിലക്ക് നില നില്‍ക്കുകയാണ്. അംഗങ്ങളായ 105 പേര്‍ക്ക് 5000 രൂപ കൈനീട്ടമായി നല്‍കും.
അവശത അനുഭവിക്കുന്ന താരങ്ങളേയും സാങ്കേതികവിദഗ്ധരേയും സഹായിക്കാന്‍ മാക്ടയുമായി ചേര്‍ന്ന് സ്റ്റേജ് ഷോകള്‍ നടത്താനും ടെലിവിഷന്‍ ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യാനും അമ്മ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ സൂപ്പര്‍ താരങ്ങളുള്‍പ്പെടെ മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്തു.
ചുമതലേയേറ്റ മറ്റു ഭാരവാഹികള്‍
സെക്രട്ടറി ഇടവേള ബാബു. ട്രഷറര്‍ ദിലീപ്. എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളായി ആസിഫ് അലി, കുക്കു പരമേശ്വരന്, ദേവന്, കലാഭവന്‍ ഷാജോണ്‍, മണിയന്‍പിള്ള രാജു, മുകേഷ്, നെടുമുടി വേണു, നിവിന്‍ പോളി, പൃത്ഥ്വിരാജ്, രമ്യ നമ്പീശന്, സിദ്ദിഖ് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.
സുരേഷ് ഗോപി യോഗത്തിനെത്തില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. എതിരില്ലാതെയാണ് 17 അംഗ പാനല്‍ തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ ഭരണസമിതിയില്‍ നിന്നും കുഞ്ചാക്കോബോബന്, ഇന്ദ്രജിത്ത്, ജയസൂര്യ, കാവ്യാമാധവന്, ലാല്‍, ലാലു അലക്സ്, ലെന, സാദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ ഒഴിവായി.
മൂന്ന് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. ഇന്നസെന്റും, ഇടവേളബാബുവും ഇത് ആറാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: