കൊല്ലം: കനത്തമഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശം.എഴുപതോളം വീടുകള്‍ ഭാഗികമായും 10 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി മുല് ആരംഭിച്ച മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്ന്. പരവൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വിച്ഛേദിക്കപെട്ട വൈദ്യുതി ബന്ധം ഇനിയും പുന:സ്ഥാപിച്ചിട്ടില്ല. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണാണ്വീടുകള് കൂടുതലും തകര്‍ന്നിരിക്കുന്നത്. കൊല്ലം താലൂക്കില്‍ 54 വീടുകള്‍ ഭാഗികമായും അഞ്ചു വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. തൃക്കടവൂര്‍, ഇരവിപുരം, മയ്യനാട് എന്നി വില്ലേജിന്റെ പരിധിയിലാണ് വീടുകള്‍ തകര്‍ന്നിരിക്കുന്നത്.
കൊട്ടാരക്കര താലൂക്കില്‍ വെളിയത്താണ് നാശ നഷ്ടം ഏറ്റവും കൂടുതല്‍ സംഭവിച്ചിരിക്കുന്നത്.തേക്ക് ആഞ്ഞിലി, ചീലാന്തി തുടങ്ങിയ വന്മരങ്ങളാണ് കാറ്റില്‍ നിലം പതിച്ചത്.കുണ്ടറ ചെറുമൂട് ഇടവട്ടം പാറപ്പുറം ഭാഗത്തും വ്യാപക നാശമാണ് ഉണ്ടായത്. ഇവിടെ 300 മീറ്റര്‍ ചുറ്റളവില്‍ പതിനഞ്ചിലധികം മരങ്ങള്‍ കടപുഴകി.
മൂന്ന് മരങ്ങള്‍ മറിഞ്ഞു വീണ് ഇടവട്ടം പാറപ്പുറം ശാസ്താകാഷ്യൂഫാക്ടറിക്ക് മുന്നില്‍ ഉണ്ടായിരുന്ന വല്യേത്ത് വീട്ടില്‍ രാജേന്ദ്രന്‍പിള്ള(കൊച്ചുപൊടിയന്പിള്ള)യുടെ ചായക്കട പൂര്‍ണ്ണമായി തകര്‍ന്നു. ഇയാള്‍ കടപൂട്ടി പുറത്തേക്കിറങ്ങിയതിന് തൊട്ട് പിന്നാലെയാണ് മരം വീണത്. തലനാരിഴക്കാണ് രാജേന്ദ്രന്‍പിള്ള രക്ഷപ്പെട്ടത്.ഇടവട്ടം ചന്ദ്രവിലാസം ജയകുമാരിയുടെ ഓട് മേഞ്ഞ പുരയുടെ പുറത്ത് അയല്‍ പുരയിടത്തിലെ മുള്ളുവേങ്ങ വീണ് മേല്‍കൂര തകര്‍ന്നു. ഇവരും കുട്ടികളും മുന്‍വശത്തെ മുറിയിലായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രമ്യാനിവാസില്‍ സജീവന്റെ ഷീറ്റുമേഞ്ഞ ആള്‍പ്പാര്‍പ്പില്ലാത്ത വീടിന് പുറത്തെക്ക് സമീപത്തെ പുരയിടത്തിലെ തെങ്ങും പ്ലാവും കടപുഴകി വീണു.
തോട്ടത്തില്‍ കിഴക്കതില്‍ സുധയുടെ പ്ലാസ്റ്റിക്ക്മേഞ്ഞ കൂരയ്ക്ക് മുകളില്‍ മരച്ചില്ല ഒടിഞ്ഞു വീണ് തകര്‍ന്നു.പറപ്പുറം പുളിയ്ക്കല്മേലതില് ഗോമതിയുടെ വീടിന് മുകളിലും മരംവീണ് കേടുപാടുകള്‍ പറ്റി.പാറപ്പുറം കുന്നത്തുവീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ പറമ്പില്‍ നിന്ന് ആറ് മരങ്ങളും കടപുഴകി.
തൃക്കടവൂര്‍ കാവില്‍ വിളയില്‍ സലിംമിന്റെ വീട് മരം വീണ് തകര്‍ന്നു. വെളിയം മേഖലയിലുണ്ടായ കാറ്റില്‍ മാലയില്‍ ജലജകുമാരി,തുണ്ടുവിള വടമണ്‍ തറയില്‍ പ്രസന്നകുമാരി, ശരത്ത് ഭവനില്‍ രമണന്, നന്ദന ‘വനില്‍ വിജയകുമാര്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. നിരവധി വൈദ്യുതി പോസ്റ്റുകളും കാറ്റില്‍ തകര്‍ന്നു വീണിട്ടുണ്ട്.ജില്ലയിലെ നാശ നഷ്ടത്തിന്റെ പൂര്‍ണ്ണമായ കണക്ക് ഇതുവരെയും ലഭ്യമായിട്ടില്ല.
പത്തനാപുരം ; തലവൂരില്‍ തെങ്ങ് കടപുഴകി വീണ് രണ്ടാലുംമൂട് പരുവക്കുഴി ചരുവിളവീട്ടില്‍ സരസ്വതിയമ്മയുടെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു.വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. സമീപത്തായി നിന്ന അയല്‍വാസിയുടെ തെങ്ങാണ് വീടിനു മുകളില്‍ വീണത്.മൂന്നു മുറികള്‍ പൂര്‍ണമായും തകര്‍ന്നു .ഈ സമയം മകന് അനിലിന്റെ ഏഴും മൂന്നും വയസുളള കുട്ടികള്‍ കട്ടിലില്‍ ഉറങ്ങികിടക്കുകയായിരുന്നു.മേല്‍ക്കൂര തകര്‍ന്ന് മുറിക്കുള്ളില്‍ വീണങ്കിലും കുട്ടികള്‍ അത്ഭുതകരമായി രക്ഷപെട്ടു.കൂടാതെ ശക്തമായ മഴയെ ത്തുടര്‍ന്ന് കുന്നിക്കോട് പത്തനാപുരം പാതയില്‍ പിടവൂര്‍ വില്ലേജ് ഓഫീസിനു സമീപം നിന്ന മരം കടപുഴകി റോഡില്‍ വീണു .ഉടന്‍ തന്നെ നാട്ടുകര്‍ മരം മുറിച്ചുമാറ്റി.പാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തിനിന്ന രണ്ട് മരങ്ങള്‍ കൂടി തഹസീല്‍ ദാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അധിക്യതര്‍ മുറിച്ചുമാറ്റി.
കൊട്ടാരക്കര : വനിത സെല്‍ കോമ്പൗണ്ടില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന വന്‍ പാഴ്മരം പോലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കടപുഴകി വീണു. വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ വെളുപ്പിനെ രണ്ട് മണിയോടെയായിരുന്നു സംഭവം. ക്രൈംബ്രാഞ്ച് സി.ഐ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിന്റെ മുകളിലേക്കാണ് 60 അടിയോളം നീളമുള്ള പാഴ്മരമായ വാഗ കടപുഴകി വീണത്. ഈ സമയം ക്വാര്‍ട്ടേഴ്സില്‍ ആരും ഉണ്ടായിരുന്നില്ല. മരം വീണ് ക്വാര്‍ട്ടേഴ്സിലെ കാര്‍പോര്‍ച്ച് പൂര്‍ണ്ണമായും തകര്‍ന്നു. സമീപത്തെ ചുറ്റുമതിലിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇവിടെയാണ് വനിതാസെല്ലും പ്രവര്‍ത്തിക്കുന്നത്.
അപകടാവസ്ഥയില്‍ ആയിരുന്ന മരം മുറിച്ച് മാറ്റണമെന്ന് ആവശ്യപ്പെട്ട് വനിതാസെല്‍ സി.ഐ, അടക്കം പരാതി നല്‍കിയിരുന്നു. കൊട്ടാരക്കര ഫയര്സ്റ്റേഷന് ഇന്‍ചാര്‍ജ്ജ് വിജയകുമാര്‍ ലീഡിംഗ് ഫയര്മാന് എസ്.എ ജോസ് ഫയര്മാന്മാരായ അനില്‍കുമാര്‍, ശങ്കരനാരായണന്, ഫയര്മാന് ഡ്രൈവര്‍ വിനീഷ് കുമാര്‍, ഹോംഗാഡ് രാധാകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിലാണ് മരം വെട്ടിമാറ്റിയത്. പോലീസ് ക്വാര്‍ട്ടേഴ്സ് പരിസരത്ത് നിരവധി പാഴ്മരങ്ങള്‍ അപകടാവസ്ഥ സൃഷ്ടിച്ച് നിലകൊള്ളുന്നുണ്ട്.് കോട്ടാത്തലയില്‍ വീടിന് മുകളില്‍ മരം വീണു. ആളപായമില്ല. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. കോട്ടാത്തല കിഴക്ക് അനിത ഭവനില്‍ സത്യന്റെ വീട്ടുമുറ്റത്തെ നിന്ന തേക്ക് മരം കടപുഴകി സമീപത്തെ ദേവാമൃതത്തില്‍ ബിജുവിന്റെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. ഷീറ്റു മേഞ്ഞ വീടിന്റെ മേല്‍ക്കൂര നശിച്ചു. ഇവിടെ ബിജുവും ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നെങ്കിലും ഇവര്‍ക്ക് പരിക്കേറ്റില്ല.
ഇന്നലെ നിര്‍ത്താതെ പെയ്ത മഴയില്‍ കൊട്ടാരക്കരയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിലായി. ടൗണ്‍, നെടുവത്തൂര്‍, പുലമണ്‍ തുടങ്ങി നിരവധി വീടുകളിലും വെള്ളം കയറി. തൃക്കണ്ണമംഗല്‍ കോടതിക്ക് സമീപം മരങ്ങള്‍ അപകടഭീഷണിയിലാണ്. പരാതി നല്‍കിയെങ്കിലും നാളിതുവരെ മരം മുറിക്കുവാന്‍ തയ്യാറാകുന്നില്ലായെന്ന് നാട്ടുകാര്‍ പറയുന്നു. നൂറ് കണക്കിന് വാഹനങ്ങളും സ്കൂള്‍ ബസുകളും കടന്നുപോകുന്ന പാതയാണിത്.
പരവൂര്‍: മരങ്ങള്‍ വീണ് വീടുകള്‍ തകരുകയും ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുകയും ചെയ്തു.പൂതക്കുളത്തും പുത്തന്കുളത്തുമാണ് വ്യാപക നാശ നഷ്ടം ഉണ്ടായത്.പുത്തന്‍കുളത്ത് ചന്ദ്രിക വിലാസത്തില്‍ വത്സന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. സുജാത മന്ദിരത്തില്‍ സുധീന്ദ്രന്റെ വിടിന്റെ മതിലും കിഴക്കേവീട് ക്ഷേത്രത്തിന് സമീപം സദാനന്ദന്റെ പലചരക്ക് കടയും തകര്‍ന്നു. പാരിപ്പള്ളി- പരവൂര്‍ റോഡില്‍ മൂന്നിടത്ത് മരങ്ങള്‍ കടപുഴകി വീണതാണ് ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടാന്‍ കാരണമായത്.
കാറ്റിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ വൈദ്യുതി ലൈനുകളില്‍ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് ലൈനുകള്‍ പൊട്ടിക്കിടക്കുകയാണ്. ആയിരത്തോളം പോസ്റ്റുകള്‍ ഒടിഞ്ഞവീണുവെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. പരവൂര്‍ സെക്ഷനില്‍ മാത്രം 40 പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ആദിച്ചനല്ലൂര്‍ 35 കെ വി സബ്സ്റ്റേഷനില്‍ വൈദ്യുതി എത്തിക്കുന്ന ലൈനില്‍ പരസ്യബോര്‍ഡ് വീണതിനെ തുടര്‍ന്ന് വൈദ്യുതി വിതരണം നിര്‍ത്തിവച്ചു.
മയ്യനാട് വൈദ്യുതിസെക്ഷന്റെ പരിധിയില്‍ 15 പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും 40 ഇടങ്ങളില്‍ വൈദ്യുതി ലൈന്‍ പൊട്ടുകയും ചെയ്തു.
കൊല്ലം, കരുനാഗപ്പള്ളി, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍ മേഖലകളില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ അളവ് ഇനിയും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. മുഴുവന്‍ ഇലക്ട്രിസിറ്റി തൊഴിലാളികളും കരാര്‍തൊഴിലാളികളും വിശ്രമരഹിതമായി പണിയെടുക്കുകയാണ്. സമയബന്ധിതമായി വൈദ്യുതി പുനസ്ഥാപിക്കുന്നതിന് പൊതുപ്രവര്‍ത്തകരുടെയും സന്നദ്ധസംഘടനകളുടെയും നാട്ടുകാരുടെയും സഹായം ആവശ്യമാണന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: