കൊച്ചി: പൊതു ഇടങ്ങളില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിക്കാന്‍ വ്യക്തികളും സംഘടനകളും നഗരസഭാനുമതി നേടണമെന്ന് നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കോതമംഗലത്ത് സ്ക്കൂള് ബസ്സിന് മുകളില്‍ മരം വീണ് അഞ്ചുകുട്ടികള്‍ മരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
അപകടമുണ്ടാക്കിയേക്കാവുന്ന മരങ്ങളുടെ ശിഖിരങ്ങള്‍ കൗണ്‍സിലര്‍മാര്‍ എഴുതി കൊടുക്കുന്ന മുറയ്ക്ക് അതാത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് വെട്ടി മാറ്റാന്‍ മേയര്‍ നിര്‍ദ്ദേശം നല്കി. അപകടരമായ നിലയിലുള്ള വൃക്ഷങ്ങള്‍ സോഷ്യല്‍ ഫോറസ്റ്റി ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പൂര്‍ണ്ണമായും നീക്കം ചെയ്യാനും തീരുമാനമായി.
പട്ടിപിടിത്തം എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പശ്ചിമ കൊച്ചിയിലെ തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മേയര്‍ ടോണി ചമ്മണി പറഞ്ഞു. കിഴക്കന്‍, പടിഞ്ഞാറന്‍ മേഖലകളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എ.ബി.സി പദ്ധതി നടപ്പിലാക്കും. നഗരസഭയെ തെരുവ് നായ്ക്കളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒരു എബിസി യൂണിറ്റ് കൂടി പ്രവര്‍ത്തനമാരംഭിക്കാനും യോഗം തീരുമാനിച്ചു.
മാലിന്യം കൊണ്ടു പോകുന്ന ലോറി വാര്‍ഡ് തലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ട്രാന്‍സ്ഫര്‍ പോയിന്റുകളിലെത്തിയതിന് ശേഷം മാത്രമേ പുറപ്പെടാന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം മേയര്‍ നല്കി. മാലിന്യങ്ങള്‍ കെട്ടികിടക്കുന്നതിനെ കുറിച്ചും പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യതയും കൗണ്‍സിലര്‍മാര്‍ മേയറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ലോറി രണ്ട് ട്രിപ്പുകള്‍ നടത്താനും മേയര്‍ നിര്‍ദ്ദേശം നല്കി. ശുചീകരണ പ്രവര്‍ത്തനത്തില്‍ കുടുംബശ്രീ സംവിധാനത്തേയും ഉള്‍പ്പെടുത്താനും തീരുമാനമായി.
മെട്രോ റൂട്ടിലെ ചെളി നീക്കം ചെയ്യാന്‍ ഡിഎംആര്‍സി ഉദ്യോഗസ്ഥരെ അറിയിക്കാനും റിവ്യൂ മീറ്റിംഗില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താനും തീരുമാനമായി. പോസ്റ്റുകളിലൂടെ കേബിള്‍ വലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് കേബിളുകള്‍ നീക്കം ചെയ്യാനുള്ള നിര്‍ദ്ദേശം നല്‍കും. ആശ്രയ, പെന്ഷന് പദ്ധതികളിലെ പോരായ്മയെ കുറിച്ച് ക്ഷേമകാര്യ കമ്മിറ്റിയോഗങ്ങളില്‍ ചര്‍ച്ച നടത്താനും തീരുമാനമായി. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: