മുഹമ്മ: ഒരുകേസിലും പ്രതിയല്ലാത്ത യുവാവിനെ മണ്ണഞ്ചേരി പോലീസ് കള്ളക്കേസില്‍ കുടുക്കിയതായി പരാതി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പൊള്ളേത്തൈ അറയ്ക്കല്‍ വീട്ടില്‍ ഫ്രാന്‍സീസാ (36)ണ് ജില്ലാപോലീസ് ചീഫിന് പരാതി നല്‍കിയത്. കാട്ടൂര്‍ സ്വദേശിയായ പട്ടാളക്കാരനെ മൂന്നുപേര്‍ ചേര്‍ന്ന് മര്‍ദിച്ച കേസില്‍ മൂന്നാം പ്രതിയാക്കിയാണ് കേസെടുത്തതെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് ലഭിച്ചപ്പോഴാണ് തന്നെ കേസില്‍ ഉള്‍പെടുത്തിയതായി അറിയുന്നതെന്നും ഫ്രാന്‍സിസ് പറയുന്നു.
പുന്നപ്ര സ്വദേശികളായ രണ്ടുപേരുടെ ജാമ്യത്തില്‍ മണ്ണഞ്ചേരി സ്റ്റേഷനില്‍ നിന്നാണ് ഫ്രാന്‍സീസ് ജാമ്യം എടുത്തതെന്നാണ് പോലീസിന്റെ അവകാശ വാദം. ഒരുകേസുമില്ലാത്ത താന്‍ സ്റ്റേഷനില്‍ പോവുകയോ ഒപ്പിട്ട് നല്‍കുകയോ ചെയ്തിട്ടില്ല. ജാമ്യക്കാര്‍ എന്ന് പറയുന്നവരേയും തനിക്ക് പരിചയമില്ല. സമന്‍സ് കിട്ടിയപ്പോള്‍ മണ്ണഞ്ചേരി സ്റ്റേഷനില്‍ ചെന്ന് ഇക്കാര്യം പറയുകയും ഒപ്പിട്ട് കാണിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. കള്ളക്കേസില്‍ കുടുക്കിയതറിഞ്ഞ് ഫ്രാന്‍സീസ് വാദിയായ പട്ടാളക്കാരന്റെ വീട്ടില്‍ ചെന്ന് അന്വേഷിച്ചിരുന്നു. വീടിന് സമീപമുള്ള മൂന്നുപേരാണ് തന്നെ മര്‍ദിച്ചതെന്നും പട്ടാളക്കാരന് പറയുമ്പോള്‍ നിരപരാധിയായ താന്‍ എങ്ങനെ പ്രതിയായതെന്ന് ഫ്രാന്‍സീസ് ചോദിക്കുന്നു.
ടൈല്‍സ് പണി ചെയ്ത് കുടുംബം പോറ്റുന്ന തനിക്കെതിരെ ഒരു പെറ്റിക്കേസു പോലും ഇല്ലെന്നും അന്വേഷണം നടത്തി സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നുമാണ് ഫ്രാന്‍സീസ് പോലീസ് ചീഫിന് നല്കിയ പരാതിയിലുള്ളത്. തന്നില്‍ നിന്നും വായ്പയായി വാങ്ങിയ 15,000 രൂപ തരാതിരുന്ന ഒരാള്‍ക്കെതിരെ നേരത്തെ മണ്ണഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ഫ്രാന്‍സീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: