ആലപ്പുഴ: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ വികസനസമിതി യോഗത്തില്‍ കളക്ടര്‍ എന്‍. പത്മകുമാര്‍ ജില്ലാ ശുചിത്വമിഷന് നിര്‍ദ്ദേശം നല്കി. പുറക്കാട് മേഖലയില്‍ കടല്‍ക്ഷോഭം മൂലം തടസപ്പെട്ട വൈദ്യുതി വിതരണം അടിയന്തരമായി പുനസ്ഥാപിക്കാനും നിര്‍ദ്ദേശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് ടെന്‍ഡര്‍ നടപടികള്‍ ഉര്‍ജിതമാക്കും.
കുട്ടനാട് മേഖലയില്‍ മടവല ഉപയോഗിക്കുന്നതു മൂലം മത്സ്യക്കുഞ്ഞുങ്ങള്‍ നശിക്കുന്നതു തടയാന്‍ ഫിഷറീസ് വകുപ്പ് വ്യാപകറെയ്ഡ് നടത്തി അവ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്കി.
മുല്ലയ്ക്കല് റോഡില്‍ ചില കടക്കാര് നടത്തിയ റോഡ് കൈയേറ്റം ഒഴിപ്പിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടും മങ്കൊമ്പ് പാലത്തിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതു സംബന്ധിച്ച റിപ്പോര്‍ട്ടും കമ്മിറ്റി പരിഗണിച്ചു. തടി ബോട്ടിന്റെയും സ്റ്റീല്‍ ബോട്ടിന്റെയും ഇന്ധനച്ചെലവു സംബന്ധിച്ച് താരതമ്യപഠനം നടത്തി സര്‍ക്കാരിനു സമര്‍പ്പിക്കാനുള്ള റിപ്പോര്‍ട്ട് ജലഗതാഗത വകുപ്പ് അധികൃതര്‍ ഡിഡിസിക്കു സമര്‍പ്പിച്ചു.
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ ആലപ്പുഴ കുടിവെള്ളപദ്ധതിക്കു വേണ്ടി വാട്ടര്‍ അതോറിറ്റി ജലവിതരണപൈപ്പ് സ്ഥാപിച്ച കുഴികള്‍ മൂടുന്ന മുറയ്ക്ക് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിവരികയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. അതോറിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്ത ഭാഗങ്ങളില്‍ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കു സഞ്ചരിക്കാവുന്ന വിധം ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. മഴക്കാലം തീരുന്നതോടെ ടാറിങ് പൂര്‍ത്തിയാകും.
ദേശീയ പാതയിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായ വൃക്ഷത്തൈകള്‍ തൊഴിലുറപ്പു പദ്ധതിയില്‍ പെടുത്തി സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: