ആലപ്പുഴ: നാട് മുഴുവന്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍ കഴിയുമ്പോഴും ജനങ്ങള്‍ക്ക് ആശ്വാസമകേണ്ട ആതുരാലയം മാലിന്യകൂമ്പാരത്തിന്റെ നടുവില്‍. ആലപ്പുഴ മെഡിക്കല്‍ കോേളജ് ആശുപത്രിയുടെ പരിസരമാണ് മലിനമായിക്കിടക്കുന്നത്.
ജില്ലയില്‍ ഡെങ്കിപ്പനി, എച്ച്1 എന്‍1, എലിപ്പനി, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, മലേറിയ, വൈറല്‍പ്പനി എന്നുതുടങ്ങി എല്ലാ മാരകരോഗവും പടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഈ രോഗങ്ങള്‍ക്ക് ചികിത്സ തേടി പ്രതിദിനം നൂറ് കണക്കിന് പേരാണ് ആശുപത്രിയിലെത്തുന്നത്.
എന്നാല്‍ ഏതെങ്കിലും ഒരു രോഗവുമായി ഇവിടെ എത്തിയാല്‍ മറ്റേതെങ്കിലും രോഗവുമായി തിരിച്ചുപോകേണ്ട അവസ്ഥയിലാണ് ആശുപത്രി പരിസരം.
മോര്‍ച്ചറിക്ക് സമീപമുള്ള സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് മലിനജലം ഒഴുകാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. അതിരൂക്ഷമായ ദുര്‍ഗന്ധമാണ് ഇവിടെ. ഇതുകൂടാതെ മോര്‍ച്ചറി പരിസരത്ത് മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. നായ്ക്കളും കാക്കകളും ഈ മാലിന്യം കൊത്തിവലിച്ച് കൊണ്ടുപോകുന്നത് ആശുപത്രി പരിസരത്തെ നിത്യക്കാഴ്ചയാണ്. ഭക്ഷണാവശിഷ്ടം കുന്നുകൂടിക്കിടക്കുന്നതിനാല്‍ ആശുപത്രി പരിസരമാകെ നായ്ക്കളുടെ ശല്യമാണ്.
ആശുപത്രിയുടെ പരിസരത്ത് പലഭാഗങ്ങളിലായാണ് മാലിന്യം കുന്നുകൂടിക്കിടകുന്നത്. ശരിയായ രീതിയിലുള്ള ഒരു മാലിന്യ സംസ്കരണ സംവിധാനം ഇതുവരെ മെഡിക്ക ല്‍ കോളേജ് ആശുപത്രിയില്‍ യാഥാര്‍ഥ്യമായിട്ടില്ല. നാടുമുഴുവന്‍ ശുചീകരണ പ്രവര്‍ത്തനത്തിനായി ഇറങ്ങിത്തിരിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന ആതുരാലയമായ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിക്കുകയാണ്.
ഉന്നതതല യോഗം ജൂലൈ എട്ടിന്
ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോേളജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ഉന്നതതല യോഗം ചേരുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജൂലൈ എട്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരിക്കും യോഗം. മന്ത്രിമാരായ കെ.എം. മാണി, വി.എസ്. ശിവകുമാര്‍, ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: