മുണ്ടക്കയം: മൂന്ന് പതിറ്റാണ്ടുകളായി അധികാരികളുടെ അവഗണനയാല്‍ ചുവപ്പുനാടയില്‍ കുടുങ്ങികിടക്കുകയാണ് പുഞ്ചവയല്‍ ദത്താശ്രയ ആയൂര്‍വേദ ഔഷധ നിര്‍മ്മാണ-വ്യവസായ സഹകരണ സംഘം. 1984ല്‍ പുഞ്ചവയല്‍ 504 കോളനിയില്‍ 25 പട്ടികജാതി അംഗങ്ങള്‍ ചേര്‍ന്ന് രൂപം നല്‍കിയതാണ് സഹകരണസംഘം. 500 പട്ടികജാതിക്കാര്‍ക്ക് നേരിട്ടും 1000 ത്തോളം പേര്‍ക്ക് അല്ലാതെയും തൊഴില്‍ ലഭിക്കുന്ന പദ്ധതിയാണ് അധികാരികള്‍ നിഷ്പ്രയാസം തള്ളിക്കളഞ്ഞിരിക്കുന്നത്. ഇപ്പോള്‍ 75 അംഗങ്ങളാണ് സംഘത്തിലുള്ളത്. സര്‍ക്കാര്‍ നല്കിയ 15 ലക്ഷം രൂപ മുടക്കി പുഞ്ചാവയല്-504 കോളനി റോഡരികില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി. 2500 ചതുരശ്ര അടിയില്‍ ഫാക്ടറി സമുച്ചയം നിര്‍മ്മിച്ചു. മരുന്ന് നിര്‍മ്മാണത്തിനാവശ്യമായ യന്ത്രങ്ങളുള്‍പ്പെടെയുള്ള സാധനങ്ങളും വാങ്ങി. എന്നാല്‍ ആയൂര്‍വേദ ഔഷധങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതിനാവശ്യമായ ഡ്രഗ്സ് ലൈസന്‍സ് വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് ലഭിച്ചത്. തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് വന്‍ തുക വേണ്ടി വന്നിരുന്നു. ഇത് ലഭ്യമാകുന്നതിനായി അധികാരികളെ സമീപിച്ചെങ്കിലും ശ്രമം വിഫലമാവുയി. സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ കരമടച്ച രസീത് ആവശ്യപ്പെടുകയായിരുന്നു. ലക്ഷങ്ങള്‍ മുടക്കി സംഘം സ്ഥലം വാങ്ങിയതെങ്കിലും രേഖകളില്‍ ഇത് സര്‍ക്കാര്‍ വക തരിശ് ഭൂമിയായിരുന്നു. ആയതിനാല്‍ കരമടയ്ക്കാന്‍ സാധിച്ചില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയതിനൊടുവിലാണ് സംഘം സ്ഥലം റീ സര്‍വ്വേയിലെ അപാകതയാണെന്ന് കണ്ടെത്തിയത്. ഇത് പരിഹരിക്കുവാനായി കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവരെ സമീപിച്ചു. തുടര്‍ നടപടിയയെന്ന നിലയില്‍ പട്ടയത്തിനായി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്കി. എന്നാല്‍ 1970-71 ല്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് വഴി നല്കിയ രേഖകള്‍ ലഭ്യമല്ലെന്നാണ് മറുപടി ലഭിച്ചത്. പ്രതീക്ഷകള്‍ പാതിവഴിയില്‍ കുടുങ്ങിയ ഇവര്‍ ഇനി മുന്നോട്ടെന്തെന്നറിയാതെ കേഴുകയാണ്. എന്നാല്‍ പ്രശ്നം പരിഹരിക്കുവാന്‍ കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: