601. ഷഷ്ഠീദേവിഃ – ആറാമത്തെ തിഥിയുടെ അധിഷ്ഠാന ദേവതയായ ദേവി. മൂലപ്രകൃതിയുടെ ആറിലൊരംശം കൊണ്ടുണ്ടായവളും ബ്രഹ്മാവിന്റെ മാനസപുത്രിയുമായ ദേവി ദക്ഷപ്രജാപതിയുടെ മകളായും ജനിച്ചു.
602. ദേവസേനാഃ – ഷഷ്ഠിദേവിക്കു ദേവസേനാ എന്നാണ് പേര്. ദേവന്മാരുടെ സേനയ്‌ക്കു നായകനായ സുബ്രഹ്മണ്യന്റെ ഭാര്യയായതുകൊണ്ട് ദേവസേനാ എന്നുപേരുണ്ടായി എന്നും അഭിപ്രായമുണ്ട്. ഈ ദേവി കുട്ടികളുടെ സംരക്ഷകയാണ്. കുട്ടികള്‍ക്ക് ആയുസ്സും ആരോഗ്യവും ബുദ്ധിശക്തിയും നല്‍കുന്ന ദേവീമൂര്‍ത്തിയാണു ദേവസേന.
603. കുടുംബക്ഷേമകാരിണീഃ – കുടുംബത്തിനു ക്ഷേമം ഉണ്ടാക്കുന്നവള്‍. പുത്രരില്ലാത്തവര്‍ക്കു പുത്രരെയും ഭര്‍ത്താവില്ലാത്തവര്‍ക്ക് ഭര്‍ത്താവിനെയും ഭാര്യയില്ലാത്തവര്‍ക്ക് ഭാര്യയെയും ധനമില്ലാത്തവര്‍ക്ക് ധനത്തെയും കുടുംബാംഗങ്ങള്‍ തമ്മില്‍ സ്‌നേഹത്തേയും എല്ലാ കര്‍മ്മങ്ങള്‍ക്കും അര്‍ഹിക്കുന്ന കര്‍മ്മഫലത്തെയും കൊടുക്കുന്ന ദേവസേനയെ കുടുംബക്ഷേമത്തിനായി പൂജിക്കാറുണ്ട്.
604. പ്രകൃതേഃ ഗുണസംഭൂതാഃ – പ്രകൃതിയുടെ ഗുണങ്ങളില്‍ നിന്നുണ്ടായവള്‍. മൂലപ്രകൃതിയുടെ ആറിലൊരംശംകൊണ്ട് ഉണ്ടായവളെന്ന് 601-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ പറഞ്ഞു. പ്രകൃതിയുടെ ഗുണങ്ങളില്‍ മുഖ്യമായ എല്ലാത്തിന്റെയും സമഗ്രതമൂര്‍ത്തീഭവിച്ചതാണു ഷഷ്ഠി ദേവിയായ ദേവസേന.
605. ദേവിമംഗലദേവതാഃ – എല്ലാ മംഗളങ്ങള്‍ക്കും ആധാരമായ ദേവീചൈതന്യം. എല്ലാ മംഗളങ്ങളും ലോകത്തിനു നല്‍കുന്ന കാരുണ്യമൂര്‍ത്തിയായ ദേവി.
… തുടരും
















