കോതമംഗലം: കളിച്ചും ചിരിച്ചും ഉത്സാഹത്തോടെ സ്കൂളില്‍നിന്നും വീട്ടിലേയ്ക്ക് പോകുകയായിരുന്ന 12 കുട്ടികള്‍ യാത്ര ചെയ്തിരുന്ന ബസ്സിന് മുകളിലേയ്ക്കാണ് വഴിയോരത്ത് നിന്നിരുന്ന കൂറ്റന്‍ മരം കടപുഴകി വീണത്. കറുകടം വിദ്യാവികാസ് വിദ്യാലയത്തിലെ ഈപിഞ്ചോമനകള് നാടിനും വീട്ടുകാര്‍ക്കും ഹൃദയം നുറുങ്ങുന്ന മനോവേദന സമ്മാനിച്ച് കടന്നുപോയി.
കറുകടം സ്കൂളില്‍നിന്ന് വീട്ടിലേയ്ക്കുള്ള യാത്രാമദ്ധ്യേ നെല്ലിമറ്റത്തിന് സമീപം കോളനിപടിയിലാണ് അപകടം സംഭവിച്ചത്. റോഡിന്റെ ഇരുവശവും പടര്‍ന്ന് പന്തലിച്ച് നില്ക്കുന്ന മരങ്ങള്‍ മുറിച്ച്മാറ്റണമെന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ വേണ്ടപ്പെട്ടവര്‍ അതിന് നടപടികള്‍ എടുത്തില്ലെന്ന പരാതി വ്യാപകമാണ്. വളവും തിരിവുമുള്ള റോഡില്‍ കുത്തനെയുള്ള കയറ്റംകയറിവരുമ്പോള് വളവില്‍ നിന്നിരുന്ന മഴമരമാണ് കടപുഴകിയത്. അതിശക്തമായ കാറ്റില്‍ പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന മരങ്ങള്‍ ഭീതിജനിപ്പിക്കുന്ന വിധം ആടിയുലയുന്നത് നിത്യകാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങള്‍ വെട്ടിനീക്കാനും ശിഖരങ്ങള്‍ മുറിയ്ക്കാനും അധികൃതര്‍ മുന്നോട്ടുവന്നപ്പോള്‍ തടസ്സവുമായി പ്രകൃതി സ്നേഹികള്‍ രംഗത്തെത്തുകയായിരുന്നു. ഇത് മരംമുറിക്കുന്നതിന് തടസ്സമായി.
കത്തുന്ന വെയിലില്‍നിന്ന് ആശ്വാസമായി നില്ക്കുന്ന മരങ്ങള്‍ മുറിച്ച്മാറ്റരുതെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തിയത്. ഹൈറേഞ്ചിലേക്കുള്ള റോഡിന്റെ ഇരുവശവും കൂറ്റന്‍ തണല്‍ മരങ്ങള്‍ വച്ചുപടിപ്പിച്ചിട്ടുണ്ട്. ഇവ ഭീതിജനിപ്പിക്കുന്നവിധത്തില് ആകാശംമുട്ടെ പന്തലിച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈപ്രദേശത്ത് ശക്തമായ കാറ്റും മഴയുമാണ്.
മരങ്ങളുടെ ശിഖരങ്ങളെങ്കിലും മുറിച്ച് മാറ്റിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു. ഇനിയും നിരവധി മരങ്ങള്‍ അപകടക്കെണിയൊരുക്കി വഴിവക്കില്‍ നില്‍ക്കുന്നുണ്ട്. ഇതിനിയില്‍ അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മറ്റൊരുമരം കടപുഴകിയത് നാട്ടുകാരെ കോപാകുലരാക്കി. ഇതിനോട് ചേര്‍ന്നുനിന്നിരുന്ന മുഴുവന്‍ മരങ്ങളും നാട്ടുകാര്‍ മുറിച്ചുമാറ്റി.
മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്ന് സംസ്കാരം നടക്കും. മരിച്ച കൃഷ്ണേന്ദുവിന്റെ കണ്ണുകള്‍ ദാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: