ആലുവ: സ്ഥലം മാറ്റത്തെ തുടര്‍ന്ന് റിലീവ് ചെയ്യാനെത്തിയ ഡോക്ടറെ ചികിത്സതേടിയെത്തിയ കുട്ടിയുടെ പിതാവ് വാര്‍ഡില്‍ പൂട്ടിയിട്ടതിനെ തുടര്‍ന്ന് സംഘര്‍ഷം. പിന്നീട് പോലീസെത്തി ഡോക്ടറെ മോചിപ്പിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ ആലുവ ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം സര്‍ജറി വാര്‍ഡിലാണ് സംഭവം. നേത്രരോഗ വിഭാഗത്തിലെ ഏക ഡോ: വിജയലക്ഷ്മിയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി ബുധനാഴ്ച്ച ഉത്തരവിട്ടിരുന്നു. മട്ടാഞ്ചേരി ഗവ. ആശുപത്രിയിലെ ഡോക്ടറായ വിജയലക്ഷ്മി താത്കാലിക വര്‍ക്ക് അറേയ്ഞ്ചിന്റെ ഭാഗമായി നാല് വര്‍ഷമായി ആലുവ ജില്ലാ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. പെട്ടെന്നുണ്ടായ സ്ഥലം മാറ്റ ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച്ച ശസ്ത്രക്രീയ നടത്തിയ രോഗികളെ മാത്രം പരിശോധിച്ച ശേഷം റിലീവ് ചെയ്യാനാണ് ഡോക്ടര്‍ എത്തിയത്.
എന്നാല്‍ ഈ സമയം കുട്ടിയുമായി ചികിത്സക്കെത്തിയ എസ്.ഡി.പി.ഐ നേതാവ് ഫിറോസ് ഒ.പിയില്ലെന്നറിഞ്ഞതോടെ ഡോക്ടറെ വിടില്ലെന്ന് പറഞ്ഞ് വാര്‍ഡിന്റെ വാതില്‍ പൂട്ടുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഫിറോസിനെതിരെ കേസെടുത്തെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പിന്‍വലിച്ചു.
സ്ഥലംമാറ്റ ഉത്തരവ് അറിയാതെയാണ് പ്രതികരിച്ചതെന്ന് കാണിച്ച് രേഖാമൂലം ക്ഷമാപണം നടത്താന്‍ ഫിറോസ് തയ്യാറായതിനെ തുടര്‍ന്നാണ് കേസൊഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: