കൊച്ചി: നമ്മുടെ കൊച്ചി സ്മാര്‍ട്ടാകുമോ? ആകുമെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കി. ഇനി ചെയ്യേണ്ടത് കോര്‍പ്പറേഷനാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ നൂറ് സ്മാര്‍ട് സിറ്റികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്ന ആദ്യ കടമ്പയാണ് കൊച്ചി ഇപ്പോള്‍ കടന്നത്. ഫണ്ട് ലഭിക്കാന്‍ മാനദണ്ഡങ്ങളുണ്ട്. സേവന നിലവാരം, തദ്ദേശഭരണ സ്ഥാപനങ്ങളുടെ സ്ഥിതി, ജനറം പദ്ധതിയിലെ പുരോഗതി എന്നിവയൊക്കെ അടിസ്ഥാനമാക്കിയാണ് ഫണ്ട് അനുവദിക്കുക. ഇതിന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണം. നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ പദ്ധതി വൈകും. കോര്‍പ്പറേഷന്റെ മിടുക്ക് പോലെയാണ് ഇനി കാര്യങ്ങള്‍.
മോദിയുടെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളെ പിന്തള്ളി കൊച്ചി ഉള്‍പ്പട്ടതോടെ കോടിക്കണക്കിന് രൂപയുടെ വികസനമാണ് വരാന്‍പോകുന്നത്. ഒരു വര്‍ഷം 100 കോടിരൂപയുടെ സഹായമാണ് കൊച്ചിക്ക് ലഭിക്കുക. അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടിയുടെ സഹായം. കൊച്ചി ഉള്‍പ്പെടെ രാജ്യത്ത് 100 സ്മാര്‍ട് സിറ്റികളാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
പരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗം, 24 മണിക്കൂറും വെള്ളവും വൈദ്യുതിയും, ബസ് മാസ് റാപ്പിഡ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ബിആര്‍ടിഎസ്) സബര്‍ബന്‍ റെയ്ല്, മെട്രൊ റെയില്‍ തുടങ്ങിയ മേഖലയിലെ ഏകോപനം എന്നിവയാണ് ലക്ഷ്യമിടുന്നത്. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍, എല്‍എന്‍ജി ടെര്‍മിനല്‍, മെട്രൊ റെയ്ല്, സ്മാര്‍ട് സിറ്റി, ഡെമു സര്‍വീസ് എന്നീ പദ്ധതികള്‍ പൂര്‍ണ സജ്ജമാകുന്നതോടെ കൊച്ചി കൂടുതല്‍ സ്മാര്‍ട്ടാകും.
അടുത്ത അഞ്ചു വര്‍ഷത്തിനിടെ രാജ്യത്തെ പ്രമുഖ ഐടി നഗരമായി കൊച്ചി വികസിക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോമിന്റെ റിപ്പോര്‍ട്ടിലാണ് വിവര സാങ്കേതിക മേഖലയിലെ കൊച്ചിയുടെ കുതിച്ചുചാട്ടം ചൂണ്ടിക്കാണിക്കുന്നത്. ഊര്‍ജ്ജമേഖലയില്‍ കൊച്ചിയെ മികച്ചതാകുന്ന സോളാര്‍ സിറ്റി പദ്ധതി കൂടി കമ്മീഷന് ചെയ്യുന്നതോടെ നഗരം ഊര്‍ജമേഖലയില്‍ സ്വയം പര്യാപ്തമാകും. സോളാര്‍ മേഖലയില്‍ 696 കോടി രൂപ ചെലവഴിച്ചാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നത്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ്, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഡെവലപ്പ്മെന്റ് എന്നിവയുടെ മേല്‍നോട്ടത്തിലാണ് കേന്ദ്ര ഏജന്‍സിയായ ഐസിഎല്‍ഇഐ കരട് രൂപം തയ്യാറാക്കിയത്.
കൊച്ചിയെ അടിമുടി മാറ്റുന്ന ജിസിഡിഎയുടെ വിഷന്‍-2030 പദ്ധതിയില്‍ ഭാവി വികസനത്തിനാണ് പ്രാധാന്യം. മറൈന്‍ഡ്രൈവ് രണ്ടാം ഘട്ട വികസനം, ഡിവിഷന് സെന്ററുകള്‍, ലോജിസ്റ്റിക് സെന്റര്‍, ഔട്ടര്‍ റിങ് റോഡ്, സാറ്റ്ലൈറ്റ് ടൗണ്‍ഷിപ്പ്, മാസ്റ്റര്‍ കം കോമെഴ്സ്യല്‍ ക്ലസ്റ്റര്‍, എന്നീ പദ്ധതികളിലൂടെ ഗ്ലോബര്‍ സിറ്റിയാക്കാനാണ് ജിസിഡിഎയുടെ ശ്രമം. മേയര്‍ ടോണി ചമ്മിണിയും കോര്പ്പറേഷന് സെക്രട്ടറി വി.ആര്.രാജുവും ദല്‍ഹിയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
എന്നാല്‍ പദ്ധതിയുടെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍)നെ കണ്‍സള്‍ട്ടന്റാക്കാനുള്ള കോര്‍പ്പറേഷന്റെ തീരുമാനം തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്. കെഎംആര്‍എല്ലിനെ അംഗീകരിക്കാനാകില്ലെന്നും കോര്പ്പറേഷന് സ്വന്തം നിലയ്ക്ക് ചെയ്താല്‍ മതിയെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: