പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ മുട്ടക്കോഴി പദ്ധതിയിലെ ക്രമക്കേടുകളുമായി ബന്ധമില്ലെന്ന് ജില്ലാ കുടുംബശ്രീമിഷന് ഭാരവാഹികള്‍ പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് അറിയിപ്പൊന്നും ചിറക്കടവ് യൂണിറ്റ് ജില്ലാ ഓഫീസില്‍ നല്‍കിയിട്ടില്ല. ക്രമക്കേട് സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തില്‍ ലോണ്‍ തുക വര്‍ദ്ധിപ്പിക്കാന്‍ ഉണ്ടായ സാഹചര്യം വിശദീകരിച്ച് തിങ്കളാഴ്ച കത്തുനല്കിയതുമാത്രമാണ് ചിറക്കടവ് പഞ്ചായത്ത് യൂണിറ്റ് ചെയ്തത്.
പദ്ധതി സംബന്ധിച്ച് അവ്യക്തതയും സുതാര്യത ഇല്ലായ്മയും നിലനില്‍ക്കുന്നുണ്ട്. പരിശീലന പരിപാടികള്‍ക്ക് ഏജന്‍സികളുടെ പേര് ജില്ലാ മിഷന് നിര്‍ദ്ദേശിക്കുകയും അതനുസരിച്ച് പരിശീലകരെയും ഏര്‍പ്പെടുത്തുകയുമാണ് പതിവ്. മുട്ടക്കോഴികളെ വാങ്ങുന്നതിന് അംഗീകാരമുള്ള ഏജന്‍സികളുടെ ലിസ്റ്റ് മിഷന് നല്‍കാറില്ല. ജില്ലാ കുടുംബശ്രീ മിഷന് ചിറക്കടവ് പഞ്ചായത്തില്‍ കോഴിയെ വാങ്ങുന്നതിന് പ്ലാന്റേഷന് ഡെവലപ്മെന്റ് സൊസൈറ്റിയെ ഏര്‍പ്പാടാക്കിയെന്ന പ്രചരണം വാസ്തവ വിരുദ്ധമാണ്. ഇപ്പോള്‍ നടന്നിരിക്കുന്ന എല്ലാ ഇടപാടുകളുടെയും ഉത്തരവാദിത്വം ചിറക്കടവ് യൂണിറ്റിന് മാത്രമാണെന്നും ജില്ലാ ഭാരവാഹി ശോഭാലക്ഷ്മി അറിയിച്ചു.
പ്രതിഷേധവുമായി ബാങ്കിലെത്തിയ വീട്ടമ്മമാര്‍ നിരാശരായി. പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ചെങ്കിലും ഗ്രൂപ്പിന്റെ പേരില്‍ എടുത്ത ലോണ്‍ മറ്റുപേരില്‍ ആക്കാന്‍ സാധിക്കുകയില്ലെന്ന് ബാങ്ക് മാനേജര്‍ വ്യക്തമാക്കി. തങ്ങള്‍ ആവശ്യപ്പെട്ടതിലധികം തുക എന്തിനാണ് ഏജന്‍സിക്ക് കൈമാറിയത് എന്ന ചോദ്യത്തിന് ബാങ്ക് മാനേജര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇംഗ്ലീഷില്‍ തയ്യാറാക്കിയ നിരവധി പേപ്പറുകളില്‍ തങ്ങളെക്കൊണ്ട് ഒപ്പുവപ്പിച്ചിരുന്നതായും വീട്ടമ്മമാര്‍ പറഞ്ഞു. മലയാളം മാത്രം അറിയാവുന്ന മിക്കവീട്ടമ്മമാര്ക്കും ഏതൊക്കെ രേഖകളിലാണ് ഒപ്പിട്ട് നല്‍കിയതെന്ന് നിശ്ചയവുമില്ല. ഒരുലക്ഷത്തിഅയ്യായിരം രൂപ മാത്രമാണ് തങ്ങള്‍ ലോണായി ആവശ്യപ്പെട്ടത്. മലയാളത്തില്‍ വ്യക്തമായി എഴുതി തയ്യാറാക്കിയ മിനിട്സിന്റെ പകര്‍പ്പാണ് ബാങ്കില്‍ നല്‍കിയിരുന്നത്. എന്നാല്‍ ഒരുലക്ഷത്തിനാല്‍പത്തിയാറായിരത്തി അഞ്ഞൂറ് രൂപയാണ് ബാങ്ക് ഏജന്‍സിക്ക് കൈമാറിയിരിക്കുന്നത്.
ലക്ഷങ്ങളുടെ ബാദ്ധ്യതയാണ് സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് ഇതുമൂലം ഉണ്ടായത്. പദ്ധതി ഉപേക്ഷിച്ച വീട്ടമ്മമാരും മാസങ്ങള്‍ക്കുള്ളില്‍ റവന്യു റിക്കവറി നടപടി നേരിടേണ്ടവരും. സിഡിഎസ് ഭാരവാഹികള്‍ക്കും ഏജന്‍സിക്കും ബാങ്കിനുമെതിരെ വീട്ടമ്മമാര്‍ നിയമ നടപടിക്കുള്ള നീക്കത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: