വിദ്യാര്‍ത്ഥികള്‍ക്കിടയിലും മുതിര്‍ന്നവരിലും ഫാസ്റ്റ് ഫുഡിനോടുള്ള താത്പ്പര്യം ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം ഒരു പരിധിവരെ സ്റ്റാറ്റസിന്റെ ഭാഗമായിക്കാണുന്നവരുമുണ്ട്. ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്, ഫ്രഞ്ച് ഫ്രൈസ്, ചീസ് ഫ്രൈസ്, ഷവര്‍മ്മ എന്നിങ്ങനെയുളള ജങ്ക് ഫുഡുകളോടാണ് കുട്ടികള്‍ക്ക് ഏറെ പ്രിയം. മക്കള്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ ഒരു പക്ഷെ, ഇതൊക്കെ അവരുടെ ആരോഗ്യത്തിന് ഏത്രമാത്രം ഹാനികരമാണെന്ന് പലപ്പോഴും തിരിച്ചറിയാറില്ല.
ഫാസ്റ്റ് ഫുഡുകള്‍ ഇഷ്ടപ്പെടുന്നവരില്‍ ഭൂരിഭാഗം ആളുകളും ശരീര വളര്‍ച്ചയക്ക് അത്യാവശ്യമായ പച്ചക്കറികള്‍, പഴങ്ങള്‍, പാല്‍ എന്നിവ ഉപയോഗിക്കാനേ ഇഷ്ടപ്പെടാത്തവരാകും. തിരക്കു പിടിച്ച ജോലിക്കിടയില്‍ ഭക്ഷണം കഴിക്കാന്‍ അത്രയേറെ സമയം കൊടുക്കാനില്ലാത്തവരാണ് ഫാസറ്റ് ഫുഡ് ഭക്ഷണ രീതിയിലേക്ക് തിരിയുന്നത്. ഭക്ഷണം കഴിക്കുന്നതില്‍നിന്നു ലാഭിക്കുന്ന അഞ്ചോ പത്തോ മിനുട്ടിനു പകരം സ്വന്തം ആരോഗ്യത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.
ഫാസ്റ്റ് ഫുഡ് പ്രവര്‍ത്തിക്കുന്നതിങ്ങനെ
ശരീരത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തനങ്ങള്‍ക്കായുള്ള ഇന്ധനമാണ് ഭക്ഷണം. അതുകൊണ്ടു തന്നെ ഭക്ഷണത്തിലെ പോഷകാഹാരങ്ങളും മായങ്ങളും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നതാണ്. ഫാസ്റ്റ് ഫുഡ് എന്നാല്‍ ഓര്‍ഡര്‍ ചെയ്താല്‍ പെട്ടന്നു തന്നെ സര്‍വ് ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളാണ്. എന്നാല്‍ ഇവയില്‍ പഞ്ചസാര, ഉപ്പ്, സോഡിയം, കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പുകള്‍, തുടങ്ങിയവയുടെ അളവ് ആവശ്യത്തിലും കൂടുതലാണ്. ഇത് ശരീരത്തില്‍ ആവശ്യത്തില്‍ അധികം കലോറി നല്‍കുമെങ്കിലും പോഷകാംശം തീരെയുണ്ടാകില്ല. വീടുകളില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തേക്കാള്‍ ഇരട്ടി കലോറിയുള്ളതാണ് റസ്റ്റോറന്റുകളില്‍ നിന്നും ലഭിക്കുന്നത്. ഒരു നേരത്തെ ഫാസ്റ്റ് ഫുഡില്‍ നിന്നും 160നും 310 കലോറി ലഭിക്കുമെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ഒരു ദിവസം മുഴുവനും മനുഷ്യശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ടതിലും അധികമാണിത്. പോഷകാംശമില്ലാതെ ഇത്രയുമധികം കലോറി ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് അമിത വണ്ണത്തിന് കാരണമാകും.
ദഹനം ഒരു പ്രശ്‌നം
ഫാസറ്റ് ഫുഡുകളിലും കടകളില്‍ നിന്നും ലഭ്യമാകുന്ന ശീതളപാനീയങ്ങളിലും ധാരാളമായി കാര്‍ബൊഹൈഡ്രേറ്റ് കാണപ്പെടാറുണ്ട്. അമിതമായ അളവില്‍ ശരീരത്തില്‍ കാര്‍ബൊഹൈഡ്രേറ്റ് ഉത്പ്പാദിപ്പിക്കപ്പെടുന്നത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയരാനും കാരണമാകും. കൂടാതെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തിലും ഇത് തടസ്സമുണ്ടാക്കാം.
ഫാസ്റ്റ്- ജങ്ക് ഫുഡുകളില്‍ കാണപ്പെടുന്ന സോഡിയത്തിന്റെ അളവ് കൂടുതലാണെങ്കില്‍ കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാനും ഇടയാക്കും. ജങ്ക് ഫുഡിന് അഡിക്റ്റായിട്ടുള്ളവര്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗാസ്‌ട്രോസൊഫാഗിയല്‍ റിഫഌക്‌സ് ഡിസീസ് (ജിഇആര്‍ഡി), എണ്ണയുടെ അളവ് കൂടുതലുള്ള ഫ്രഞ്ച് ഫ്രൈസ് പോലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കൂടുതല്‍ ഉള്ളതിനാല്‍ ഇവ ശരീരത്തില്‍ ആസിഡിന്റെ ഉത്പ്പാദനം കൂട്ടാന്‍ സാധ്യതയുണ്ട്. മൂലക്കുരു ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നതാണ്.
എല്ലുകള്‍ക്ക് തേയ്മാനം
അളവില്‍ കൂടുതല്‍ ആസിഡുകളും മറ്റും ഫാസ്റ്റ് ഫുഡുകളില്‍ ഉപയോഗിക്കുന്നതിനാല്‍ പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടാനും മറ്റു ദന്തരോഗങ്ങളിലേക്കും ഇവയുടെ ഉപയോഗം വഴിവെക്കും. പല്ലിന് ഇനാമല്‍ നഷ്ടപ്പെട്ടാല്‍ അത് ചികിത്സിച്ച് ഭേദമാക്കാനാകില്ല. അതിനുശേഷം ഇത് എല്ലുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നതിനും ഇത് ഇടയാക്കും.
പ്രമേഹ രോഗം
ജങ്ക്, ഫാസ്റ്റ് ഫുഡുകളുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരമാകുന്ന ഡയറ്റിലേക്കാണ് വഴിവെക്കുന്നത്. ദിവസേന ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതുവഴി ശരീരത്തില്‍ ഇന്‍സുലിന്‍ അമിതമായി ഉത്പ്പാദിപ്പിക്കും. വിഷാദ രോഗത്തിനും കാരണമാകും. റിഫൈന്‍ഡ് ഷുഗര്‍ ക്രമാതീതമായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് മിക്ക ജങ്ക് ഫുഡുകളും തയ്യാറാക്കുന്നത്. ഇത് പാന്‍ക്രിയാസില്‍ ആവശ്യമുള്ളതില്‍ കൂടുതല്‍ ഇന്‍സുലിന്‍ ഉത്പ്പാദിപ്പിക്കപ്പെടാനിടയാക്കും ശരിരത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
തളര്‍ച്ചയും ക്ഷീണവും
ജങ്ക്, ഫാസ്റ്റ് ഫുഡ് എന്നിവ പെട്ടന്ന് വിശപ്പുമാറ്റുമെങ്കിലും ഇവയില്‍ പോഷകാംശങ്ങള്‍ ഒന്നും അടങ്ങിയിട്ടില്ല. അതുകൊണ്ട് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ള പോഷകാംശങ്ങള്‍ ലഭിക്കാതെ ആരോഗ്യക്കുറവും തളര്‍ച്ചയും അനുഭവപ്പെടും. ഇവയില്‍ കലോറിയുടെ അളവ് കൂടുതലായതിനാല്‍ അമിത വണ്ണത്തിനും ശരീരത്തിന്റെ ഊര്‍ജോല്‍പാദനം താഴാനും കാരണമാകും.
യുവാക്കളില്‍ മാനസിക പിരിമുറുക്കമുണ്ടാക്കും
ജങ്ക് ഫുഡുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ യുവാക്കളിലെ ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസമുണ്ടാക്കാനും വഴിയുണ്ട്. മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അവരുടെ ഇത് സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കും.
തലച്ചോറിനും തകരാറ്
ശരീരത്തില്‍ അമിതമായി ഉത്പ്പാദിപ്പിക്കപ്പെടുന്ന കൊഴുപ്പും കലോറികളും ശരീരത്തെ നിയന്ത്രിക്കാനുള്ള തലച്ചോറിന്റെ ശേഷിയേയും പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള കഴിവിനേയും ഇല്ലാതാക്കുന്നു.
ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു
ജങ്ക്, ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിട്ടുളള കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായിരിക്കും. ഇവ അമിതമായ അളവില്‍ രക്തത്തില്‍ കലരുന്നത് ഭാവിയില്‍ ഹൃദയാഘാതമുണ്ടാക്കുന്നതാണ്. ഇതില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് ഹൃദ്രോഗത്തിനും കാരണമായേക്കാം.
വൃക്കയ്‌ക്കും കരളിനും കേട്
മലായാളികള്‍ക്ക് ചിപ്‌സിനോട് ഒരിക്കലും നോ പറയാന്‍ സാധിക്കില്ല. ഇതില്‍ അമിതമായി അടങ്ങിയിട്ടുള്ള സോഡിയവും കൊഴുപ്പുകളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് ശരീരത്തെ നയിക്കുന്നതാണ്. ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും രക്തത്തില്‍ കലരുന്ന ടോക്‌സിനുകള്‍ കിഡ്‌നിയിലാണ് വേര്‍തിരിക്കപ്പെടുന്നത്. ഇത്തരം അവശിഷ്ടങ്ങള്‍ കെട്ടിക്കിടക്കുന്നത് കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാക്കും.
ലിവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. മദ്യപാനത്തില്‍ നിന്നുണ്ടാകുന്നതിനു സമാനമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഫാസ്റ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ വന്നുപെടുക. ലിവറില്‍ ഉത്പ്പാദിപ്പിക്കുന്ന എന്‍സൈമുകളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. ചില സന്ദര്‍ഭങ്ങളില്‍ ലിവറിനെ പ്രവര്‍ത്തന രഹിതമാക്കാനും ഇവയില്‍ അടങ്ങിയിട്ടുളള അമിത ആസിഡുകള്‍ക്ക് സാധിക്കും.
കാന്‍സറിനുള്ള സാധ്യത
കൊഴുപ്പും എണ്ണയും കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ദഹനേന്ദ്രിയങ്ങളില്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
കുട്ടികളെ ആഹാരം കഴിപ്പിക്കാനുള്ള മരുന്നുകളാണ് ഇന്ന് രക്ഷിതാക്കള്‍ ഡോക്ടര്‍മരോടു ചോദിക്കുന്നത്. അവര്‍ക്ക് വിഷം തീണ്ടിയ ഭക്ഷണം വാങ്ങിക്കൊടുക്കാതിരുന്നാല്‍ ഔഷധംതേടി പോകേണ്ട സ്ഥിതി ഉണ്ടാവില്ല.
പക്ഷേ, ആധുനിക ജീവിത സാഹചര്യത്തില്‍ അതൊക്കെ സാധ്യമാണോ എന്നായിരിക്കും മറു ചോദ്യം. പക്ഷേ, മാറിച്ചിന്തിക്കാതെ മാര്‍ഗ്ഗമില്ലെന്നതാണ് ഇന്നത്തെ കാലത്തിന്റെ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: