നെന്മാറ: പോത്തുണ്ടിയില്‍ കിണറ്റില്‍വീണ പിടിയാനകുട്ടി ചെരിഞ്ഞു. മാട്ടായി പൂങ്ങോടില്‍ ഞായറാഴ്ച രാത്രിയിലാണ് സംഭവം. വാസു എന്നയാളുടെ 20അടിയിലധികം താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റിലാണ് ആനക്കുട്ടിവീണത്. ഇന്നലെ രാവിലെ വാസുവിന്റെ ഭാര്യവെള്ളമെടുക്കാനായി എത്തിയപ്പോഴാണ് ആനക്കുട്ടി അകപ്പെട്ട വിവരം അറിയുന്നത്.
ഞായറാഴ്ച രാത്രി എട്ടുമണിമുതല്‍ അഞ്ച് ആനകള്‍ ഈ പ്രദേശത്ത് കറങ്ങുന്നുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും പുറത്തിറങ്ങാനാകാതെ ഭയവിഹ്വലരായി കഴിയുകയായിരുന്നു.
പ്ലാവ്, തെങ്ങ്, വാഴ, കമുക് തുടങ്ങിയ കൃഷികളെല്ലാം ആനക്കൂട്ടം വ്യാപകമായ തോതില്‍ നശിപ്പിച്ചിട്ടുണ്ട്. കിണറിന്റെ ഒരുഭാഗം പൊളിച്ച് കിടങ്ങുപോലെ ആക്കിയതിനുശേഷമാണ് ജെസിബി ഹിറ്റാച്ചി ഉപയോഗിച്ച് ജഡത്തില്‍ വടംകെട്ടി വലിച്ചു പുറത്തെടുക്കാനായത്. കനത്തമഴ ഉണ്ടായിരുന്നതിനാല്‍ രക്ഷപ്രവര്‍ത്തനം മന്ദഗതിയിലായി.
രാവിലെ ഒമ്പതോടെ തുടങ്ങിയ രക്ഷാപ്രവര്‍ത്തനം ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പൂര്‍ത്തിയാക്കിയത്. പുറത്തെടുത്ത ജഡം വെറ്ററിനറി സര്ജന് ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഫോറസ്റ്റ് ഓഫീസര്‍ എന്‍. രാജേഷ്, റെയ്ഞ്ച് ഓഫീസര്‍ രഞ്ജിത് എന്നിവരുടെ നേതൃത്വത്തില്‍ ആലത്തൂരില്‍നിന്നെത്തിയ ഫയര്‍ഫോഴ്സ് സേനാംഗങ്ങ , പോലീസ് എന്നിവരുടെ പരിശ്രമത്തിലാണ് ജഡം കിണറ്റില്‍നിന്ന് പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: