കൊച്ചി: മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ വീണ്ടും അറ്റോര്‍ണി ജനറലിന്റെയും സോളിസിറ്റര്‍ ജനറലിന്റെയും നിയമോപദേശം തേടി. ഇത് രണ്ടാം തവണയാണ് നിയമോപദേശം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്തെഴുതുന്നത്.
ഒരാഴ്ച മുമ്പ് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറില്‍ നിന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടര്‍ നിയമോപദേശം തേടിയിരുന്നു. മറുപടിയില്ലാത്തതിനാലാണ് വീണ്ടും കത്തെഴുതിയത്. ആവശ്യമെങ്കില്‍ രേഖകളുമായി നേരില്‍ വരാമെന്നും കത്തില്‍ പറയുന്നു. അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകള്‍ പ്രകാരം മന്ത്രി മാണിക്കെതിരെയുള്ള ആരോപണം നിലനില്‍ക്കുമോയെന്ന വിഷയത്തിലാണ് നിയമോപദേശം തേടിയിട്ടുള്ളത്.
മാണിക്കെതിരെ കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു വിജിലന്‍സ് നിയമോപദേഷ്ടാവ് വ്യക്തമാക്കിയിരുന്നത്. ഈ നിയമോപദേശം അടങ്ങുന്ന ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. വിന്‍സന്‍ എം. പോളിന്റെ പരിശോധനയിലാണ്. ഇതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഉപദേശം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: