ആലപ്പുഴ: നഗരത്തില്‍ സ്റ്റേഡിയം വാര്‍ഡ് അത്തിപ്പറമ്പി ല്‍ പ്രവര്‍ത്തിക്കുന്ന തുകല്‍ ഫാക്ടറിക്കെതിരേ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രദേശവാസികള്‍ രംഗത്തെത്തി. ഇവിടെ നിന്നുള്ള ദുര്‍ഗന്ധം കാരണം പ്രദേശവാസികള്‍ ദുരിതജീവിതം തള്ളിനീക്കുകയാണ്. പ്രദേശത്തെ കുടിവെള്ളം പോലും മലിനമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും ഛര്‍ദി, അതിസാരം, ത്വക്ക് രോഗങ്ങള്‍ കണ്ടുവരുന്നു.
ദുര്‍ഗന്ധം കാരണം സമീപത്തെ വീടുകളില്‍ വര്‍ഷങ്ങളായി ജനല്‍ പാളികള്‍ പോലും തുറക്കാനാവാത്ത സ്ഥിതിയിലാണ്. സുഗന്ധദ്രവ്യങ്ങള്‍ കത്തിച്ചുവച്ചാണ് ഭക്ഷണം പോലും കഴിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തുകല്‍ അഴുകി പുറത്തേക്കൊഴുകുന്ന മലിനജലം സമീപത്തെ ഷഡാമണി തോട്ടിലേക്കാണ് പതിക്കുന്നത്. ഇതുവഴി കോമേഴ്സ്യല്‍ കനാലിലേക്കും മാലിന്യം എത്തിച്ചേരുന്നു. പ്രദേശത്തെ കിണറുകളിലും മലിനജലം നിറയുകയാണ്.
ദുര്‍ഗന്ധം കാരണം പ്രദേശത്തെ വീടുകളിലെത്തുന്ന ബന്ധുക്കള്‍ പോലും വെള്ളം കുടിക്കാന്‍ പോലും മടിക്കുന്നുവത്രെ. പ്രദേശത്തെ ഇടവഴിയിലൂടെ ഫാക്ടറിയിലേക്ക് പോവുന്ന വാഹനങ്ങള്‍ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഹനിക്കുകയാണ്. ഈ സമയങ്ങളില്‍ കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കും വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ പോലും കഴിയാറില്ല. ഇതിനെതിരേ ആര്‍ടിഒയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്സിന് സമീപം മെയിന്‍ റോഡില്‍ വലിയ വാഹനത്തില്‍ കൊണ്ടുവരുന്ന തുകല്‍ ചെറിയ വാഹനങ്ങളിലേക്ക് മാറ്റിയാണ് സംഭരണ ശാലയിലേക്ക് കൊണ്ടുപോവുന്നത്.
തുകല്‍ കൊണ്ടുപോകുന്നതിനിടെ വാഹനങ്ങളില്‍നിന്ന് ചോരയും മാംസക്കഷ്ണങ്ങളും വഴിയില്‍ വീണും ദുര്ഗന്ധമുണ്ടാവുന്നു. പ്രദേശത്ത് ഈച്ച, കൊതുക് ശല്യവും രൂക്ഷമാണ്. ശ്വാസം മുട്ടല്‍ അടക്കമുള്ള രോഗങ്ങളും നാട്ടുകാര്‍ അനുഭവിക്കുന്നു. കയറ്റിറക്ക് നടക്കുന്ന സമയങ്ങളില്‍ ദുര്‍ഗന്ധം മൂലം പരിസര പ്രദേശത്തെ കടകള്‍ പോലും അടച്ചിടേണ്ടിവരുന്നു.
മഴക്കാലമായതോടെ പ്രദേശവാസികളുടെ ആരോഗ്യപ്രശ്നങ്ങളും ഗുരുതരമായി. ജനവാസമില്ലാത്ത പ്രദേശത്തേക്ക് സ്ഥാപനം മാറ്റി സ്ഥാപിക്കണമെന്ന് ആക്്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. നഗരസഭാ ഭരണകര്‍ത്താക്കളും വാര്‍ഡ് കൗണ്‍സിലര്‍ അടക്കമുള്ള ജനപ്രതിനിധികളും ഈ വിഷയത്തില്‍ മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ട്. അതിനിടെ തുകല്ഫാക്ടറിക്ക് പിന്തുണയുമായി എഐടിയുസി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: