അമ്പലപ്പുഴ: വണ്ടാനത്തും പുറക്കാടും കടല്‍ക്ഷോഭം രൂക്ഷം. വണ്ടാനത്ത് ഒരു വീട് പൊളിച്ചുമാറ്റി. പുറക്കാട് പുലിമുട്ട് തകര്‍ന്നു. വണ്ടാനത്ത് മാധവന്മുക്കിന് സമീപം പുതുവല്‍ വീട്ടില്‍ അനിരുദ്ധന്റെ വീടാണ് പൊളിച്ചു മാറ്റിയത്. ഇതിന് സമീപത്ത് പുതുവല്‍ വീട്ടില്‍ ശാന്തകുമാരന്‍, പൊന്നപ്പന്, പ്രഭ തുടങ്ങിയവരുടെ വീടുകള്‍ ഏതു നിമിഷവും തകര്‍ച്ചാ ഭീഷണിയിലാണ്.
പുറക്കാട് എസ്വിഡി യുപി സ്കൂളിന് പടിഞ്ഞാറു ഭാഗത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച പുലിമുട്ട് തകര്‍ന്നു. പ്രദേശത്ത് പതിനാറോളം മുട്ടുകള്‍ തകര്‍ച്ചാ ഭീഷണിയിലായിക്കഴിഞ്ഞു. പുറക്കാട് പഞ്ചായത്തിലെ ഒന്ന്, 17, 18 വാര്‍ഡുകളിലായി അഞ്ഞൂറോളം വീടുകള്‍ക്ക് മുകളില്‍ തകര്‍ച്ചാ ഭീഷണി നേരിട്ടുകഴിഞ്ഞു. വീടു നശിച്ച എഴുപതോളം കുടുംബങ്ങള്‍ മൂന്ന് ക്യാമ്പുകളിലായി ദുരിതം അനുഭവിച്ചു കഴിയുമ്പോഴാണ് വീണ്ടും കടല്‍ക്ഷോഭം രൂക്ഷമാകുന്നത്.
വണ്ടാനത്തും നിരവധി കുടുംബങ്ങളാണ് കിടപ്പാടമില്ലാതെ ക്യാമ്പുകളില്‍ ദുരിതമനുഭവിക്കുന്നത്. ഇവരെ പുനഃരധിവസിപ്പിക്കാന്‍ നടപടി സ്വീകരിക്കാതെ ഭരണ-പ്രതിപക്ഷങ്ങള്‍ രാഷ്ട്രീയ നാടകം നടത്തുന്നത് പുനഃരധിവാസത്തിന് തടസമാണ്. നിലവില്‍ കടല്‍ക്ഷോഭം തടയുവാന്‍ കരിങ്കല്ലുകള്‍ ഇറക്കിയ സ്ഥലത്ത് ശക്തമായി തിരകള്‍ അടിക്കുന്നതിനാല്‍ കല്ലുകള്‍ ഇടിയുവാനും കടലില്‍ ഒഴികി പോകുവാനും കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: