കുമരകം: രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ടാറിങ് നടത്താതെ തകര്‍ന്നുകിടന്ന കണ്ണാടിച്ചാല്‍- കാക്കരേയം റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. നാരകത്തറ, കൊല്ലകേരി പ്രദേശത്തെ ബിജെപി അഞ്ച്, ഏഴ് വാര്ഡുകമ്മറ്രിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ജനങ്ങള്‍ റോഡ് നന്നാക്കാനായി മുന്നിട്ടിറങ്ങിയത്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓടകള്‍ തീര്‍ത്തും ചാലുകള്‍ ഉണ്ടാക്കിയും ഗര്‍ത്തങ്ങളില്‍ നിറഞ്ഞ ചെളിവെള്ളം തോടുകളിലേക്ക് ഒഴുക്കിക്കളഞ്ഞു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ സമാഹരിച്ച മെറ്റല്‍ ഈ ഗര്‍ത്തങ്ങളില്‍ നിരത്തി റോഡ് നിരപ്പാക്കി. ഇതുമൂലം പന്തിരുപറ, കാക്കരേയം, നാരകത്തറ, കാവില്‍ പ്രദേശങ്ങളില്‍ നാട്ടുകാര്‍ക്ക് ചെളിയിലും കുഴിയിലും വീഴാതെ കോട്ടയം- ചേര്‍ത്തല പ്രധാന റോഡില്‍ എത്താന്‍ സഹായകമായി. ഒരാഴ്ചക്കുള്ളില്‍ ടാറിങ് ജോലികള്‍ തുടങ്ങുമെന്നുള്ള കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാസാബുവിന്റെ ഉറപ്പിനെതുടര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് ഉപരോധ സമരത്തില്‍ നിന്നും നാട്ടുകാര്‍ പിന്മാറി റോഡിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ തീരുമാനിച്ചത്. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍, ജനറല്‍ സെക്രട്ടറി സതീഷ് കരിവേലില്‍, അഭിലാഷ് ശ്രീനിവാസന്, കണ്ണാടിച്ചാല്‍- കാക്കരേയം റോഡ് വികസന സമിതി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബിന്ദു തുണ്ടീപ്പറമ്പ്, വിനോദ് കോക്കോത്ത്, ബിനോയ് തേവേലിത്തറ, പ്രസാദ്, കൃഷ്ണന്‍കുട്ടി, സുരേഷ്ലാല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: