പാലക്കാട്: മുതലമട ഫൈവ്സ്റ്റാര്‍ മെറ്റല്‍സ് പെര്‍മിറ്റില്ലാതെ പാറഖനനം നടത്തുന്നുണ്ടോയെന്ന് ബന്ധപ്പെട്ട അധികാരികള്‍ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഫൈവ്സ്റ്റാര്‍ ക്രഷര്‍ യൂണിറ്റിന് ലൈസന്‍സ് പുതുക്കി നല്കുമ്പോള് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചതു പോലെ ശാസ്ത്രീയമായ പഠനം നടത്തി പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് (ജൂഡീഷ്യല്‍) അംഗം ആര്. നടരാജന് ഉത്തരവിട്ടു.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്കിയ നിര്‍ദ്ദേശങ്ങള്‍ ക്രഷര്‍ യൂണിറ്റ് ഉടമ പാലിക്കുന്നുണ്ടോ എന്ന് ബോര്‍ഡിന്റെ എന്വയണ്മെന്റല് എഞ്ചിനീയര്‍ പരിശോധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രഷര്‍ ഉടമക്കെതിരെ നടപടിയെടുക്കണം. കമ്മീഷന് അധികൃതരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ജില്ലാകളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ ക്വാറികള്‍ പരിശോധിച്ചതായി മുതലമട പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് അനധികൃത ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശിച്ചു. എന്നാല്‍ ക്വാറി ഉടമ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണലിനെ സമീപിച്ച് ക്രഷര്‍ യൂണിറ്റ് തുറക്കാന്‍ അനുമതി വാങ്ങി. ഇതിനെ തുടര്‍ന്ന് പരിസ്ഥിതി പഠനം നടത്തുന്നതിന് സെസിനെ ഏല്പ്പിച്ചെങ്കെിലും ജീവനക്കാരുടെ കുറവ് കാരണം അവര്‍ പഠനം നടത്തിയില്ലെന്നും മുതലമട പഞ്ചായത്ത് കമ്മീഷനെ അറിയിച്ചു. ഇതിനു ശേഷം പഞ്ചായത്ത് ഡപ്യൂട്ടി ഡയക്ടറെ സമീപിച്ചപ്പോള്‍ ക്രഷര്‍ യൂണിറ്റിന് പരിസ്ഥിതി പഠനത്തിന്റെ ആവശ്യമില്ലെന്നും അതിനാല്‍ ലൈസന്‍സ് അനുവദിക്കാമെന്നും നിര്‍ദ്ദേശിച്ചു.
മുതലമട വില്ലേജിലെ 1.935 ഹെക്ടര്‍ സ്ഥലത്ത് പാറഖനനം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നതായി മലിനീകരണ നിയന്ത്രണബോര്‍ഡ് കമ്മീഷനെ അറിയിച്ചു. പരിശോധനയില്‍ ചില ന്യൂനതകള്‍ കണ്ടതായും അതിന്റെ അടിസ്ഥാനത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. ബോര്‍ഡ് യഥാസമയം പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: