അമ്മിണി മുത്തശ്ശിക്ക് വയസ്സ് 97. വയനാട്ടിലെ വൈത്തിരി താലൂക്കില്‍ ചൂരല്‍മല മാട്രക്കുന്നിലാണ് മുത്തശ്ശിയുടെ താമസം. കൂട്ടിന് മകള്‍ തങ്കമ്മയുമുണ്ട്. പരമ്പരാഗതമായ കുട്ട നെയ്ത്താണ് മുത്തശ്ശിയുടെ തൊഴില്‍. രണ്ട് ദിവസം കൂടുമ്പോള്‍ ഇപ്പോഴും മുറം നെയ്യും. 150-200 രൂപയ്ക്ക് വില്‍ക്കും. മുമ്പ് തലയില്‍ കുട്ടയും മുറവുമേറ്റി മുത്തശ്ശി കിലോമീറ്ററുകള്‍ താണ്ടിയിരുന്നു. കൂട്ടിന് നാടന്‍ പാട്ടും.
തേയില തോട്ടം മേഖലയായ ചൂരല്‍മലയിലെ യുവാക്കള്‍ക്ക് മുത്തശ്ശിയുടെ പാട്ടുകള്‍ ഹൃദ്യം. ചൂരല്‍മല ഷാജിമോനും മടത്തില്‍ വിജയനും മുത്തശ്ശിയെകുറിച്ച് പറയാന്‍ നൂറ് നാവ്. സാധാരണ മുറത്തിന്റെ ഈട്, കൂടിയാല്‍ ഒരുകൊല്ലം നില്ക്കും. മുത്തശ്ശിയുടെ മുറത്തിനാവട്ടെ ചാണകം മെഴുകി സൂക്ഷിച്ചാല്‍ പത്ത് കൊല്ലം ഉറപ്പ്. പരമ്പ്, മുറം, ഉറി, കൊട്ട, വട്ടി, വിശറി, കാപ്പികുട്ട എന്നിങ്ങനെ മുത്തശ്ശി ഉണ്ടാക്കാത്ത ഉല്‍പ്പന്നങ്ങള്‍ ഇല്ല. അക്കാലത്ത് മുള സുലഭമായി ലഭിക്കുമായിരുന്നു. സുഹൃത്തുക്കളായുള്ള ചില പണിയ കുടുംബാംഗങ്ങളാണ് ഇവര്‍ക്ക് ഓട എത്തിച്ചുനല്‍കിയിരുന്നത്. വനം വകുപ്പിന്റെ നിയന്ത്രണങ്ങളാല്‍ ഇന്ന് ഓട കിട്ടാനില്ലെന്നാണ് അമ്മിണിയുടെ മകള്‍ തങ്കമ്മയുടെ പരാതി.
47 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ചതോടെ മകളെ പോറ്റുന്നതിനായി മുത്തശ്ശി മലയിറങ്ങുകയായിരുന്നു. മലപ്പുറം ജില്ലയിലെ അനമങ്ങാടാണ് ഇവരുടെ നാട്. മുമ്പ് വല്ലപ്പോഴൊക്കെ അവിടെ പോകുമായിരുന്നു. ഇന്ന് തീരെവയ്യ. കാഴ്ച്ച കുറവ്, കേള്‍വി കുറവ്, സംസാരിക്കാനും ബുദ്ധിമുട്ട്. മകള്‍ ജോലിക്ക് പോകുന്ന സമയംനോക്കി കുന്നിറങ്ങി കടയില്‍നിന്ന് മുറുക്കാന്‍ വാങ്ങാന്‍ മുത്തശ്ശിക്ക് ഇന്നും ബുദ്ധിമുട്ടില്ല. പുറത്തിറങ്ങരുതെന്ന് മകള്‍ പറഞ്ഞാലും അനുസരിക്കാറുമില്ല.
47 വര്‍ഷത്തെ മകളോടൊത്തുള്ള ജീവിതം ഇവരെ ശരിക്കും മുത്തശ്ശിയാക്കിയിരിക്കുന്നു. പന്തിരുകുലത്തിലെ പറയരുടെ പിന്മുറക്കാരെന്ന് അവകാശം തന്നെ മതി മുത്തശ്ശിക്ക് ഒരു നൂറ്റാണ്ട് തികയ്ക്കാന്‍. മുത്തശ്ശിയുടെ മുറത്തിന് 97 ലും ആവശ്യക്കാരുടെ നീണ്ടനിര തന്നെ..
പ്രതികരിക്കാൻ ഇവിടെ എഴുതുക: